ലിവര്‍പൂളും മാഞ്ചെസ്റ്റര്‍ സിറ്റിയും എഫ്.എ കപ്പ് സെമി ഫൈനലില്‍

ലണ്ടന്‍: കരുത്തരായ ലിവര്‍പൂളും മാഞ്ചെസ്റ്റര്‍ സിറ്റിയും എഫ്.എ കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിന് നോട്ടം ഫോറസ്റ്റിനെ മറികടന്നപ്പോള്‍ സിറ്റി ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് സതാംപ്ടണെ തകര്‍ത്തു. എവര്‍ട്ടണിനെ അട്ടിമറിച്ച് ക്രിസ്റ്റല്‍ പാലസും അവസാന നാലിലെത്തിയിട്ടുണ്ട്. ഇതോടെ സെമി ഫൈനല്‍ ലൈനപ്പായി.
നോട്ടം ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ലിവര്‍പൂളിനായി 78-ാം മിനിറ്റില്‍ ഡിയാഗോ ജോട്ട വിജയഗോള്‍ നേടി. രണ്ടാം നിര ടീമിനെയാണ് പരിശീലകന്‍ ക്ലോപ്പ് ഇറക്കിയത്. സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയ്ക്കും സാദിയോ മാനെയും പരിശീലകന്‍ വിശ്രമം അനുവദിച്ചു. സെമിയില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റിയാണ് ലിവര്‍പൂളിന്റെ എതിരാളി.
സതാംപ്ടണിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സിറ്റിയ്ക്ക് വേണ്ടി റഹിം സ്‌റ്റെര്‍ലിങ്, കെവിന്‍ ഡിബ്രുയിനെ, ഫില്‍ ഫോഡന്‍, റിയാദ് മഹ്‌റെസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ അയ്‌മെറിക്ക് ലാപ്പോര്‍ട്ടെയുടെ സെല്‍ഫ് ഗോള്‍ സതാംപ്ടണ് തുണയായി.
മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കരുത്തരായ എവര്‍ട്ടണിനെ ക്രിസ്റ്റല്‍ പാലസ് അട്ടിമറിച്ചു. എതിരില്ലാത്ത നാലുഗോളിനാണ് ക്രിസ്റ്റല്‍ പാലസിന്റെ വിജയം. ടീമിനായി മാര്‍ക്ക് ഗുവേഹി, ജീന്‍ ഫിലികപ്പെ മറ്റേറ്റ, വില്‍ഫ്രഡ് സാഹ, വില്‍ ഹ്യൂസ് എന്നിവര്‍ ലക്ഷ്യം കണ്ടു. സെമിയില്‍ കരുത്തരായ ചെല്‍സിയാണ് ക്രിസ്റ്റല്‍ പാലസിന്റെ എതിരാളി.
Content Highlights: liverpool and manchester city enter into the semi finals of fa cup