കമന്ററിയ്ക്കിടെ മുന്‍ ഫുട്‌ബോള്‍ താരം ഷാക്ക ഹിസ്ലോപ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

Photo: screen grab, twitter.com/TheWakeninq
Photo: screen grab, twitter.com/TheWakeninq

കാലിഫോര്‍ണിയ: കമന്ററി പറയുന്നതിനിടെ മുന്‍ ഫുട്‌ബോള്‍ താരം ഷാക്ക ഹിസ്ലോപ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു. കാലിഫോര്‍ണിയയില്‍ വെച്ചുനടന്ന എ.സി മിലാനും റയല്‍ മഡ്രിഡും തമ്മിലുള്ള സൗഹൃദ മത്സരം തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് താരം കുഴഞ്ഞുവീണത്. ഹിസ്ലോപ്പിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിസ്ലോപ് അപകടനില തരണം ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ താരമായിരുന്ന ഹിസ്ലോപ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ദീര്‍ഘകാലം ഗോള്‍കീപ്പറായി കളിച്ചിട്ടുണ്ട്. നിലവില്‍ ബ്രോഡ്കാസ്റ്ററായും കമന്റേറ്ററായും പ്രവര്‍ത്തിക്കുകയാണ് താരം. മത്സരം തുടങ്ങുന്നതിന് മുന്‍പ് ഡാന്‍ തോമസിനൊപ്പം ക്യാമറയ്ക്ക് മുന്നില്‍ തത്സമയം സംസാരിക്കുന്നതിനിടെയാണ് താരം കുഴഞ്ഞുവീണത്. 

ഹിസ്ലോപിന് ബോധം വന്നെന്നും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും അപകടനില തരണം ചെയ്തുവെന്നും ഡാന്‍ തോമസ് ആദ്യപകുതിയ്ക്ക് ശേഷം അറിയിച്ചു. ഹിസ്ലോപ് കുഴഞ്ഞുവീഴുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 1992 മുതല്‍ 2006 വരെ ഫുട്‌ബോള്‍ രംഗത്ത് സജീവമായ താരമാണ് ഷാക്ക ഹിസ്ലോപ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റീഡിങ്, ന്യൂകാസില്‍ യുണൈറ്റഡ്, പോര്‍ട്‌സ്മത്ത്, വെസ്്ഹാം യുണൈറ്റഡ് എന്നീ ടീമുകള്‍ക്കായി വലകാക്കാനും താരത്തിന് സാധിച്ചു.

Content Highlights: Former Premier League Star Shaka Hislop Collapses On Live Camera During Pre-Game Chat