രണ്ടാം പാദ മത്സരത്തില്‍ അത്‌ലറ്റിക്കോയോട് തോല്‍വി; യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്

മാഞ്ചെസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പുറത്ത്. സ്വന്തം മൈതാനത്ത് നടന്ന പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിനോട് തോറ്റതോടെ യുണൈറ്റഡിന്റെ ക്വാര്‍ട്ടര്‍ മോഹം പൊലിഞ്ഞു. ഓള്‍ഡ് ട്രാഫഡില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുണൈറ്റഡിന്റെ തോല്‍വി.
ഇരു പാദത്തിലുമായി 2-1ന്റെ ജയത്തോടെ അത്‌ലറ്റിക്കോ ക്വാര്‍ട്ടറിലേക്ക് മുന്നേറി. അത്‌ലറ്റിക്കോയുടെ മൈതാനത്ത് നടന്ന ആദ്യ പാദ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു.
41-ാം മിനിറ്റില്‍ റെനന്‍ ലോഡിയാണ് ഓള്‍ഡ് ട്രാഫഡില്‍ അത്‌ലറ്റിക്കോയുടെ വിജയ ഗോള്‍ നേടിയത്. അന്റോയ്ന്‍ ഗ്രീസ്മാന്‍ നല്‍കിയ ക്രോസില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു ലോഡിയുടെ ഗോള്‍.
രണ്ടാം പകുതിയില്‍ യുണൈറ്റഡ് പരിശീലകന്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, പോള്‍ പോഗ്ബ, എഡിന്‍സന്‍ കവാനി എന്നിവരെ കളത്തിലിറക്കിയെങ്കിലും അത്‌ലറ്റിക്കോ പ്രതിരോധം ഭേദിക്കാനായില്ല.
Content Highlights: Manchester United out of Champions League after lost to Atlético Madrid