സാന്റോസിന്റെ വിജയത്തിന് പിന്നാലെ അലറിവിളിച്ചു, നെയ്മറെ നാണംകെട്ടവനെന്ന് വിളിച്ച് എതിർ ടീം പ്രസിഡന്റ്

റിയോ ഡി ജെനീറോ: കോപ്പ ദെ ബ്രസീലിന്റെ പ്രീ ക്വാർട്ടർ മത്സരത്തിനുശേഷം വിവാദങ്ങളിൽ അകപ്പെട്ട് സാന്റോസിന്റെ ബ്രസീൽ താരം നെയ്മർ. എതിർ ടീമായ റെമോയുടെ കളിക്കാരുമായും ആരാധകരുമായും നെയ്മർ വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു.
മത്സരത്തിൽ സാന്റോസ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച് ക്വാർട്ടറിലേക്ക് മുന്നേറിയതിന് പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ. റെമോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഗാലറിയിൽ നിന്ന് നെയ്മർക്കെതിരെ കടുത്ത അധിക്ഷേപവാക്കുകളും കൂവലുകളുമുയർന്നിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്. മത്സരം വിജയിച്ചതിന് പിന്നാലെ മിക്‌സഡ് സോണിലൂടെ തിരിച്ചുപോകവെ റെമോയുടെ ആരാധകരേയും ഉദ്യോഗസ്ഥരേയും നോക്കി നെയ്മർ 'ടൂർണമെന്റിൽ നിന്ന് പുറത്തായി' എന്ന് അലറിവിളിച്ചു. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ഇതിന് പിന്നാലെ നെയ്മറെ വിമർശിച്ച് റെമോയുടെ പ്രസിഡന്റ് അന്റോണിയോ കാർലോസ് ടെക്‌സീറ രംഗത്തെത്തി. നെയ്മറെ തെമ്മാടി എന്ന് വിളിച്ച് അധിക്ഷേപിച്ച അന്റോണിയോ സാന്റോസിന് ജയിക്കാൻ ഇത്തരം ചീപ്പ് കളിയുടെ ആവശ്യമില്ലെന്നും പറഞ്ഞു. 'കൊച്ചുകുട്ടികൾ വരെ ആരാധിക്കുന്ന ആ നാണംകെട്ട നെയ്മർ ഇവിടെ വന്ന് കോമാളിത്തരം കാണിക്കുകയും ഞങ്ങളെ പ്രകോപിപ്പിക്കുകയുമായിരുന്നു. ഇവനെപ്പോലൊരു നാണംകെട്ടവനെ ആരാധിക്കുന്നതിന് നമ്മളെത്തന്നെ വേണം കുറ്റം പറയാൻ'-അന്റോണിയോ പറഞ്ഞു.
Content Highlights: Santos defeated Remo 1-0 in the Copa do Brasil Round of 16 second leg., Neymar was filmed mocking Remo staff and fans after the match., Remo president Antonio Carlos Teixeira criticized Neymar's behavior as disrespectful., Reports suggest Neymar was provoked by persistent fan harassment during the match.