ഒഡിഷ മോഡൽ സഹകരണം ലക്ഷ്യം; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

തിരുവനന്തപുരം: ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ സംസ്ഥാന സർക്കാരും കേരള ഫുട്‌ബോൾ അസോസിയേഷനും (കെ.എഫ്.എ.) ഒരുങ്ങുന്നു. ഇന്ത്യൻ ടീമിന്റെ ദേശീയ ക്യാമ്പിനുൾപ്പെടെ സൗകര്യമൊരുക്കി, കേരളത്തിലെ ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്. ഒഡിഷ സർക്കാർ ഹോക്കി ഇന്ത്യയെ പ്രമോട്ട് ചെയ്യുന്ന മാതൃകയിലുള്ള സഹകരണമാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്.) പ്രതീക്ഷിക്കുന്നത്. എ.ഐ.എഫ്.എഫ്. പ്രസിഡന്റ് കല്യാൺ ചൗബെ കായികമന്ത്രി ഒ.ജെ. ജനീഷുമായി ഇക്കാര്യത്തിൽ ചർച്ചനടത്തി.
കഴിഞ്ഞമാസം തിരുവനന്തപുരത്ത് ഒളിമ്പിക് ദിനാഘോഷത്തിനെത്തിയപ്പോഴാണ് ഫുട്‌ബോൾ രംഗത്തെ സഹകരണത്തെക്കുറിച്ച് എ.ഐ.എഫ്.എഫ്. പ്രസിഡന്റ് മന്ത്രിയുമായി സംസാരിച്ചത്. ഇക്കാര്യത്തിൽ സർക്കാരിന് പോസിറ്റീവ് മനോഭാവമാണെന്ന് മന്ത്രി പ്രതികരിച്ചു. ഇന്ത്യയുടെ സീനിയർ, അണ്ടർ-23 പുരുഷ ടീമുകളുടെ പരിശീലനക്യാമ്പ് കേരളത്തിൽ സംഘടിപ്പിക്കാമെന്ന നിർദേശം കെ.എഫ്.എ. മുന്നോട്ടുവെച്ചു. എ.ഐ.എഫ്.എഫ്. ഇതിന് പച്ചക്കൊടി കാട്ടി.
ഒഡിഷയിൽ ഭുവനേശ്വറിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഹോക്കി ഇന്ത്യയുടെ പരിശീലനക്യാമ്പ്. ഹോക്കി ഇന്ത്യയുടെ സ്‌പോൺസർമാരും ഒഡിഷ സർക്കാരാണ്. ഇത്തരത്തിൽ കേരള സർക്കാർ മുൻകൈയെടുത്ത് ദേശീയടീമിന്റെ ക്യാമ്പിന് സ്ഥലവും സൗകര്യവും ഒരുക്കിക്കൊടുക്കണം. സൗഹൃദമത്സരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള മൈതാനവും സജ്ജമാക്കണം.
ക്യാമ്പ് സമയത്ത് കേരള ടീമിന് ദേശീയ ടീമിനൊപ്പം സൗഹൃദമത്സരം കളിക്കാൻ അവസരമുണ്ടാകും. പരിശീലനമത്സരങ്ങളിലും കേരള താരങ്ങൾക്ക് ഇടംലഭിക്കും. ദേശീയ ക്യാമ്പ് നിരന്തരം കേരളത്തിലെത്തുന്നത്, സംസ്ഥാനത്ത് ഫുട്‌ബോൾ അടിസ്ഥാനസൗകര്യം വർധിക്കാൻ വഴിയൊരുക്കും. ഫുട്‌ബോൾരംഗത്ത് കേരളത്തിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം.
കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം, മലപ്പുറം പയ്യനാട് സ്റ്റേഡിയം എന്നിവിടങ്ങളിൽ പരിശീലനക്യാമ്പിന് സൗകര്യമൊരുക്കാമെന്നാണ് കെ.എഫ്.എ.യുടെ കണക്കുകൂട്ടൽ. സർക്കാർ മുൻകൈയെടുത്ത് കൂടുതൽ സൗകര്യം ഒരുക്കേണ്ടിവരും. പദ്ധതിയുമായി മുന്നോട്ടുപോകാനും സർക്കാരുമായി തുടർചർച്ച നടത്താനും കെ.എഫ്.എ. യോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞദിവസം കെ.എഫ്.എ. പ്രതിനിധികൾ കായികമന്ത്രി ഒ.ജെ. ജനീഷിനെക്കണ്ട് ചർച്ചനടത്തി. പദ്ധതിയുടെ രൂപരേഖയായശേഷമേ സർക്കാർ നിലപാട് വ്യക്തമാക്കൂവെന്നാണ് സൂചന.
Content Highlights: Collaboration between Kerala Government, KFA, and AIFF to boost football infrastructure., Proposed hosting of senior and U-23 national football team training camps in Kerala., Adopting the Odisha model of sports promotion to support national teams., Aiming to provide Kerala players with opportunities to train and play with the national squad., Focus on upgrading Kochi and Malappuram stadiums to international standards.