2015-ലെ ആ വിവാദ മത്സരത്തിന്റെ ഇര, ബോക്‌സർ പ്രിച്ചാർഡ് കോളൻ അന്തരിച്ചു

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
പ്രിച്ചാര്‍ഡ് കോളന്‍ 2015-ലെ ടെറര്‍ വില്യംസുമായുള്ള മത്സരത്തിന് മുമ്പും ശേഷവും | Photo: x.com/pubity/
പ്രിച്ചാര്‍ഡ് കോളന്‍ 2015-ലെ ടെറര്‍ വില്യംസുമായുള്ള മത്സരത്തിന് മുമ്പും ശേഷവും | Photo: x.com/pubity/

ഫ്‌ളോറിഡ: ബോക്‌സിങ് ലോകത്തെ കണ്ണീരിലാഴ്ത്തി മുൻ പ്യൂർട്ടോ റിക്കൻ താരം പ്രിച്ചാർഡ് കോളൻ (33) അന്തരിച്ചു. 2015-ൽ നടന്ന ഒരു വിവാദ മത്സരത്തിനിടയിലേറ്റ തലച്ചോറിലെ ഗുരുതരമായ പരിക്കിനോട് 11 വർഷത്തോളം പൊരുതിയ ശേഷമാണ് കോളന്റെ അന്ത്യം. അദ്ദേഹത്തിന്റെ മരണവാർത്ത പിതാവ് റിച്ചാർഡ് കോളനാണ് സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.

2015 ഒക്ടോബറിൽ ടെറർ വില്യംസുമായുള്ള മത്സരത്തിന് ഇറങ്ങുമ്പോൾ 16 വിജയങ്ങളുമായി തോൽവി അറിയാത്ത താരമായിരുന്നു കോളൻ. എന്നാൽ ആ മത്സരം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. മത്സരത്തിനിടയിൽ തലയുടെ പിൻഭാഗത്ത് നിയമവിരുദ്ധമായി പലതവണ ഇടിയേറ്റിട്ടും റഫറി അത് അവഗണിച്ചതായി പറയപ്പെടുന്നു. ഒൻപതാം റൗണ്ടിൽ വീണുപോയ കോളൻ, മത്സരശേഷം ഡ്രസ്സിങ് റൂമിലെത്തിയ ഉടൻ തന്നെ ഛർദ്ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു.

തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അദ്ദേഹം 221 ദിവസത്തോളം കോമയിലായിരുന്നു. ബോധം തിരിച്ചുകിട്ടിയെങ്കിലും സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായ കോളൻ പിന്നീട് കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് ആശയവിനിമയം നടത്തിയിരുന്നത്. തന്റെ മകനെ ജന്മനാടായ പ്യൂർട്ടോ റിക്കയിൽ അവധിക്കാലം ആഘോഷിക്കാൻ കൊണ്ടുപോകണമെന്ന ആഗ്രഹം പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് പിതാവ് റിച്ചാർഡ് കോളൻ ഫേസ്ബുക്കിൽ കുറിച്ചു. ഇത്രയും കാലം മകന് വേണ്ടി പ്രാർഥിച്ചവർക്കും സ്‌നേഹം നൽകിയവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

Content Highlights: Former Puerto Rican boxer Prichard Colon passed away at the age of 33., He suffered severe brain injuries during a controversial 2015 match against Terrell Williams., Colon remained in a coma for 221 days and fought the consequences of the injury for 11 years., His father, Richard Colon, announced the sad news via social media.