റയലോ ഡോര്‍ട്മുണ്‍ഡോ? ആരായിരിക്കും യൂറോപ്പ് ചാമ്പ്യന്മാര്‍? ചാമ്പ്യന്‍സ്‌ലീഗ് ഫൈനല്‍ ഇന്ന്

റയല്‍ മാഡ്രിഡ് താരങ്ങള്‍ പരിശീലനത്തില്‍
റയല്‍ മാഡ്രിഡ് താരങ്ങള്‍ പരിശീലനത്തില്‍

ലണ്ടൻ: യൂറോപ്യൻ ഫുട്‌ബോളിലെ ചാമ്പ്യൻ ക്ലബ്ബ് ഏതെന്നറിയാൻ ഇനി മണിക്കൂറുകൾമാത്രം. ചരിത്രപ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ കപ്പുയർത്തുന്നത് സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡോ അതോ ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്മുൺഡോ? ഫുട്‌ബോൾ പ്രേമികൾ ആകാംക്ഷയുടെ 90 മിനിറ്റുകളിലേക്ക് കടക്കുന്നു. ശനിയാഴ്ച രാത്രി 12.30-നാണ് റയലും ഡോർട്മുൺഡും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ. റയലിനായി ജർമൻ മധ്യനിരതാരം ടോണിക്രൂസിന്റെ അവസാനമത്സരമാണിത്.

റയൽ മഡ്രിഡ്

ചാമ്പ്യൻസ് ലീഗ് സീസണിൽ റയൽ മഡ്രിഡ് അപരാജിതരാണ്. കാർലോ ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന ടീം ഫൈനൽ ജയിച്ച് 15-ാം കിരീടം ലക്ഷ്യമിടുന്നു.

നാപ്പോളി, ബ്രാഗ്ഗ, യൂണിയൻ ബെർലിൻ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാംസ്ഥാനക്കാരായ റയൽ, പ്രീക്വാർട്ടറിൽ ആർ.ബി. ലെയ്പ്‌സിഗിനെയും ക്വാർട്ടറിൽ മാഞ്ചെസ്റ്റർ സിറ്റിയെയും സെമിയിൽ ബയേൺ മ്യൂണിക്കിനെയും വീഴ്ത്തി. 4-3-1-2 ഫോർമേഷനിലാകും ടീം കളിക്കുന്നത്. മുന്നേറ്റത്തിൽ വിനീഷ്യസും റോഡ്രിഗോയും. തൊട്ടുപിന്നിൽ ജൂഡ് ബെല്ലിങാം. ഫെഡറിക്കോ വാൽവെർദെ-കാമവിംഗ-ടോണി ക്രൂസ് ത്രയം മധ്യനിരയിലും കളിക്കും.

ഡോർട്മുൺഡ്

സീസണിൽ ഡോർട്മുൺഡ് തോറ്റത് രണ്ടുമത്സരംമാത്രം. ഒന്ന് ഗ്രൂപ്പ് ഘട്ടത്തിലാണെങ്കിൽ മറ്റൊന്ന് ക്വാർട്ടറിന്റെ ആദ്യപാദത്തിൽ അത്‌ലറ്റിക്കോ മഡ്രിഡിനോടായിരുന്നു. സെമിയിലെ ഇരുപാദങ്ങളിലും പി.എസ്.ജി.യെ തോൽപ്പിച്ചാണ് എഡിൻ ടെർസിക് പരിശീലിപ്പിക്കുന്ന ടീം ഫൈനലിന് അർഹതനേടിയത്. 1997-ലാണ് ഇതിനുമുമ്പ് ഡോർട്മുൺഡ് കിരീടം നേടിയത്.

4-2-3-1 ശൈലിയിലാകും ഡോർട്മുൺഡ് കളിക്കുക. നിക്കോളാസ് ഫുൾക്രുഗ് ഏക സ്‌ട്രൈക്കറാകും. കരീം അഡെയെമി-ജൂലിയൻ ബ്രൻഡിറ്റ്- ജേഡൻ സാഞ്ചോ ത്രയം മധ്യനിരയിലുണ്ടാകും. ഡിഫൻസീവ് മിഡ്ഫീൽഡിൽ എംറെ ചാനും മാർസെൽ സാബിസ്റ്ററുമാകും.

മുഖാമുഖം

മത്സരം: 14

റയൽ ജയിച്ചത്: 6

ഡോർട്മുൺഡ് ജയിച്ചത്: 3

സമനില: 5

Content Highlights: uefa champions league real madrid vs borussia dortmund