ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി; ഇത് ബ്രോഡിന്റെ പ്രതികാരം

-
-

മാഞ്ചെസ്റ്റർ: ഒന്നാം ടെസ്റ്റിൽ നിന്ന് തന്നെ മാറ്റിനിർത്തിയതിനുള്ള സ്റ്റുവർട്ട് ബ്രോഡിന്റെ പകരം ചോദിക്കലായിരുന്നു പരമ്പരയിൽ പിന്നീട് ലഭിച്ച അവസരങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും രണ്ടും മൂന്നും ടെസ്റ്റുകൾ ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയപ്പോൾ അതിൽ നിർണായകമായ സാന്നിധ്യമായത് ബ്രോഡായിരുന്നു.

ഇംഗ്ലണ്ട് 113 റൺസിന് ജയിച്ച രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റുകളുമായി തിളങ്ങിയ ബ്രോഡ് മൂന്നാമത്തെയും അവസാനെത്തെയും ടെസ്റ്റിൽ ബാറ്റു കൊണ്ടും ബോളുകൊണ്ടും തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് സ്വന്തമാക്കിയത് 269 റൺസ് ജയവും പരമ്പരയുമാണ്. ഇതോടൊപ്പം ടെസ്റ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ലും ബ്രോഡ് പിന്നിട്ടു.

ബ്രോഡിനെ അഭിനന്ദിച്ച് നിരവധി താരങ്ങൾ രംഗത്തെത്തി. ബുദ്ധിമുട്ടേറിയ എതിരാളിയാണ് ബ്രോഡ് എന്നു പറഞ്ഞ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ പ്രത്യേകിച്ചും ബ്രോഡിന്റെ കഴിവ് അപാരമാണെന്നും ട്വീറ്റ് ചെയ്തു.

ലോകത്തെ ഏറ്റവും മികച്ച രണ്ട് ഫാസ്റ്റ് ബൗളർമാർക്കൊപ്പം (ജെയിംസ് ആൻഡേഴ്സൻ, സ്റ്റുവർട്ട് ബ്രോഡ്) കളിക്കാൻ സാധിച്ചത് തങ്ങളുടെ ഭാഗ്യമാണെന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടും പ്രതികരിച്ചു. തിരിച്ചുവരവിൽ ഇത്ര സ്വാധീനമുണ്ടാക്കിയ പ്രകടനം പുറത്തെടുത്ത ബ്രോഡ് എത്ര മികച്ച താരമാണെന്നതിന്റെ തെളിവാണെന്നും റൂട്ട് കൂട്ടിച്ചേർത്തു.

മൂന്നാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റുകളാണ് ബ്രോഡ് സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സിൽ 369 റൺസെടുത്ത ഇംഗ്ലണ്ടിനായി ബ്രോഡ് ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. പത്താമനായി ക്രീസിലെത്തിയ താരം 45 പന്തിൽ 62 റൺസുമായി തിളങ്ങി. 33 പന്തിലാണ് ബ്രോഡ് 50 തികച്ചത്. ടെസ്റ്റിൽ ഒരു ഇംഗ്ലീഷ് താരത്തിന്റെ മൂന്നാമത്തെ അതിവേഗ അർധ സെഞ്ചുറിയായിരുന്നു ഇത്.

ഒന്നാം ഇന്നിങ്സിൽ 31 റൺസ് വഴങ്ങി ബ്രോഡ് ആറു വിക്കറ്റെടുത്തിരുന്നു. കരിയറിൽ ബ്രോഡിന്റെ 18-ാം അഞ്ചു വിക്കറ്റ് പ്രകടനമായിരുന്നു ഇത്.

പരമ്പരയിൽ ആകെ 16 വിക്കറ്റുകൾ വീഴ്ത്തിയ ബ്രോഡാണ് വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ. പരമ്പരയിലെ വെറും രണ്ടു ടെസ്റ്റുകളിൽ നിന്നാണ് താരം 16 വിക്കറ്റുകൾ വീഴ്ത്തിയത്. പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബ്രോഡ് തന്നെ.

ഇതോടെ ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ബ്രോഡ് ഒന്നാമതെത്തി. 11 ടെസ്റ്റുകളിൽ നിന്ന് 53 വിക്കറ്റുകളാണ് ബ്രോഡിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് അഞ്ചു വിക്കറ്റ് പ്രകടനവും ഒരു 10 വിക്കറ്റ് നേട്ടവും ബ്രോഡ് സ്വന്തമാക്കിയിട്ടുണ്ട്. 10 ടെസ്റ്റിൽ നിന്ന് 49 വിക്കറ്റുകൾ വീഴ്ത്തിയ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസിനെയാണ് ബ്രോഡ് പിന്നിലാക്കിയത്.

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം വിൻഡീസ് ഓപ്പണർ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിനെ പുറത്താക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ലും ബ്രോഡ് പിന്നിട്ടിരുന്നു. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്. 2017-ൽ ജെയിംസ് ആൻഡേഴ്സനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ആൻഡേഴ്സന്റെ 500-ാം വിക്കറ്റും ക്രെയ്ഗ് ബ്രാത്ത്വെയ്റ്റായിരുന്നു എന്നതാണ് രസകരമായ കാര്യം. ലോക ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ബൗളറാണ് ബ്രോഡ്, നാലാമത്തെ ഫാസ്റ്റ് ബൗളറും.

തന്റെ 140-ാം ടെസ്റ്റിൽ നിന്നാണ് ബ്രോഡ് 500 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റിൽ 500 വിക്കറ്റ് വീഴ്ത്തിയവരിൽ ഏറ്റവും പതിയെ ആ നേട്ടം സ്വന്തമാക്കുന്ന താരവും ബ്രോഡ് തന്നെയാണ്. മുത്തയ്യ മുരളീധരൻ (87 ടെസ്റ്റ്), അനിൽ കുംബ്ലെ (105), ഷെയ്ൻ വോൺ (108), ഗ്ലെൻ മഗ്രാത്ത് (110), കോർട്ട്നി വാൽഷ് (129), ജെയിംസ് ആൻഡേഴ്സൻ (129) എന്നിവരാണ് വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയവർ.

ടെസ്റ്റിലെ വിക്കറ്റ് വേട്ടയിലും ഏഴാം സ്ഥാനത്താണ് ബ്രോഡ്. മുത്തയ്യ മുരളീധരൻ (800 വിക്കറ്റ്), ഷെയ്ൻ വോൺ (708), അനിൽ കുംബ്ലെ (619), ജെയിംസ് ആൻഡേഴ്സൻ (589), ഗ്ലെൻ മഗ്രാത്ത് (563), കോർട്ട്നി വാൽഷ് (519) എന്നിവരാണ് ഇക്കാര്യത്തിൽ ബ്രോഡിനു മുന്നിലുള്ളത്.

Content Highlights: performed with bat and ball the revenge of Stuart Broad

Content Highlights: