68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു; കോഴിക്കോട്ട് ഇനി കായിക മാമാങ്കം

#ആദര്‍ശ് പി.ഐ
ഫോട്ടോ: ഷഹീർ സി.എച്ച്
ഫോട്ടോ: ഷഹീർ സി.എച്ച്

മുക്കം: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് എൻ.ഐ.ടി മൈതാനത്ത് തിരിതെളിഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശൻ കായിക മാമാങ്കം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മേളയുടെ ബ്രാൻഡ് അംബാസഡറുമായ ഒളിമ്പ്യൻ പി.ടി. ഉഷ എം.പി. ദീപശിഖ തെളിയിച്ചു. പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഈ സർക്കാർ കായിക മേഖലയ്ക്ക് വലിയ മുൻഗണന കൊടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.കേരളത്തിൽ നിന്നും മത്സരത്തിന് പോകുന്നവർക്ക് ടി.എയും ഡി.എയും ഉറപ്പായും നൽകും എല്ലാ ജില്ലകളിലും പുതിയ കളിക്കളങ്ങൾ ഉണ്ടാകും. ലഹരിക്കുള്ള മറുപടിയാണ് സ്‌പോർട്‌സെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലായിരത്തോളം കായികതാരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റും കുട്ടികൾ പങ്കെടുത്ത സാംസ്‌കാരിക പരിപാടികളും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി നടന്നു.

ഒക്ടോബർ 25 മുതൽ 31 വരെ ഒളിമ്പിക്‌സ് മാതൃകയിൽ നടക്കുന്ന മത്സരങ്ങൾക്കൊപ്പം, 26-ന് ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള ഇൻക്ലൂസീവ് കായികമത്സരങ്ങൾക്കും എൻ.ഐ.ടി. മൈതാനം വേദിയാകും. രണ്ടായിരത്തിലധികം ഭിന്നശേഷി താരങ്ങൾ പങ്കെടുക്കും. ജില്ലയിലെ പത്തുവേദികളിലായി നടക്കുന്ന കായികമേളയിൽ പതിനായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും. 27 മുതൽ 31 വരെ എൻ.ഐ.ടി. മൈതാനത്തിലാണ് അത്ലറ്റിക്‌സ് മത്സരങ്ങൾ. ഗൾഫ് മേഖലയിലെ കായികപ്രതിഭകളുടെ പങ്കാളിത്തവും മേളയിലുണ്ടാകും.

താരങ്ങൾക്കും ടീം മാനേജർമാർക്കും ഒഫീഷ്യൽസിനും താമസസൗകര്യം ഒരുക്കുന്നതിനായി അൻപതിലധികം സ്‌കൂളുകളിലെ 750-ഓളം ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണം ഒരുക്കുന്നത്.

31-ന് വൈകീട്ട് നാലിന് എൻ.ഐ.ടി. മൈതാനത്ത് നടക്കുന്ന സമാപനസമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനാകും. വിജയികളാകുന്ന താരങ്ങൾക്കുള്ള പുരസ്‌കാരങ്ങൾക്കൊപ്പം ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയും ചടങ്ങിൽ വിതരണം ചെയ്യും.

Content Highlights: The 68th Kerala State School Sports Meet inaugurated at NIT grounds in Kozhikode., Olympian PT Usha lit the torch while Chief Minister VD Satheesan inaugurated the event., Over 10,000 participants including 2,000 specially-abled students are competing across 10 venues., Athletics events scheduled from October 27 to 31, with the closing ceremony led by Home Minister Ramesh Chennithala.