ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലിന്റെ ഭാഗമായാല്‍ ബ്ലാസ്റ്റേഴ്‌സ് വിടുമോ? സി.കെ വിനീത് പറയുന്നു

By: സജ്‌ന ആലുങ്ങല്‍
ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ മോഹന്‍ ബഗാനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ബെംഗളൂരു എഫ്.സി താരം സി.കെ വിനീത് പലതും മനസ്സില്‍ ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ഐ-ലീഗില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ബെംഗളൂരു എഫ്.സിയെ ഫെഡറേഷന്‍ കപ്പില്‍ ചാമ്പ്യന്‍മാരാക്കണം, അതു മാത്രമല്ല, ഹാജര്‍ കുറവിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കിയ ഏജീസിന് ഗോളിലൂടെ മറുപടി നല്‍കുകയും വേണം. കളി അവസാനിച്ചപ്പോള്‍ ആ രണ്ടു ലക്ഷ്യങ്ങളും വിനീത് നിറവേറ്റി. ഫൈനലില്‍ രണ്ട് ഗോളുമായി ബെംഗളൂരു എഫ്.സിയെ ചാമ്പ്യന്‍മാരാക്കി. സമ്മര്‍ദ ഘട്ടത്തിലും നേടിയ ഗോളിനെക്കുറിച്ചും ജോലിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ കൂടെ നിന്നവരെ കുറിച്ചും ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലിന്റെ ഭാഗമാകുന്നതിനെ കുറിച്ചും വിനീത് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. ഒപ്പം അണ്ടര്‍-17 ലോകകപ്പിന്റെ പ്രതീക്ഷയും ഫിഫ റാങ്കിങ്ങിലെ ഇന്ത്യയുടെ മുന്നേറ്റവും വിനീത് പങ്കുവെക്കുന്നു.
ഫെഡറേഷന്‍ കപ്പ് ഫൈനലിലെ ഗോളിലൂടെ ഏജീസിനുള്ള മറുപടി?
ഫൈനലിന് തുടങ്ങുന്നതിന് മുമ്പ് ഒരുപാട് സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നു. ബെംഗളൂരു എഫ്.സിക്ക് ഐ ലീഗില്‍ നാലാം സ്ഥാനമേ ലഭിച്ചുള്ളു, എ.എഫ്.സി കപ്പിന് യോഗ്യത നേടിയിട്ടില്ല. അതു കൂടാതെ വ്യക്തിപരമായും ഞാന്‍ ഒരുപാട് സമ്മര്‍ദത്തിലായിരുന്നു. ഭാഗ്യത്തിന് പ്രതീക്ഷിച്ചതു പോലെ ഗോള്‍ നേടാന്‍ കഴിഞ്ഞു. ഫേഡറേഷന്‍ കപ്പ് നേടിയതോടെ ടീമിന് ഉണര്‍വ്വ് തിരിച്ചു കിട്ടി.
ജോലി നഷ്ടപ്പെട്ടപ്പോള്‍ ലഭിച്ച പിന്തുണ?
കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും ഫുട്‌ബോള്‍ ആരാധകരും പഴയ താരങ്ങളും എല്ലാവരും കൂടെ നിന്നു. ആരും ജോലി പോയത് നന്നായി എന്ന രീതിയില്‍ സംസാരിച്ചിട്ടില്ല. ഇനിയും എങ്ങനെ മുന്നോട്ടു പോകാം എന്നത് ഈ പിന്തുണയുടെ അടിസ്ഥാനത്തിലാണ് പോകുന്നത്.
സംസ്ഥാന ഗവണ്‍മെന്റിന്റെ ജോലി വാഗ്ദ്ധാനം സ്വീകരിക്കുമോ?
കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനം എന്താണോ അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്നാണ് സംസ്ഥാന ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്. എനിക്ക് എന്തായാലും ജോലി വേണം. വരുമാനം വേണം. ആരു ജോലി തന്നാലും ഞാന്‍ സ്വീകരിക്കും. എനിക്ക് കരിയര്‍ തീരുമ്പോഴേക്ക് ഒരു ജോലി വേണം. അത് സംസ്ഥാന ഗവണ്‍മെന്റാണ് തരുന്നതെങ്കില്‍ അത് സ്വീകരിക്കും.
