കരുത്തുകാട്ടി ഇന്ത്യ, സൗഹൃദമത്സരത്തിൽ പാനമയ്ക്കെതിരേ സമനില

#സ്പോർട്സ് ഡെസ്ക്
ഇന്ത്യൻ ടീം | X.com/@IndianFootball
ഇന്ത്യൻ ടീം | X.com/@IndianFootball

ബെംഗളൂരു: ലോകറാങ്കിങ്ങിൽ 44-ാം സ്ഥാനക്കാർ, ലോകകപ്പിലടക്കം പന്തുതട്ടിയ സംഘം...പക്ഷേ ഇന്ത്യ കീഴടങ്ങിയില്ല. ശക്തരായ പാനമയ്ക്കെതിരേ കരുത്തുറ്റ പോരാട്ടം പുറത്തെടുത്ത ഇന്ത്യ പാനമയെ സമനിലയിൽ തളച്ചു. ഇരുടീമുകളും ഓരോഗോൾവീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ലീഡെടുത്തതിന് ശേഷമാണ് ഇന്ത്യ ഗോൾ വഴങ്ങിയത്. മുൻ ലോകചാമ്പ്യന്മാരായ ബ്രസീലിനും യുറഗ്വായിക്കും എതിരേ കൊൽക്കത്തയിലാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ.

ലോകകപ്പ് കളിച്ച, റാങ്കിങ്ങിൽ ബഹുദൂരം മുന്നിലുള്ള സംഘമായിട്ടും പാനമയെ ശക്തമായി നേരിടുന്ന ഇന്ത്യയെയാണ് മൈതാനത്ത് കണ്ടത്. തുടക്കം മുതൽ തന്നെ ഇന്ത്യയുടെ കളിയിൽ അത് പ്രകടമായിരുന്നു. പാനമയെ ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ മുന്നേറ്റങ്ങളുമായി വിറപ്പിക്കാൻ ഇന്ത്യക്കായി.

17-ാം മിനിറ്റിൽ ഇന്ത്യക്ക് മികച്ച അവസരം കിട്ടിയെങ്കിലും റയാൻ വില്ല്യംസിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. പിന്നാലെ പാനമയും മുന്നേറി കളിച്ചു. 20-ാം മിനിറ്റിൽ പാനമ മുന്നേറ്റ താരത്തിന്റെ ഷോട്ട് തകർപ്പൻ സേവിലൂടെ ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു തട്ടിയകറ്റി. ആദ്യ 30 മിനിറ്റ് പിന്നിടുമ്പോൾ ഗോൾരഹിതമായിരുന്നു മത്സരം. അവസരങ്ങൾ മുതലാക്കാൻ ഇരുടീമുകൾക്കുമായില്ല.

ഹൈഡ്രേഷൻ ബ്രേക്കിന് പിന്നാലെ ഇന്ത്യ ഉണർന്നുകളിച്ചു. ഒടുക്കം ആദ്യപകുതിയുടെ അവസാനം പാനമയെ ഞെട്ടിച്ച് ഇന്ത്യ മുന്നിലെത്തി. സ്‌ട്രൈക്കർ റയാൻ വില്ല്യംസാണ് ഗോളടിച്ചത്. സ്വന്തം ഹാഫിൽ നിന്ന് നീട്ടിനൽകിയ ത്രൂബോൾ സ്വീകരിച്ച റയാൻ പന്തുമായി മുന്നോട്ടുകുതിച്ച് അനായാസം വലകുലുക്കി. അതോടെ ബെംഗളൂരു സ്‌റ്റേഡിയം ആരവങ്ങളിൽ മുങ്ങി. ആദ്യ പകുതി ഒരുഗോളിന് ഇന്ത്യ മുന്നിട്ടുനിന്നു. ആദ്യ പകുതിയിൽ ബോൾ പൊസഷനിലും ഷോട്ടുകളിലും പാനമയായിരുന്നു മുന്നിട്ടുനിന്നത്.

മാറ്റങ്ങളുമായി തിരിച്ചടിക്കാൻ ഒരുങ്ങിയാണ് പാനമ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇന്ത്യക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. പന്തടക്കത്തിൽ ആധിപത്യം പുലർത്തിയ പാനമ സർവ്വസന്നാഹങ്ങളുമായി ഇന്ത്യൻ ഗോൾമുഖത്ത് ഇരച്ചെത്തി. അതോടെ ഇന്ത്യ അൽപ്പം പ്രതിരോധത്തിലായി. പിന്നാലെ 68-ാം മിനിറ്റിൽ പാനമയുടെ സമനില ഗോളുമെത്തി. പെനാൽറ്റി ബോക്‌സിന് പുറത്തുനിന്ന് ഉഗ്രൻ ലോങ് റേഞ്ചർ ഷോട്ടിലൂടെ ഒമർ വലൻസിയയാണ് വലകുലുക്കിയത്. അവസാന മിനിറ്റുകളിൽ ഇരുടീമുകളും ആക്രമിച്ചുകളിച്ചെങ്കിലും വലകുലുക്കാനായില്ല. അതോടെ 1-1 ന് മത്സരം അവസാനിച്ചു.

Content Highlights: India Vs Panama FIFA Friendly Match