ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റിയുടെ 141-ാമത് സെഷന്‍ മുംബൈയില്‍

Photo: PTI
Photo: PTI

മുംബൈ: ഐഒസിയുടെ 141-ാമത് സെഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ 15, 16, 17 തീയതികളില്‍ മുംബൈയില്‍ നടക്കും. 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയത്വം ഇന്ത്യ വഹിക്കുന്നത്. സെഷനു മുന്നോടിയായി ഒക്ടോബര്‍ 12, 13 തീയതികളില്‍ ഐഒസി എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗം ചേരും. ഐഒസി സെഷന്റെ ഉദ്ഘാടന ചടങ്ങ് ഒക്ടോബര്‍ 14 ന് നടക്കും. മുംബൈയിലെ  ജിയോ വേള്‍ഡ് സെന്ററിലാണ് സെഷന്‍ നടക്കുന്നത്.

2022 ഫെബ്രുവരിയില്‍ ബെയ്ജിങ്ങില്‍ നടന്ന 139-ാമത് ഐഒസി സെഷനിലാണ് 141-ാമത് ഐഒസി സെഷന്‍ ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചത്. ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, ഐഒസി അംഗം നിത അംബാനി, ഐഒഎ പ്രസിഡന്റ് നരീന്ദര്‍ ബത്ര, കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ ഇന്ത്യയുടെ  ഹോസ്റ്റിംഗ് അവകാശങ്ങള്‍ക്കുള്ള നിര്‍ദ്ദേശം അവതരിപ്പിച്ചത്. 75 അംഗങ്ങള്‍ മുംബൈയെ അനുകൂലിച്ചപ്പോള്‍ ഒരാള്‍ മാത്രം എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് ഇന്ത്യ ബിഡ് നേടിയത്.

'40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒളിമ്പിക്സ് മൂവ്മെന്റ് ഇന്ത്യയില്‍ തിരിച്ചെത്തി. 2023-ല്‍ മുംബൈയില്‍ ഐഒസി സെഷന്‍ സംഘടിപ്പിക്കാനുള്ള ബഹുമതി ഇന്ത്യയെ ഏല്‍പ്പിച്ചതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയോട് ഞാന്‍ നന്ദി പറയുന്നു,' നിത അംബാനി പറഞ്ഞു.

'ഐഒസി സെഷന്‍ ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമാണ്. 40 വര്‍ഷം മുമ്പ് 1983 ല്‍ ന്യൂഡല്‍ഹിയില്‍ ഒരു തവണ മാത്രമേ ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുള്ളൂ.
ഞങ്ങള്‍ ഇന്ത്യയെ തിരഞ്ഞെടുത്തു, കാരണം അത് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ്, ധാരാളം  ചെറുപ്പക്കാര്‍ ഉള്ളതും ഒളിമ്പിക് കായികരംഗത്തിന് വലിയ സാധ്യതകളുമുണ്ട്.' ഇന്ത്യക്ക് ഹോസ്റ്റിംഗ് അവകാശം നല്‍കിയതിനെക്കുറിച്ച് ഐഒസി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

'ഇന്ത്യയുടെ സാധ്യതകള്‍ ഞങ്ങള്‍ക്കറിയാം, ഐഒസി സെഷന്‍ ആതിഥേയത്വം വഹിക്കുന്നതിന് ഇന്ത്യയിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകരുമായി പങ്കാളിത്തത്തില്‍ ഞങ്ങള്‍ വളരെ ആവേശഭരിതരാണ്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഒരു ഐഒസി സെഷന്‍ വളരെയധികം ശ്രദ്ധ ആകര്‍ഷിക്കുന്നു, കാരണം ഐഒസി അംഗത്വത്തിനിടയില്‍ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ ഭാവി, ഒളിമ്പിക് ഗെയിമുകളുടെ ഭാവി എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന തീരുമാനങ്ങള്‍ ആ ഫോറത്തില്‍ നടക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച അവസരമാണ്, ഞങ്ങള്‍ അതില്‍ വളരെ ആവേശഭരിതരാണ്.' ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു . 

2028-ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സിനുള്ള സ്പോര്‍ട്സ് പ്രോഗ്രാമിന്റെ അവസാന പ്രഖ്യാപനം സെഷനില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ക്രിക്കറ്റ്, ബ്രേക്ക്-ഡാന്‍സ് , ബേസ്‌ബോള്‍/സോഫ്റ്റ്‌ബോള്‍, ഫ്‌ളാഗ് ഫുട്‌ബോള്‍, കരാട്ടെ, കിക്ക്‌ബോക്‌സിംഗ്, സ്‌ക്വാഷ്, മോട്ടോര്‍സ്‌പോര്‍ട്ട് എന്നീ സ്‌പോര്‍ട്‌സ് ഇനങ്ങള്‍ പ്രോഗ്രാമില്‍ ചേര്‍ക്കപ്പെടാനിടയുണ്ട്. 

വലിയ ഇവന്റുകള്‍ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരമാണ് ഈ സെഷന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും ഒളിമ്പിക്സ് അല്ലെങ്കില്‍ യൂത്ത് ഒളിമ്പിക്സ് പോലുള്ള ഒരു പ്രധാന ഇവന്റിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ സന്നദ്ധത കാണാനും ഐഒസി അംഗങ്ങള്‍ക്ക് ഐഒസി സെഷന്‍ ഒരു അവസരം കൂടിയാണ്.

Content Highlights: 141st session of ioc will be held in mumbai