P.T ഉഷയ്ക്ക് പകരം മുഖ്യമന്ത്രി ദീപശിഖ തെളിയിച്ചതിൽ വിവാദം; ആർക്കും പരാതിയില്ലെന്ന് മന്ത്രി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ദീപശിഖ തെളിയിച്ചതുമായി ബന്ധപ്പെട്ട് വിവാദം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മേളയുടെ ബ്രാൻഡ് അംബാസഡറുമായ പി.ടി. ഉഷയ്ക്ക് പകരം മുഖ്യമന്ത്രി വി.ഡി. സതീശൻ ദീപശിഖ തെളിയിച്ചതാണ് വിവാദത്തിന് ഇടയായത്. വിഷയത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ കേരള ഓഫീസ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് വ്യക്തമാക്കി.
സ്പോർട്സ് കോഡിന്റെ ലംഘനം നടന്നതായാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാൽ പെട്ടെന്ന് രൂപപ്പെട്ട സാഹചര്യമാണെന്നും വിഷയത്തിൽ ആർക്കും പരാതിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ധീൻ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു.
കായികമേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പി.ടി. ഉഷ ദീപശിഖ തെളിയിക്കുമെന്നാണ് സംഘാടക സമിതി അറിയിച്ചത്. പരിപാടിയുടെ ഷെഡ്യൂളിലും നിശ്ചയിച്ചത് ഇങ്ങനെയായിരുന്നു. എന്നാൽ പി.ടി. ഉഷയിൽ നിന്ന് ദീപശിഖ വാങ്ങി മുഖ്യമന്ത്രി അത് തെളിയിക്കുകയായിരുന്നു. കായികമേളയുടെ ഉദ്ഘാടകൻ കൂടിയായിരുന്നു മുഖ്യമന്ത്രി.
പി.ടി ഉഷയ്ക്ക് നൽകിയ ക്ഷണക്കത്തിൽ ദീപശിഖ കൊളുത്തുന്നതിനായാണ് ക്ഷണിച്ചതെന്നാണ് പറഞ്ഞിരുന്നത്. ഇതിനായി മാത്രമാണ് മധ്യപ്രദേശിൽ നിന്ന് വന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ചടങ്ങിൽവെച്ച് വിദ്യാഭ്യാസ മന്ത്രിയാണ് ദീപശിഖ മുഖ്യമന്ത്രിക്ക് കൈമാറാൻ പി.ടി ഉഷയോട് ആവശ്യപ്പെട്ടത്. അതോടെ പി.ടി. ഉഷയിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങി മുഖ്യമന്ത്രി അത് തെളിയിക്കുകയായിരുന്നു.
പെട്ടെന്ന് രൂപപ്പെട്ട സാഹചര്യമാണെന്നാണ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. ആ സമയം മുഖ്യമന്ത്രി എത്തിയപ്പോൾ അങ്ങനെ തീരുമാനിച്ചതാണെന്നും മന്ത്രി പറഞ്ഞു. പി.ടി. ഉഷ തന്നെയാണ് ദീപശിഖ സ്വീകരിച്ചത്. എന്നാൽ ശേഷം അത് മുഖ്യമന്ത്രിക്ക് കൈമാറുകയും ദീപശിഖ തെളിയിക്കുകയും ചെയ്തു.ഇതിൽ ആർക്കും പരാതിയൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Controversy arose at the Kerala School Sports Meet over the torch lighting ceremony., CM V.D. Satheesan lit the torch instead of IOA President and brand ambassador PT Usha., Education Minister stated that it was a spontaneous decision and no one has filed an official complaint.