ലിവര്‍പൂള്‍ താരം ലൂയിസ് ഡിയാസിന്റെ മാതാപിതാക്കളെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി; സംഭവം കൊളംബിയയില്‍

Photo: AFP
Photo: AFP

ബാരങ്കസ് (കൊളംബിയ): ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂളിന്റെ കൊളംബിയിന്‍ താരം ലൂയിസ് ഡിയാസിന്റെ മാതാപിതാക്കളെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ശനിയാഴ്ച താരത്തിന്റെ അമ്മയെ അക്രമികളില്‍ നിന്ന് കൊളംബിയന്‍ പോലീസ് രക്ഷിച്ചിരുന്നു. എന്നാല്‍ അച്ഛനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കൊളംബിയന്‍ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

ലൂയിസ് ഡിയാസിന്റെ അച്ഛനായി തിരച്ചില്‍ തുടരുകയാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ട്വീറ്റ് ചെയ്തു. ലൂയിസിന്റെ അച്ഛന്‍ ലൂയിസ് മാനുവല്‍ ഡിയാസും അമ്മ സിലിനിസ് മറുലാന്‍ഡയും കൊളംബിയയിലെ ഒരു സര്‍വീസ് സ്റ്റേഷനില്‍ നില്‍ക്കേ മോട്ടോര്‍ ബൈക്കുകളിലെത്തിയ ആയുധധാരികളായ അക്രമികള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മയക്കുമരുന്ന്, ക്രിമിനല്‍ മാഫിയ അരങ്ങുവാഴുന്ന കൊളംബിയയില്‍ പ്രശസ്തരായ ആളുകളെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുന്നത് സ്ഥിരം സംഭവമാണ്.

Content Highlights: Parents Of Liverpool Winger Luis Diaz Kidnapped In Colombia