സൂറിച്ച് ഡയമണ്ട് ലീഗില്‍ നീരജ് രണ്ടാമത്, ശ്രീശങ്കറിന് അഞ്ചാം സ്ഥാനം

സൂറിച്ച്: സൂറിച്ച് ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. 85.71 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാം സ്ഥാനത്തെത്തിയത്. ലോങ് ജംപില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ അഞ്ചാം സ്ഥാനം നേടി.
ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെയാണ് ഒന്നാം സ്ഥാനം നേടിയത്. താരം 85.86 മീറ്റര്‍ ദൂരം കണ്ടെത്തി. ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറാണ് മൂന്നാമത്. താരം 85.04 മീറ്ററാണ് എറിഞ്ഞത്. ഈയിടെ അവസാനിച്ച ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. ആ പ്രകടനം പുറത്തെടുക്കാന്‍ നീരജിന് സാധിച്ചില്ല. ബുഡാപെസ്റ്റില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ താരം 88.17 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സ്വര്‍ണമണിഞ്ഞത്. ആദ്യ ശ്രമത്തില്‍ 80.79 മീറ്റര്‍ എറിഞ്ഞ നീരജിന്റെ പിന്നീടുള്ള രണ്ട് ശ്രമങ്ങളും ഫൗളായി. നാലാം ശ്രമത്തില്‍ ദൂരം 85.22 ആയി ഉയര്‍ന്നു. അവസാന ശ്രമത്തിലാണ് 85.71 മീറ്റര്‍ ദൂരം താരം കണ്ടെത്തിയത്. 89.94 ആണ് താരത്തിന്റെ മികച്ച ദൂരം.
ഈ സീസണിലെ ഡയമണ്ട് ലീഗിന്റെ ദോഹ (88.67 മീറ്റര്‍), ലുസെയ്ല്‍ (87.66 മീറ്റര്‍) എഡിഷനുകളില്‍ നീരജ് ജേതാവായിരുന്നു. 14 എഡിഷനുകളാണ് ഡയമണ്ട് ലീഗിനുള്ളത്. വിവിധ എഡിഷനുകളിലായി കൂടുതല്‍ പോയന്റ് നേടുന്ന എട്ട് താരങ്ങള്‍ ഫൈനല്‍സില്‍ മത്സരിക്കും. നിലവിലെ ജേതാവുകൂടിയാണ് നീരജ്.
ലോങ് ജംപില്‍ ശ്രീശങ്കര്‍ 7.99 മീറ്റര്‍ ദൂരമാണ് ശ്രീശങ്കര്‍ കണ്ടെത്തിയത്. ഒരു ഘട്ടത്തില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയ താരം അവസാന ഘട്ടത്തിലാണ് അഞ്ചാം സ്ഥാനത്തേക്ക് വീണത്. ഗ്രീസിന്റെ ടെന്റൊഗ്ലു മില്‍ടിയാഡിസ് ഈ ഇനത്തില്‍ ഒന്നാം സ്ഥാനം നേടി. 8.20 മീറ്റര്‍ ദൂരമാണ് താരം കണ്ടെത്തിയത്. ജമൈക്കയുടെ ഗെയ്ല്‍ തജയ് (8.07 മീറ്റര്‍) രണ്ടാം സ്ഥാനവും യു.എസ്സിന്റെ ലോസന്‍ ജാരിയന്‍ (8.05 മീറ്റര്‍) മൂന്നാം സ്ഥാനവും നേടി.
Content Highlights: Neeraj Chopra Finishes Second Throw in zurich diamond league