സൂപ്പര്‍ ലീഗിന് പച്ചക്കൊടി; ക്ലബ്ബുകളേയും താരങ്ങളേയും വിലക്കുന്നത് നിയമവിരുദ്ധമെന്ന് ECJ

photo: Getty Images
photo: Getty Images

ലണ്ടന്‍: ഏറെ വിവാദവും കോളിളക്കങ്ങളും സൃഷ്ടിച്ച സൂപ്പര്‍ ലീഗിന് ഒടുവില്‍ പച്ചക്കൊടി. സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ക്ലബ്ബുകളേയും താരങ്ങളേയും വിലക്കുന്ന നടപടി നിയമവിരുദ്ധമാണെന്ന് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് (ഇസിജെ) നിരീക്ഷിച്ചു. ഫിഫയ്ക്കും യുവേഫയ്ക്കും കനത്ത തിരിച്ചടിയാണിത്. ഇതിന് പിന്നാലെ യൂറോപ്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ ഫോര്‍മാറ്റും പുറത്തുവിട്ടിട്ടുണ്ട്. 

'സൂപ്പര്‍ ലീഗ് ഉള്‍പ്പെടെ ഏതൊരു പുതിയ ഇന്റര്‍ ക്ലബ്ബ് ഫുട്‌ബോള്‍ പ്രോജക്ടും ഫിഫയുടേയും യുവേഫയുടേയും മുന്‍കൂര്‍ അനുമതിക്ക് വിധേയമാക്കുകയും ക്ലബ്ബുകളേയും താരങ്ങളേയും അതില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ചട്ടങ്ങള്‍ നിയമവിരുദ്ധമാണ്'- കോടതി നിരീക്ഷിച്ചു. 

ഫിഫ, യുവേഫ നിയമങ്ങള്‍ സുതാര്യവും വസ്തുനിഷ്ഠവും വിവേചനരഹിതവുമാണെന്ന് ഉറപ്പുവരുത്തുന്ന യാതൊരു ചട്ടക്കൂടുകളുമില്ലെന്നും കോടതി വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് സൂപ്പര്‍ ലീഗിന് ഉടനടി അംഗീകാരം നല്‍കുന്ന ഒന്നല്ല. 

വിധിയ്ക്ക് പിന്നാലെ യുവേഫ സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ഈ വിധി സൂപ്പര്‍ ലീഗിന് യാതൊരു അംഗീകാരമോ സാധൂകരണമോ നല്‍കുന്നില്ലെന്ന് യുവേഫ പ്രതികരിച്ചു. യുവേഫയ്ക്ക് അതിന്റെ പുതിയ നിയമങ്ങളില്‍ ആത്മവിശ്വാസമുണ്ടെന്നും യൂറോപ്യന്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും യുവേഫ വ്യക്തമാക്കി.

യുവേഫയുടെ കുത്തക അവസാനിച്ചെന്നും ഫുട്‌ബോള്‍ സ്വതന്ത്രമായെന്നും സൂപ്പര്‍ ലീഗിന്റെ സ്‌പോണ്‍സര്‍മാരായ എ22 സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിന്റെ സിഇഒ  റെയ്ക്കാര്‍ട്ട് പറഞ്ഞു. ഇനി ക്ലബ്ബുകള്‍ക്ക് ഭീഷണികളോ ശിക്ഷകളോ അഭിമുഖീകരിക്കേണ്ടതില്ല. അവര്‍ക്ക് അവരുടെ ഭാവി സ്വതന്ത്രമായി തീരുമാനിക്കാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ22 സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സൂപ്പര്‍ ലീഗിന്റെ പുതിയ ഫോര്‍മാറ്റും പുറത്തുവിട്ടിട്ടുണ്ട്. 64 ക്ലബ്ബുകള്‍ ഉള്‍പ്പെടുന്ന സൂപ്പര്‍ ലീഗില്‍ ലീഗ് സ്റ്റേജ്, നോക്കൗട്ട് സ്‌റ്റേജ് ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. സ്റ്റാര്‍, ഗോള്‍ഡ് ബ്ലൂ എന്നിങ്ങനെ മൂന്ന് ലീഗുകളിലായാണ് മത്സരങ്ങള്‍. 16 ക്ലബ്ബുകള്‍ വീതം സ്റ്റാര്‍, ഗോള്‍ഡ് ലീഗുകളില്‍ മത്സരിക്കും. 32 ടീമുകളാണ് ബ്ലൂ ലീഗില്‍ പങ്കെടുക്കുക. ഓരോ ടീമിനും 7 വീതം ഹോം എവേ മത്സരങ്ങളുണ്ടാകും. റെലിഗേഷന്‍, പ്രമോഷന്‍ രീതികളും അടങ്ങുന്നതായിരിക്കും പുതിയ സൂപ്പര്‍ ലീഗ്.

Content Highlights: Top EU court rules UEFA, FIFA ban on Super League illegal