സന്തോഷ് ട്രോഫി സെമി ലൈനപ്പായി, ചരിത്രം കുറിച്ച് മേഘാലയ

ഭുവനേശ്വര്‍: മേഘാലയയുംകൂടി കടന്നതോടെ സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനല്‍ ചിത്രം തെളിഞ്ഞു. സര്‍വീസസിന് കര്‍ണാടകയും പഞ്ചാബിന് മേഘാലയയുമാണ് എതിരാളി. മാര്‍ച്ച് ഒന്നിന് റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തില്‍ സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കും. മാര്‍ച്ച് നാലിനാണ് ഫൈനല്‍.
ഗ്രൂപ്പ് ബി.യിലെ നിര്‍ണായകമത്സരത്തില്‍ ബംഗാളിനെ 2-1 ന് കീഴടക്കിയാണ് മേഘാലയ സെമിഫൈനല്‍ ഉറപ്പിച്ചത്. ചരിത്രത്തിലാദ്യമായാണ് മേഘാലയ സെമിയില്‍ കടക്കുന്നത്. ഗ്രൂപ്പില്‍നിന്ന് സര്‍വീസസ് നേരത്തെ സെമി ഉറപ്പാക്കിയിരുന്നു. അഞ്ച് കളിയിലായി സര്‍വീസസിന് 13 പോയന്റും മേഘാലയയ്ക്ക് 10 പോയന്റുമുണ്ട്.
സര്‍വീസസ് അവസാനമത്സരത്തില്‍ റെയില്‍വേസിനെ തോല്‍പ്പിച്ചു (4-0). ഇതോടെ റെയില്‍വേസിന്റെ മോഹങ്ങള്‍ പൊലിഞ്ഞു.
ഗ്രൂപ്പില്‍നിന്ന് മണിപ്പുരും പുറത്തായി. മുന്‍ ചാമ്പ്യന്‍മാരായ ബംഗാള്‍ ഫൈനല്‍റൗണ്ടില്‍ ഒറ്റമത്സരവും ജയിക്കാതെയാണ് പുറത്തായത്. ഒറ്റപോയന്റാണ് ടീമിന് ലഭിച്ചത്.
Content Highlights: santosh trophy semi final line up is ready