തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ജയമില്ല; കശ്മീരിനോട് മൂന്ന് ഗോള്‍ തോല്‍വി ഏറ്റുവാങ്ങി ഗോകുലം

Photo | www.facebook.com/gokulamkeralafc
Photo | www.facebook.com/gokulamkeralafc

ശ്രീനഗര്‍: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സി.ക്ക് സീസണിലെ രണ്ടാം തോല്‍വി. ശ്രീനഗറിലെ ടി.ആര്‍.സി. പോളോ സിന്തറ്റിക് ടര്‍ഫ് ഗ്രൗണ്ടില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ റിയല്‍ കശ്മീരിനോട്‌ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോറ്റത്. ക്രിസോയുടെ ഇരട്ട ഗോളും ജെറിമി ലാല്‍ഡിന്‍പിയയുടെ ഗോളുമാണ് കശ്മീരിന് ജയവഴിയൊരുക്കിയത്. 

ആദ്യപകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകളാണ് കശ്മീര്‍ നേടിയത്. 31, 65 മിനിറ്റുകളിലായിരുന്നു ക്രിസോയുടെ ഇരട്ട ഗോള്‍നേട്ടം. 59-ാം മിനിറ്റില്‍ ലാല്‍ഡിന്‍പിയയും വലകുലുക്കി. ഇതോടെ അവസാനം കളിച്ച അഞ്ച് കളികളിലും ജയം ഗോകുലത്തില്‍നിന്ന് അകന്നുനിന്നു. ഷില്ലോങ്ങിനോട് തോറ്റ ടീം, പിന്നീട് ചര്‍ച്ചില്‍, സംധാരി, മുഹമ്മദന്‍ ക്ലബുകളോട് സമനില വഴങ്ങി. ഇപ്പോള്‍ കശ്മീരിനോടും കാലിടറി. 

ഇതോടെ ഒന്‍പത് കളികളില്‍നിന്ന് അഞ്ച് ജയവും രണ്ട് വീതം സമനിലയും തോല്‍വിയുമായി റിയല്‍ കശ്മീര്‍ പോയിന്റ് ടേബിളില്‍ മൂന്നാമതെത്തി. ഇത്രയും കളിയില്‍ മൂന്ന് ജയവും നാല് സമനിലയും രണ്ട് തോല്‍വിയുമായി ഗോകുലം ആറാമതുമായി. മുഹമ്മദന്‍ എസ്.സിയാണ് ടേബിളില്‍ ഒന്നാമത്. ഐസ്വാള്‍ എഫ്.സി. രണ്ടാമതും.
 

Content Highlights: ileague, gokulam kerala fc , real kashmir, gokulam lose