മിക്ക കായികതാരങ്ങളും ജോലിക്ക് വേണ്ടി കളിക്കുന്നു?
അങ്ങനെ എനിക്ക് തോന്നുന്നില്ല. ജോലി വേണമെന്ന് കരുതി ഫുട്‌ബോള്‍ കളിക്കാന്‍ ആരും വരുന്നില്ല. അത്‌ലറ്റിക്‌സിലും അങ്ങനെത്തന്നെയാണ്. ജോലി ഇല്ലെങ്കില്‍ കരിയര്‍ കഴിഞ്ഞാല്‍ മുന്നോട്ടു പോകാനാകില്ല. അതുകൊണ്ടാണ് എല്ലാവരും ജോലി ചെയ്യുന്നത്. അത് കരിയറിന് ഒരു ബലം ലഭിക്കാനാണ്. ജോലി എന്ന സ്വപ്‌നം വെച്ച് ആരും പരിശീലനം ചെയ്യാന്‍ തുടങ്ങുന്നില്ല. 35 വയസ്സ് വരെയാണ് ഒരു കായിക താരത്തിന്റെ കരിയര്‍. അതും കഴിഞ്ഞിട്ട് ഞങ്ങള്‍ക്ക് ജീവിക്കേണ്ടെ? എല്ലാവരും കരിയറില്‍ എങ്ങനെ പുരോഗതി നേടാം എന്ന് ആലോചിച്ചാണ് മുന്നോട്ടു പോകുന്നത്. അതിന് ഒരു സഹായം മാത്രമാണ് ജോലി.
ഐ-ലീഗില്‍ നിന്ന് ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലിന്റെ ഭാഗമാകുന്നു?
അതിനെക്കുറിച്ചുള്ള തീരുമാനങ്ങളൊന്നും ആയിട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ പ്രതികരിക്കാന്‍ സാധിക്കില്ല. തീരുമാനം വന്നതിന് ശേഷം അതിനെക്കുറിച്ച് സംസാരിക്കാം.
അങ്ങനെയെങ്കില്‍ ബെംഗളരു എഫ്.സിയോ കേരള ബ്ലാസ്റ്റേഴ്സോ? ഏതു തെരഞ്ഞെടുക്കും?
എന്താ ചെയ്യേണ്ടതെന്ന് അറിയില്ല. പിന്നെ ഇതൊന്നും എന്റെ മാത്രം തീരുമാനങ്ങളല്ല. കേരള ബ്ലാസ്റ്റേഴ്‌സില്‍ നില്‍ക്കണോ ബെംഗളൂരു എഫ്.സിക്ക് വേണ്ടി കളിക്കണോ എന്നൊന്നും എനിക്ക് മാത്രം തീരുമാനിക്കാനാകില്ല. പല കാര്യങ്ങളും ഒരുമിച്ച് വന്നാലേ ഒരു ക്ലബ്ബില്‍ ചേരാന്‍ സാധിക്കുകയുള്ളൂ. കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടുപോകണമെന്ന് എനിക്ക് ആഗ്രഹമില്ല. അതേ സമയം ബെംഗളൂരു എഫ്.സിയും എന്റെ പ്രിയപ്പെട്ട ടീമാണ്. അതുകൊണ്ടു തന്നെ ഇത് എന്നെ സമ്മര്‍ദത്തിലാക്കുന്ന ഒരു ചോദ്യമാണ്. എങ്ങനെയായാലും കേരള ബ്ലാസ്‌റ്റേഴ്‌സിനോടാണ് ഇഷ്ടം ഒരല്‍പം കൂടുതല്‍. കാരണം അത് എന്റെ നാടിന് വേണ്ടിയാണ് കളിക്കുന്നത്.
ഐ-ലീഗിനെക്കുറിച്ച് ആളുകള്‍ക്ക് ധാരണയില്ല?
