ഗോകുലത്തിന് വീണ്ടും സമനിലക്കുരുക്ക്

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ മുന്‍ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്.സിക്ക് വീണ്ടും സമനില. സീസണില്‍ സ്വന്തം മൈതാനത്ത് നടന്ന ആദ്യ മത്സരത്തില്‍ ഐസ്വാള്‍ എഫ്‌സിയോടായിരുന്നു ഗോകുലത്തിന്റെ സമനില. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി.
13-ാം മിനിറ്റില്‍ ലാല്‍റിന്‍ഫെലയിലൂടെ മുന്നിലെത്തിയ ഐസ്വാളിനെതിരേ ആദ്യ പകുതിയുടെ അധികസമയത്ത് റിഷാദ് നേടിയ ഗോളില്‍ ഗോകുലം സമനില പിടിക്കുകയായിരുന്നു. സെര്‍ജിയോയുടെ പാസില്‍ നിന്ന് റിഷാദിന്റെ ലോങ് റേഞ്ചര്‍ ഐസ്വാള്‍ വലതുളയ്ക്കുകയായിരുന്നു. പക്ഷേ മാര്‍ട്ടിന്‍ ഷാവേസ്, അഡമെ നിയാനെ, നാച്ചോ അബലെഡോ, വി.പി സുഹൈര്‍ എന്നിവരടങ്ങിയ ഗോകുലം നിരയ്ക്ക് ഐസ്വാളിനെതിരേ വിജയഗോള്‍ കണ്ടെത്താനായില്ല.
മൂന്ന് കളികളില്‍ നിന്ന് അഞ്ചു പോയന്റുമായി ഗോകുലം നാലാം സ്ഥാനത്തേക്കിറങ്ങി. അഞ്ചു പോയന്റ് തന്നെയാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ഗോകുലത്തെ മറികടന്ന് ഐസ്വാള്‍ മൂന്നാം സ്ഥാനത്തെത്തി.
Content Highlights: Gokulam Kerala FC, the former I-League champions, drew 1-1 against Aizawl FC