ജീവനക്കാരിയുടെ മുഖത്ത് തുപ്പി, യാത്രക്കാരനെ മർദിച്ചു; വിമാനത്താവളത്തിൽ ലമിൻ യമാലിന്റെ പിതാവിന്റെ പരാക്രമം

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
മുനീര്‍ നസ്രാവിയും ലമിന്‍ യമാലും | Photo: x.com/lnstantFoot
മുനീര്‍ നസ്രാവിയും ലമിന്‍ യമാലും | Photo: x.com/lnstantFoot

ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സലോണയുടെ യുവതാരം ലമിൻ യമാലിന്റെ പിതാവ് മുനീർ നസ്രാവിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി സ്പാനിഷ് മാധ്യമത്തിന്റെ റിപ്പോർട്ട്. ബാഴ്‌സലോണ വിമാനത്താവളത്തിലെ കഫേയിൽവെച്ച് മുനീർ നസ്രാവി അക്രമം അഴിച്ചുവിട്ടതായി സ്പാനിഷ് മാധ്യമമായ 'എസ്റ്റാഡിയോ ഡിപോർട്ടിവോ' ആണ് റിപ്പോർട്ട് ചെയ്തത്. ലണ്ടനിൽ നടന്ന ബാലൺദ്യോർ പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ യമാലിനൊപ്പം വിമാനം കാത്തിരിക്കുമ്പോഴായിരുന്നു സംഭവമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്പാനിഷ് പത്രമായ 'എൽ എസ്പാനിയോളി'ന്റെ അനുബന്ധ പ്രസിദ്ധീകരണമായ 'ക്രോണിക്ക ഗ്ലോബലും' ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഫേയിൽ വസ്ത്രങ്ങൾ തൂക്കിയിടാൻ പാടില്ലാത്ത സ്ഥലത്ത് നസ്രാവി തന്റെ കോട്ട് തൂക്കിയിട്ടതാണ് തർക്കത്തിന് തുടക്കം കുറിച്ചത്. അത് മാറ്റാൻ ആവശ്യപ്പെട്ട കഫേയിലെ വനിതാ ജീവനക്കാരിയോട് ഇയാൾ അസഭ്യം പറയുകയും അവരുടെ മുഖത്ത് തുപ്പുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇത് കണ്ട് രംഗം ശാന്തമാക്കാനെത്തിയ ഒരു യാത്രക്കാരനെ മുനീർ മർദിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഫേയിലെ കസേര ഉയർത്തി മുനീർ മറ്റുള്ളവർക്ക് നേരെ എറിയാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്.

ഒടുവിൽ സ്‌പെയിനിലെ നാഷണൽ സിവിൽ ഗാർഡ് (ഗാർഡിയ സിവിൽ) സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് നസ്രാവി തടസങ്ങളൊന്നുമില്ലാതെ ലണ്ടനിലേക്കുള്ള വിമാനത്തിൽ യാത്രതിരിച്ചു. സംഭവത്തിൽ സുരക്ഷാ അധികാരികളുടെ ഔദ്യോഗിക അന്വേഷണ ഫലങ്ങളോ നസ്രാവിയുടെ പ്രസ്താവനയോ ഇതുവരെ പുറത്തുവന്നിട്ടില്ല.

Content Highlights: Mounir Nasraoui, father of Lamine Yamal, allegedly caused a disturbance at Barcelona airport., He reportedly spit on a female cafe worker and assaulted another passenger., Spanish Civil Guard intervened, but Nasraoui was allowed to board his flight to London.