അതെ. ആളുകള്‍ക്ക് ഐ.എസ്.എല്ലിനെക്കുറിച്ച് അറിയുന്നത് പോലെ ഐ-ലീഗിനെ കുറിച്ച് അറിയില്ല. ഐ-ലീഗിന് പബ്ലിസിറ്റി കുറവാണ് എന്നതാണ് സത്യം. ഐ.എസ്.എല്‍ ജനകീയമായതു പോലെ ഐ-ലീഗിന് സാധിക്കുന്നില്ല. കളി കാണാന്‍ വരുന്ന എണ്ണത്തിലും ഈ വ്യത്യാസം കാണാം. പിനനെ കളി രണ്ടും ഏകദേശം ഒരു പോലെയാണ് എനിക്ക് തോന്നിയത്.
ഐ-ലീഗില്‍ ഐസ്വാള്‍ എഫ്.സിയുടെ കിരീടനേട്ടം?
ഈ മാറ്റം നല്ലതാണ്. നോര്‍ത്ത് ഈസ്റ്റിലെ ഫുട്‌ബോള്‍ ആവേശം കൂട്ടാന്‍ ഇത് സഹായിക്കും. ഇങ്ങനെ മാറി മാറി ചാമ്പ്യന്‍മാര്‍ വരുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണം ചെയ്യും. ഇതിനെല്ലാമുപരി ഇത്രയും ദൈര്‍ഘ്യമേറിയ സീസണില്‍ ആരു നന്നായി കളിക്കുന്നു അവര്‍ വിജയിക്കുമെന്നതാണ്.
ഇന്ത്യ ലോകകപ്പ് കളിക്കുമോ?
ഇന്ത്യക്കാര്‍ എല്ലാവരുടെയും ആഗ്രഹം പോലെ തന്നെ ഇന്ത്യ ലോകകപ്പ് കളിക്കണമെന്നത് തന്നെയാണ് എന്റെയും ആഗ്രഹം. അതിനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍. ്അന്താരാഷ്ട്ര മത്സരങ്ങളില്‍ നന്നായി കളിക്കണം. നല്ല മാര്‍ജിനില്‍ ജയിക്കണം. ഫിഫ റാങ്കിങ്ങില്‍ നൂറില്‍ എത്തിയത് അര്‍ഹിച്ചതാണെന്ന് കാണിച്ചു കൊടുക്കുക എന്നതാണ്.
സോഷ്യല്‍ മീഡിയ ഫുട്ബോളിന് നല്‍കുന്ന പിന്തുണ?
എന്തു ചെറിയ കാര്യങ്ങളും ആളുകളിലേക്കെത്തുകയാണ്. പണ്ട് പത്രം വായിക്കുകയോ ടി.വി കാണുകയോ വേണ്ടിയിരുന്നു. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെയാണ് എല്ലാവരും മത്സരഫലങ്ങളും വാര്‍ത്തകളും അറിയുന്നത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു കായിക സംസ്‌കാരം വളരുന്നത് നല്ലതാണ്.
അനസുമായുള്ള സൗഹൃദം?
അണ്ടര്‍-21 മുതല്‍ ഞങ്ങള്‍ ഒരുമിച്ച് കളിച്ച് തുടങ്ങിയതാണ്. പിന്നീട് ഒരുമിച്ച് കളിച്ചിട്ടില്ല. അവനെതിരെയാണ് കളിച്ചത്. ഐ-ലീഗില്‍ പുണെ എഫ്.സിക്കെതിരെയും മോഹന്‍ ബഗാന് എതിരെയും ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരെയും കളിച്ചു. അനസിനെ എപ്പോഴും ഫോണില്‍ വിളിക്കാറുണ്ട്. അവന്‍ നല്ല സുഹൃത്താണ്.
യാത്ര പോകാന്‍ സമയം കിട്ടാറുണ്ടോ?
ഇപ്പോള്‍ അങ്ങനെ നടക്കാറില്ല. തിരക്കുള്ള ഷെഡ്യൂളിനിടയില്‍ ഒന്നോ രണ്ടോ ദിവസം ഒഴിവ് ലഭിക്കും. അപ്പോള്‍ അടുത്തുള്ള സ്ഥലങ്ങള്‍ പോയി കാണും.
