ചെൽസിയെ വീഴ്ത്തി; എഫ്എ കപ്പ് കിരീടമുയർത്തി സിറ്റി, സ്വന്തമാക്കിയത് 8-ാം കിരീടം

ലണ്ടൻ: ഇംഗ്ലീഷ് എഫ്.എ. കപ്പ് ഫുട്ബോളിൽ വീണ്ടും മുത്തമിട്ട് മാഞ്ചെസ്റ്റർ സിറ്റി. ചെൽസിയെ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് സിറ്റി കപ്പ് വീണ്ടെടുത്തത്. രണ്ടാം പകുതിയിൽ അന്റോണിയൊ സെമന്യോ (71) വിജയഗോൾ കുറിച്ചു. എട്ടാം തവണയാണ് സിറ്റി എഫ്.എ.കപ്പ് സ്വന്തമാക്കുന്നത്.
കളിയിൽ തുടക്കംമുതൽ ആധിപത്യം നേടിയെങ്കിലും ആദ്യപകുതിയിൽ ഗോൾ നേടുന്നതിൽ സിറ്റി താരങ്ങൾ പരാജയമായി. ഉജ്ജ്വലമായ ഗോളിലൂടെയാണ് സെമന്യോ ടീമിനെ ജയത്തിലെത്തിച്ചത്. എർലിങ് ഹാളണ്ട് നൽകിയ ക്രോസിൽ ബാക്ക് ഹീൽ ഫ്‌ളിക്കിലൂടെ ഘാന സ്‌ട്രൈക്കർ ചെൽസി ഗോളി റോബർട്ട് സാഞ്ചസിനെ കീഴടക്കി.
തുടരെ രണ്ടു ഫൈനലുകളിൽ തോൽവി നേരിട്ട സിറ്റി മൂന്നാം തവണ ലക്ഷ്യം നേടി. 2023-ൽ ചാമ്പ്യന്മാരായെങ്കിലും തുടർന്ന് രണ്ട് സീസണിലും കിരീടപ്പോരാട്ടത്തിൽ അടിതെറ്റി. സീസണിൽ ട്രിപ്പിൾ കിരീടത്തിനുള്ള അവസരമാണ് പെപ് ഗാർഡിയോളയുടെ ടീമിനുമുന്നിലുള്ളത്. ലീഗ് കപ്പിൽ സിറ്റിയാണ് ജേതാക്കൾ. പ്രീമിയർ ലീഗിൽ ആഴ്സനലിന് രണ്ടു പോയിന്റ് പിന്നിൽ രണ്ടാംസ്ഥാനത്താണ്. രണ്ടു മത്സരങ്ങളാണ് അവശേഷിക്കുന്നത്. പത്തുവർഷത്തിനിടെ പെപ് ഗാർഡിയോളയുടെ 17-ാം കിരീട നേട്ടമാണിത്.
കിരീടങ്ങളില്ലാതെയാണ് ചെൽസി സീസൺ അവസാനിപ്പിക്കുന്നത്. ഇടക്കാല കോച്ച് കാലും മക്ഫാർലന് കീഴിൽ കളിക്കുന്ന നീലപ്പട പ്രീമിയർ ലീഗിൽ ഒമ്പതാം സ്ഥാനത്താണ്. യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നതിലും ടീം പരാജയപ്പെട്ടു. 2018-ൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ ഫൈനലിൽ തോൽപ്പിച്ചാണ് ചെൽസി അവസാനമായി എഫ്.എ.കപ്പ് ഉയർത്തിയത്. 2020, 21, 22, 26 സീസണുകളിൽ ഫൈനലിൽ തോൽക്കാനായിരുന്നു വിധി.
Content Highlights: Manchester City defeated Chelsea 1-0 in the 2026 FA Cup final., Antonio Semenyo scored the decisive goal in the 71st minute., This marks Manchester City's 8th FA Cup trophy., Pep Guardiola secures his 17th title in ten years with the club., Chelsea concludes the 2026 season without a trophy.