മഞ്ഞുരുകുന്നോ? സൗത്ത് ഏഷ്യൻ ഗെയിംസിനായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോയേക്കും

#സ്പോർട്സ് ഡെസ്ക്
ഹോക്കി ലോകകപ്പിനിടെ ഇന്ത്യയുടെ ഹോക്കി ടീം അംഗങ്ങള്‍ | Photo: Hockey India
ഹോക്കി ലോകകപ്പിനിടെ ഇന്ത്യയുടെ ഹോക്കി ടീം അംഗങ്ങള്‍ | Photo: Hockey India

ലാഹോർ: അടുത്ത വർഷം പാകിസ്താനിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയും പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. തങ്ങളുടെ ക്ഷണം ഇന്ത്യ സ്വീകരിച്ചതായും ഇന്ത്യൻ സംഘത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ജനുവരിയിൽ അറിയിക്കുമെന്നും പാകിസ്താൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ ഖാലിദ് മഹ്‌മൂദ് വ്യക്തമാക്കി. 2027 ഏപ്രിൽ നാല് മുതൽ 11 വരെ ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ എന്നിവിടങ്ങളിലായാണ് ഗെയിംസ് നടക്കുന്നത്.

അതേസമയം ഒളിമ്പിക് അസോസിയേഷൻ തലത്തിലുണ്ടായ ഈ ധാരണ ഇന്ത്യൻ സർക്കാരിൽ നിന്നുള്ള അന്തിമ അനുമതിയായി കണക്കാക്കാനാകില്ല. കായികതാരങ്ങൾക്ക് യാത്രയ്ക്കുള്ള അനുമതി ഔദ്യോഗികമായി ലഭിച്ചുവെന്ന കാര്യത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ നിന്നോ ഇന്ത്യാ ഗവൺമെന്റിൽ നിന്നോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. പാകിസ്താനിൽ നടക്കുന്ന കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന കാര്യത്തിൽ സർക്കാരിന്റെ നയം തന്നെയായിരിക്കും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പിന്തുടരുകയെന്ന് നേരത്തെയുള്ള ചർച്ചകളിൽ സൂചനയുണ്ടായിരുന്നു.

ഈ തീരുമാനം നടപ്പിലായാൽ കശ്മീർ താഴ്വരയിൽ 26 ഇന്ത്യക്കാരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ അത്ലറ്റുകൾ പാകിസ്താൻ സന്ദർശിക്കുന്ന ആദ്യ സംഭവമായിരിക്കും ഇത്.

2004-ൽ ഇസ്ലാമാബാദിലാണ് പാകിസ്താൻ അവസാനമായി ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. രണ്ട് പതിറ്റാണ്ടിനു ശേഷമുള്ള രാജ്യത്തെ മൾട്ടി-സ്‌പോർട്‌സ് ഇവന്റുകളുടെ തിരിച്ചുവരവിനാണ് ഈ ടൂർണമെന്റ് സാക്ഷ്യം വഹിക്കുന്നത്. സ്‌ക്വാഷ്, ടെന്നീസ്, മാർഷ്യൽ ആർട്‌സ് ഉൾപ്പെടെ 15 കായിക ഇനങ്ങൾക്ക് ഇസ്ലാമാബാദ് ആതിഥേയത്വം വഹിക്കും. ക്രിക്കറ്റ്, ഹോക്കി, നീന്തൽ ഉൾപ്പെടെ 10 ഇനങ്ങൾ ലാഹോറിലും നടക്കും. പെഷവാറിന് മൂന്ന് കായിക ഇനങ്ങളാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ അവസാനമായി പാകിസ്താനിൽ കളിച്ചത് 2008-ലാണ്.

Content Highlights: India has agreed in principle to participate in the 2027 SAF Games in Pakistan., The Games are scheduled to be held from April 4 to 11, 2027, across Islamabad, Lahore, and Peshawar., This marks a significant diplomatic and sporting development, as Indian athletes would visit Pakistan for the first time since the Pahalgam terror attack., Preparations in Pakistan are underway, with a strong focus on international-standard facilities and comprehensive security.