കൊച്ചിയിലെ അണ്ടര്‍-17 ലോകകപ്പ്?
ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുരോഗതിക്ക് അണ്ടര്‍-17 ലോകകപ്പ് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. സ്റ്റേഡിയങ്ങള്‍ നന്നാകും. കൂടുതല്‍ ജനങ്ങളിലേക്ക് ഫുടബോളെത്തും. കേരളത്തിലെ ആളുകള്‍ക്ക് ഫുട്‌ബോള്‍ എന്താണെന്നുള്ളത് കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സര സമയത്ത് നമ്മള്‍ കണ്ടതാണ്. കൊച്ചി അണ്ടര്‍-17 ലോകകപ്പിന് വേദിയാകുന്നതും അതുകൊണ്ടു തന്നെയാണ്.
ഇറ്റലി അണ്ടര്‍-17 ടീമിനെ ഇന്ത്യയുടെ അണ്ടര്‍-17 ടീം തോല്‍പ്പിച്ചുവെന്ന എ.ഐ.എഫ്.എഫിന്റെ കള്ളത്തരം?
അത് കള്ളത്തരമാണെന്ന് എനിക്ക് തോന്നുന്നില്ല. ആശയവിനിമത്തിലുള്ള പ്രശ്‌നമായിരിക്കാം. തെറ്റ് ആര്‍ക്കും പറ്റുമല്ലോ. അങ്ങനെയൊരു തെറ്റ് ചിലപ്പോള്‍ സംഭവിച്ചിരിക്കാം.അതല്ലാതെ എ.ഐ.എഫ്.എഫ് മന:പൂര്‍വ്വം ഇറ്റലി അണ്ടര്‍-17 ടീമിനെ തോല്‍പ്പിച്ചു എന്നു പറയില്ല. അങ്ങനെ മോശമായി കൊടുക്കും എന്നും തോന്നുന്നില്ല.
ഇനി വരുന്ന അന്താരാഷ്ട്ര മത്സരങ്ങള്‍?
കിര്‍ഗിസ്ഥാനെതിരെയും നേപ്പാളിനെതിരെയും നിര്‍ണായകമായ മത്സരങ്ങളാണ്. അതിനുള്ള ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. എ.എഫ്.സിയുടെ യോഗ്യതാ മത്സരങ്ങളുള്ളതിനാല്‍ ഇപ്പോള്‍ ക്യാമ്പിന്റെ ഭാഗമായിട്ടില്ല. ഉടനെത്തന്നെ ഇന്ത്യന്‍ ടീമിനൊപ്പം ചേരും.
സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍?
ഫെയ്‌സ്ബുക്ക് ലൈവ് ചെയ്യലൊക്കെ കുറവാണ്. ഇന്‍സ്റ്റഗ്രാമാണ കൂടുതല്‍ ഉപയോഗിക്കുന്നത്. അതില്‍ ആശയവിനിമയം നടത്താറുണ്ട്. ഫെയ്‌സ്ബുക്കില്‍ ലഭിക്കുന്ന മെസ്സേജിനൊക്കെ അധികവും മറുപടി നല്‍കാന്‍ ശ്രമിക്കാറുണ്ട്.
കുടുംബവുമായി ചെലവഴിക്കാന്‍ സമയം ലഭിക്കാറുണ്ടോ?
ഇല്ല, കുടുംബത്തെ എപ്പോഴും മിസ് ചെയ്യാറുണ്ട്. തിരക്കിന്റെ നടുവില്‍ അച്ഛനെയും അമ്മയെയും കാണാന്‍ സമയം കിട്ടാറില്ല. 13-ാം തിയ്യതി ഇന്ത്യയുടെ മത്സരം കഴിഞ്ഞ ശേഷം കുറച്ച് ഒഴിവു ദിവസങ്ങള്‍ കിട്ടും. അപ്പോള്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനോടൊപ്പം യാത്രയും പോകണം.


VIEW ON mathrubhumi.com