പാരാലിമ്പിക്‌സ്; ഹൈജമ്പില്‍ പ്രവീണ്‍ കുമാര്‍, ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം, റെക്കോഡ്

Photo: x.com
Photo: x.com

പാരീസ്: പാരീസ് പാരാലിമ്പിക്‌സില്‍ ആറാം സ്വര്‍ണവുമായി ഇന്ത്യയുടെ കുതിപ്പ്. പുരുഷന്‍മാരുടെ ഹൈജമ്പ് ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ് ഇന്ത്യയ്ക്കായി ആറാം സ്വര്‍ണം നേടിയത്. 2.08 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് താരം സ്വര്‍ണമണിഞ്ഞത്. ഏഷ്യന്‍ റെക്കോഡാണിത്. 

ടോക്യോ പാരാലിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് നോയിഡ സ്വദേശിയായ പ്രവീണ്‍. ഇതോടെ മാരിയപ്പന്‍ തങ്കവേലുവിന് ശേഷം പാരാലിമ്പിക്‌സ് ജമ്പിങ് ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും 21-കാരനായ പ്രവീണിന് സ്വന്തമായി. 

ഇതോടെ പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 26 ആയി. ആറ് സ്വര്‍ണം, ഒമ്പത് വെള്ളി, 11 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നിലവില്‍ 14-ാം സ്ഥാനത്താണ് ഇന്ത്യ. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 

യുഎസ്എയുടെ ഡെറെക് ലോക്‌സിഡെന്റ് (2.06 മീറ്റര്‍) വെള്ളിയും ഉസ്ബക്കെിസ്താന്റെ തെമുര്‍ബെക് ഗിയോസോവ് (2.03) വെങ്കലവും സ്വന്തമാക്കി.
 

Content Highlights: Praveen Kumar secured India`s 6th gold medal at the Paris Paralympics in the men`s high jump T64