ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

#സ്പോർട്സ് ഡെസ്ക്
ആന്ദ്രെ ​ഗ്രീൻ | X.com/@MarcusMergulhao
ആന്ദ്രെ ​ഗ്രീൻ | X.com/@MarcusMergulhao

കൊച്ചി: മികച്ച വിദേശ-സ്വദേശി താരങ്ങളെ ടീമിലെത്തിച്ച് അടുത്ത സീസണിലേക്കുള്ള ഒരുക്കം തുടങ്ങി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺവില്ലയുടെ താരമായിരുന്ന ആന്ദ്രെ ജെയ് ഗ്രീനിനെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സ് ഗിനിയൻ താരം മോമോ യാൻസാനെയെയും സെനഗൽ താരം ഫാലോ എൻഡിയേയെയും മഞ്ഞക്കുപ്പായത്തിലെത്തിക്കും. യുറഗ്വായ് താരം അഡ്രിയാൻ ലൂണ ഇതിനകം ചെന്നൈയിൽ നടക്കുന്ന ക്യാമ്പിലെത്തിയിട്ടുണ്ട്. ഇന്ത്യൻ താരങ്ങളായ അമരീന്ദർ സിങ്ങും മുഹമ്മദ് യാസിറും റാംലുൻചുംഗ എന്നിവർ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലേക്കെത്തിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസണിലെ ആദ്യ വിദേശ സൈനിങ്ങിലൂടെയാണ് ഇംഗ്ലീഷ് താരമായ ഗ്രീൻ ടീമിലെത്തുന്നത്. 28-കാരനായ ഗ്രീൻ സ്ട്രൈക്കറായും വിങ്ങറായും കളിക്കാൻ കെൽപ്പുള്ള താരമാണ്. ആസ്റ്റൺവില്ലയ്ക്ക് പുറമേ പോർട്സ്‌മൗത്ത്, ഷെഫീൽഡ്, ചാൾട്ടൺ അത്‌ലറ്റിക് തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. ഗ്രീക്ക് ക്ലബ്ബായ പാൻസെറൈക്കോസിൽ നിന്നാണ് ഗ്രീൻ ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.

ഇന്ത്യൻ ഗോൾ കീപ്പർ അമരീന്ദർ സിങ്, മിഡ്ഫീൽഡർ മുഹമ്മദ് യാസിർ എന്നിവരെയും ടീമിലെത്തിച്ചു. 33-കാരനായ അമരീന്ദർ സിങ് ഒഡിഷ എഫ്.സി.യിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലേക്ക് വന്നത്. എഫ്.സി. ഗോവയിൽ നിന്നെത്തുന്ന മുഹമ്മദ് യാസിർ വിങ്ങുകളിലും മധ്യനിരയിലും ഒരുപോലെ തിളങ്ങുന്ന താരമാണ്.

പ്ലേമേക്കറായ യുറഗ്വായ് താരം അഡ്രിയാൻ ലൂണയായിരുന്നു ടീമുമായി കരാർ തുടർന്നിരുന്ന ഏക വിദേശതാരം. ലൂണ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി ടീമിന്റെ ക്യാമ്പിൽ ചേർന്നിട്ടുണ്ട്. യു.എ.ഇ. രാജകുടുംബാംഗമായ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ നേതൃത്വത്തിലുള്ള ദുബായ് കേന്ദ്രിത കൺസോർഷ്യമാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ.

Content Highlights: Kerala Blasters signed former Aston Villa player Andre GREEN