മുൻ കേരള ഫുട്ബോൾ താരം പി. പൗലോസ് അന്തരിച്ചു; കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗം

#സ്പോർട്സ് ഡെസ്ക്
പി. പൗലോസ് | Mathrubhumi
പി. പൗലോസ് | Mathrubhumi

തിരുവനന്തപുരം: മുൻ കേരള ഫുട്ബോൾ താരം പി. പൗലോസ് അന്തരിച്ചു. 76 വയസ്സായിരുന്നു. 1973 ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമായിരുന്നു പൗലോസ്. പ്രതിരോധനിരക്കാരനായ പൗലോസ് എട്ടുവർഷത്തോളം കേരളത്തിനായി സന്തോഷ് ട്രോഫിയിൽ ബൂട്ടുകെട്ടി. 1979ൽ ക്യാപ്റ്റനുമായി. പിന്നീട് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹിയായി.

1973 ഡിസംബർ 27-ന് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്തായിരുന്നു കേരളത്തിന്റെ കന്നി കിരീടനേട്ടം. ഫൈനലിൽ മൂന്ന് തവണ ജേതാക്കളായ കരുത്തരായ റെയിൽവേസിനെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു സ്വന്തം കാണികൾക്ക് മുമ്പിൽ കേരളത്തിന്റെ കിരീടനേട്ടം. നായകൻ ടി.കെ.എസ്. മണിയുടെ ഹാട്രിക്കായിരുന്നു ഫൈനലിൽ ശ്രദ്ധേയമായത്. 

Content Highlights: former kerala footballer p poulose died