'കലിംഗ സൂപ്പര്‍ കപ്പ്; രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും, എതിരാളികള്‍ ജംഷേദ്പുര്‍

പ്രതീകാത്മക ചിത്രം | PTI
പ്രതീകാത്മക ചിത്രം | PTI

ഭുവനേശ്വർ: ഷില്ലോങ്ങിനെതിരായ ജയത്തിനുപിന്നാലെ കലിംഗ സൂപ്പർകപ്പ് ഫുട്‌ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് തിങ്കളാഴ്ച ജംഷേദ്പുരിനെതിരേയിറങ്ങുന്നു. രാത്രി 7.30-ന് കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യകളിയിൽ ഐ ലീഗ് ടീമായ ഷില്ലോങ് ലജോങ്ങിനെ 3-1ന് തോൽപ്പിച്ചിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് വമ്പന്മാരായ ജംഷേദ്പുരിനെതിരേ കൂടുതൽ കരുത്തോടെ കളിക്കാനാകും ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം.

‘സെറ്റാണ്’ ബ്ലാസ്റ്റേഴ്‌സ്

പ്രതിരോധ-മധ്യ-മുന്നേറ്റ നിരയെല്ലാം ഇണങ്ങിയതാണ് ബ്ലാസ്റ്റേഴ്‌സിന് ഗുണമാകുന്നത്. അവസരത്തിനൊത്ത് ഉജ്ജ്വലഫോമിലേക്കുയർന്ന ഗോൾകീപ്പർ സച്ചിൻ സുരേഷും ടീമിന് മുതൽക്കൂട്ടാണ്. വിദേശതാരങ്ങളായ ക്വാമി പെപ്രയും ഡെയ്‌സുക് സകായിയുമാണ് കഴിഞ്ഞകളിയിലെ താരങ്ങൾ. ഇരട്ടഗോളോടെ പെപ്രയും മികച്ച പിന്തുണയോടെ ഡെയ്‌സുക് സകായിയും കളിച്ചത് ബ്ലാസ്റ്റേഴ്‌സിൽ ചലനങ്ങളുണ്ടാക്കി. മുഹമ്മദ് അയ്മനും ലജോങ്ങിനെതിരേ ഗോളടിച്ചിരുന്നു.

അഡ്രിയാൻ ലൂണയുടെ അഭാവത്തിലും ബ്ലാസ്റ്റേഴ്‌സിന്റെ ഫോം തുടരുകയാണ്. ക്യാപ്റ്റൻ ദിമിത്രിയോസ് ഡയമന്റാക്കോസാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി. മുന്നേറ്റത്തിൽ ഡയമന്റാക്കോസിന്റെ ഊർജം സഹതാരങ്ങൾക്കും കരുത്തേകും. പരിക്കേറ്റ് പുറത്തായിരുന്ന ജീക്സൺ സിങ് തിരികെ ടീമിലെത്തിയെങ്കിലും കളിക്കാനിറങ്ങിയിട്ടില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കുന്നപക്ഷം ജീക്സൺ കളിക്കാനിറങ്ങും. ഇതോടെ മധ്യനിര കൂടുതൽ മികവിലേക്കുയരും. അയ്മൻ, മുഹമ്മദ് അസ്ഹർ, ഡാനിഷ് ഫാറൂഖ് എന്നിവരും ഫോമിലാണ്. പ്രബീർ ദാസ്, ഹോമിപാം, മിലോസ് ഡ്രിൻസിച്ച് തുടങ്ങിയവർ പ്രതിരോധത്തിൽ മികച്ചവരെന്ന് തെളിയിച്ചതിനാൽ ജംഷേദ്പുരിനെതിരേ ആദ്യ ഇലവനിൽ ഇറങ്ങും. പകരക്കാരുടെ ബെഞ്ചിലും മികച്ച താരങ്ങളുള്ളതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസം.

ഐ.എസ്.എലിൽ നിലവിലെ സീസണിൽ ജംഷേദ്പുർ ഫോമിലല്ല. 12 കളിയിൽ ആകെ രണ്ടുകളിമാത്രമാണ് ജയിച്ചത്. ഏഴുകളി തോറ്റു. എന്നാൽ, സൂപ്പർകപ്പിലെ ആദ്യമത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിക്കാനായതിന്റെ ആത്മവിശ്വാസം ടീമിനുണ്ട്. ഡാനിയേൽ ചിമ ചുകു, ജെറെമി മൻസോറോ തുടങ്ങിയവരുടെ മുന്നേറ്റത്തിൽ പ്രതീക്ഷയിലാണ് ജംഷേദ്പുർ സംഘം.

Content Highlights: super cup kerala blasters and jamshedpur fc