ബാഴ്‌സയോട് വിടപറയുന്നു; വാര്‍ത്താസമ്മേളനത്തില്‍ കരച്ചിലടക്കാനാകാതെ മെസ്സി

ബാഴ്‌സലോണ: ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. പരസ്പര പൂരകങ്ങളായി ഫുട്‌ബോള്‍ ലോകം കണ്ടിരുന്ന ലയണല്‍ മെസ്സിയെന്ന ഫുട്‌ബോള്‍ മാന്ത്രികനും അദ്ദേഹത്തെ ഇതിഹാസമാക്കി വളര്‍ത്തിയ ബാഴ്‌സലോണ എന്ന ക്ലബ്ബും വഴിപിരിയുന്നു.
യാത്രയയപ്പ് ചടങ്ങില്‍ ബാഴ്‌സയുടെ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മെസ്സി താന്‍ ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു. മൈക്കിനു മുന്നില്‍ നിന്ന് കണ്ണീരടക്കാന്‍ പാടുപെടുന്ന മെസ്സിയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
ഈ നഗരത്തില്‍ ജീവിച്ചപ്പോള്‍ താന്‍ ചെയ്ത കാര്യങ്ങളിലെല്ലാം അഭിമാനം കൊള്ളുന്നുവെന്ന് മെസ്സി പറഞ്ഞു. വിദേശത്ത് എവിടെ കരിയര്‍ അവസാനിപ്പിച്ചാലും ഇവിടേക്ക് തന്നെ മടങ്ങിവരുമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.
ബാഴ്‌സ വിട്ട് എങ്ങോട്ടേക്കാണെന്ന ചോദ്യത്തിന് അക്കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ആരുമായും യാതൊരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നും ഒരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.
നേരത്തെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അവസാന വാരത്തിലാണ് താന്‍ ബാഴ്‌സ വിടുകയാണെന്ന് മെസ്സി ആദ്യമായി അറിയിക്കുന്നത്. കരാര്‍ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാന്‍സ്ഫറായി ക്ലബ്ബ് വിടാന്‍ മെസ്സിക്ക് കഴിയുമായിരുന്നു. എന്നാല്‍ ജൂണ്‍ 10-നകം ഇക്കാര്യം ക്ലബ്ബിനെ അറിയിക്കണമായിരുന്നു. ഈ വ്യവസ്ഥ മെസ്സിക്ക് പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബാഴ്‌സയും ലാലിഗയും റിലീസിങ് ക്ലോസ് തുകയില്‍ മുറുകെപിടിച്ചതോടെ മെസ്സി ഈ സീസണ്‍ കൂടി ക്ലബ്ബില്‍ തുടരുകയായിരുന്നു.
എന്നാല്‍ ഈ സീസണ് ശേഷം മെസ്സിയുടെ ഉയര്‍ന്ന വേതനവും ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും ക്ലബ്ബിന് താരവുമായി പുതിയ കരാറിലെത്തുന്നതിന് തടസമാകുകയായിരുന്നു. 50 ശതമാനം പ്രതിഫലം കുറച്ച് മെസ്സി ക്ലബ്ബില്‍ തുടരാന്‍ സന്നദ്ധനായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലാ ലിഗയുടെ കര്‍ശനമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഇതിന് തടസമായി.
ഇതോടെയാണ് ബാഴ്സലോണയുമായുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന പൊക്കിള്‍ക്കൊടി ബന്ധം അറുത്തുമാറ്റാന്‍ താരത്തിന് തയ്യാറാകേണ്ടി വന്നത്.
2001-ല്‍ ബാഴ്സയുടെ യൂത്ത് ക്ലബില്‍ കളിച്ചുതുടങ്ങിയതാണ് മെസ്സി. 2003-ല്‍ സി ടീമിലും 2004 മുതല്‍ 2005 വരെ ബി ടീമിലും കളിച്ചു. 2004-ലാണ് ഒന്നാം നിര ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. 485 കളികളില്‍ നിന്ന് 444 ഗോളുകള്‍. ഇതിനിടെ ആറ് ബാലണ്‍ദ്യോറും ആറ് യൂറോപ്പ്യന്‍ ഗോള്‍ഡന്‍ ഷൂസും. പത്ത് ലാലീഗയും നാല് ചാമ്പ്യന്‍സ് ലീഗും ആറ് കോപ്പ ഡെല്‍ റെയും ഉള്‍പ്പടെ മുപ്പത്തിമൂന്ന് കിരീടങ്ങളാണ് ബാഴ്സയുടെ അലമാരയിലെത്തിച്ചത്.
Content Highlights: Lionel Messi in Tears During farewell Press Conference