ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല; ഗുസ്തിതാരം ബജ്റംഗ് പുനിയയ്ക്ക് സസ്പെന്‍ഷന്‍

ബജ്റംഗ് പുനിയ  |  Photo: PTI
ബജ്റംഗ് പുനിയ | Photo: PTI

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (എന്‍എഡിഎ)യുടേതാണ് നടപടി. സോനിപത്തില്‍ നടന്ന ട്രയല്‍സിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതിനാലാണ് പുനിയയ്‌ക്കെതിരേ ഏജന്‍സി നടപടി സ്വീകരിച്ചത്. ട്രയല്‍സില്‍ രോഹിത് കുമാറിനോട് പരാജയപ്പെട്ട പുനിയ ക്ഷുഭിതനായി ട്രയല്‍സ് നടന്ന സ്‌പോര്‍ട്‌സ് അതോറിറ്റി കേന്ദ്രത്തില്‍ നിന്നിറങ്ങിപ്പോയിരുന്നു. പുനിയയുടെ പരിശോധനാസാംപിളുകള്‍ ശേഖരിക്കാന്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി ശ്രമിച്ചുവെങ്കിലും പുനിയ തയ്യാറായില്ല. 

മാര്‍ച്ച് 10-നാണ് പുനിയയോട് സാംപിളുകള്‍ക്കായി ഏജന്‍സി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (ഡബ്ല്യുഎഡിഎ)യെ എന്‍എഡിഎ വിവരം ധരിപ്പിച്ചു. ഇരു ഏജന്‍സികളും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ എന്‍എഡിഎ ഏപ്രില്‍ 23-ന് പുനിയയ്ക്ക് നോട്ടീസയച്ചു. നോട്ടീസിന് മറുപടി നല്‍കാന്‍ മേയ് ഏഴ് വരെ എന്‍എഡിഎ സമയമനുവദിച്ചിട്ടുണ്ട്.  

സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ പുനിയയ്ക്ക് ഏതെങ്കിലും ടൂര്‍ണമെന്റിലോ ട്രയല്‍സിലോ പങ്കെടുക്കാന്‍ സാധിക്കുകയില്ല. സസ്‌പെന്‍ഷന്‍ തുടരുന്നപക്ഷം ഒളിമ്പിക്‌സിനുള്ള ട്രയല്‍സില്‍നിന്നു പുനിയ വിട്ടുനില്‍ക്കേണ്ടി വരും. ഇന്ത്യയില്‍ യോഗ്യതാമാച്ചില്‍ പരാജയപ്പെട്ടാലും, സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ ടോക്യോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാവ് എന്ന നിലയില്‍ മേയ് 31-ന് നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാന്‍ പുനിയയ്ക്ക് ക്ഷണം ലഭിച്ചേക്കും.
 

Content Highlights: Bajrang Punia provisionally suspended by NADA ahead of Olympic selection trials