മാനദണ്ഡങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പ്രസിഡന്റിന് മനസിലായത് ഇപ്പോഴാണെന്ന് മാത്രം;ഷറഫലിക്കെതിരെ അനസ്

യു ഷറഫലി/ അനസ് എടത്തൊടിക | Photo: Mathrubhumi
യു ഷറഫലി/ അനസ് എടത്തൊടിക | Photo: Mathrubhumi

അപേക്ഷിക്കാന്‍ വൈകിയതിനാലാണ് തങ്ങള്‍ക്ക് ജോലി ലഭിക്കാതെ പോയതെന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ യു.ഷറഫലിയുടെ പരാമര്‍ശത്തിനെതിരേ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്റോയും രംഗത്ത്. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ കളിക്കുമ്പോള്‍ തന്നെയാണ് ജോലിക്ക് അപേക്ഷിച്ചതെന്ന് ഇരുവരും വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അനസ് എടത്തൊടിക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നീണ്ട കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

അപേക്ഷ അയക്കാന്‍ വിരമിക്കുന്നതുവരെ കാത്തുനിന്നതാണ് ജോലി കിട്ടാന്‍ തടസ്സമെന്നും കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അപേക്ഷ അയച്ചിരുന്നെങ്കില്‍ മുന്നേതന്നെ ജോലി കിട്ടിയിട്ടുണ്ടാവുമെന്നും ആയിരുന്നു ഷറഫലിയുടെ പരാമര്‍ശം. എന്നാല്‍ 2015 മുതല്‍ 2019 വരെയുള്ള കായികതാരങ്ങളുടെ അപേക്ഷയാണ് 2020-ല്‍ ഗവണ്‍മെന്റ് വിളിച്ചതെന്നും അതിലേക്കാണ് തങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചതെന്നും അനസ് വ്യക്തമാക്കുന്നു. ഇതിനിടയിലെ അഞ്ച് വര്‍ഷങ്ങളില്‍ അപേക്ഷ ക്ഷണിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് അപേക്ഷ സമര്‍പ്പിക്കുന്നതെന്നും അനസ് ചോദിക്കുന്നു. 

പണ്ടായിരുന്നെങ്കില്‍ ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയായിരുന്നു ഐ ലീഗും സന്തോഷ് ട്രോഫിയുമെല്ലാം. എന്നാല്‍ കാലം മാറിയെന്നും ഇന്ത്യന്‍ ടീമിലെത്താന്‍ ഇപ്പോള്‍ ഐഎസ്എല്ലില്‍ കളിക്കണമെന്നും അനസ് പറയുന്നു. മാനദണ്ഡങ്ങളില്‍ പ്രശ്‌നമുണ്ടെന്നത് നേരത്തെ തങ്ങള്‍ പറയുന്ന കാര്യമാണെന്നും അത് പ്രസിഡന്റിന് മനസിലായത് ഇപ്പോഴാണെന്നും അനസ് കൂട്ടിച്ചേര്‍ക്കുന്നു.

തുടക്കത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അല്ല, പൊതുഭരണ വകുപ്പാണ് മാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്നതിന് ഉത്തരവാദികളെന്ന്‌ പറഞ്ഞ്‌ തടിതപ്പാന്‍ ശ്രമിച്ച പ്രസിഡന്റ് ഇന്ന് അത് തിരുത്തി ഉത്തരവാദിത്തം ഏറ്റെടുത്തതില്‍ ആശ്വാസം. മാനദണ്ഡങ്ങള്‍ തിരുത്തി തങ്ങളെ പരിഗണിക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നതിന് പകരം ഇനി അടുത്ത പ്രാവശ്യം മാനദണ്ഡങ്ങള്‍ തിരുത്തി അപേക്ഷ അയക്കെട്ടെ എന്ന് പറയുന്നതിന്റെ പൊരുള്‍ മനസിലാകുന്നില്ല. അടുത്ത തവണ അപേക്ഷ അയക്കാന്‍ തങ്ങളുടെ പ്രായപരിധി തടസമാകുമെന്ന് അറിഞ്ഞിട്ടാണോ അതോ ഞങ്ങള്‍ക്ക് ജോലി കിട്ടണ്ട എന്നാണോ പ്രസിഡന്റിന്റെ നിലപാടെന്നും അനസ് ചോദിക്കുന്നു. ഇനി വരുന്ന തലമുറയ്ക്ക് അധികാര സ്ഥാനത്തിരിക്കുന്നവരുടെ അഹംഭാവത്തിന് മുന്നില്‍ തലകുനിക്കാതെ ഫുട്‌ബോള്‍ കൊണ്ടുമാത്രം ജീവിക്കാന്‍ സാധിക്കുന്ന കാലം വിദൂരമല്ലെന്ന് ആശ്വസിക്കാം എന്ന പ്രതീക്ഷയോടെയാണ് അനസ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ഇന്ത്യന്‍ താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പറുമായ സി.കെ വിനീത്, ഇന്ത്യന്‍ യുവതാരം ആഷിഖ് കുരുണിയന്‍, ഫുട്‌ബോള്‍ താരങ്ങളായ അബ്ദുല്‍ ഹക്കു, മുഹമ്മദ് ഇര്‍ഷാദ് എന്നിവരെല്ലാം അനസിനും റിനോയ്ക്കും പിന്തുണയുമായെത്തി. 'നിങ്ങള്‍ സംസാരിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷം' എന്ന ക്യാപ്ഷനോടെയാണ് വീനീത് അനസിന്റെ കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.
 

Content Highlights: anas edathodika and rino anto reject sports council presidents statement on job issue