ഇരട്ട ഗോളുമായി റാഫീഞ്ഞ്യ; പാരീസില്‍ ചെന്ന് പിഎസ്ജി കോട്ട തകര്‍ത്ത് ബാഴ്‌സ

Photo: AFP
Photo: AFP

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു ത്രില്ലര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ പിഎസ്ജിയെ അവരുടെ മൈതാനത്ത് കീഴടക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ആദ്യപാദ മത്സരത്തില്‍ ബാഴ്‌സയുടെ ജയം. ബ്രസീല്‍ താരം റാഫീഞ്ഞ്യ ബാഴ്‌സയ്ക്കായി ഇരട്ട ഗോളുകളുമായി തിളങ്ങി. 77-ാം മിനിറ്റില്‍ ആന്ദ്രേസ് ക്രിസ്റ്റിയന്‍സനാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. 48-ാം മിനിറ്റില്‍ ഡെംബലെയും 50-ാം മിനിറ്റില്‍ വിറ്റിഞ്ഞ്യയുമാണ് പിഎസ്ജിക്കായി സ്‌കോര്‍ ചെയ്തത്.

പിഎസ്ജിയുടെ സ്വന്തം തട്ടകത്തില്‍ ആത്മവിശ്വാസത്തോടെയാണ് ബാഴ്‌സ തുടങ്ങിയത്. 37-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് യുവതാരം ലാമിന്‍ യമാല്‍ നല്‍കിയ ക്രോസാണ് ബാഴ്‌സയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. അപകടമൊഴിവാക്കാന്‍ ക്രോസ് തട്ടിയകറ്റിയ പിഎസ്ജി ഗോളി ഡൊണ്ണരുമ്മയുടെ കൈയില്‍ തട്ടി പന്ത് റാഫീഞ്ഞ്യയുടെ നേര്‍ക്ക്. സമയമൊട്ടും കളയാതെ താരം പന്ത് വലയിലെത്തിച്ചു.

ആദ്യ പകുതി ബാഴ്‌സയുടെ ലീഡില്‍ അവസാനിച്ചെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പിഎസ്ജി ഞെട്ടിച്ചു. 48-ാം മിനിറ്റില്‍ ബോക്‌സില്‍ നിന്ന് കിടിലനൊരു ഷോട്ടിലൂടെ മുന്‍ ബാഴ്‌സ താരം കൂടിയായ ഡെംബലെ ഫ്രഞ്ച് ക്ലബ്ബിനെ ഒപ്പമെത്തിച്ചു. ആദ്യ ഗോള്‍ വീണതിനു ശേഷം ശ്വാസമെടുക്കാന്‍ പോലും ബാഴ്‌സ താരങ്ങള്‍ക്ക് സമയം നല്‍കാതെ പിഎസ്ജി രണ്ടാം ഗോളുമടിച്ചു. 50-ാം മിനിറ്റില്‍ ഫാബിയാന്‍ റൂയിസിന്റെ പാസ് വിറ്റിഞ്ഞ്യ വലയിലെത്തിച്ചതോടെ ഗാലറി ഇളകിമറിഞ്ഞു.

എന്നാല്‍ 61-ാം മിനിറ്റില്‍ സെര്‍ജി റോബര്‍ട്ടോയെ പിന്‍വലിച്ച് പെഡ്രിയ ഇറക്കിയതോടെ ബാഴ്‌സയുടെ കളിമാറി. ഇറങ്ങി തൊട്ടടുത്ത മിനിറ്റില്‍ പെഡ്രി ബോക്‌സിലേക്ക് നല്‍കിയ ഒരു ഓവര്‍ഹെഡ് പാസ് റാഫീഞ്ഞ്യ വലയിലെത്തിച്ചു. തുടര്‍ന്ന് 76-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യന്‍സന്‍ 77-ാം മിനിറ്റില്‍ ബാഴ്‌സയുടെ വിജയഗോളും നേടി. ഇല്‍കായ് ഗുണ്ടോഗന്‍ എടുത്ത ഫ്രീ കിക്ക് ക്രിസ്റ്റ്യന്‍സന്‍ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

ഏപ്രില്‍ 17-ന് ബാഴസയുടെ മൈതാനത്താണ് രണ്ടാം പാദ മത്സരം. മറ്റൊരു ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡിനെ തോല്‍പ്പിച്ചു. നാലാം മിനിറ്റില്‍ റോഡ്രിഗോ ഡിപോളും 32-ാം മിനിറ്റില്‍ സാമുവല്‍ ലിനോയുമാണ് അത്‌ലറ്റിക്കോയുടെ ഗോളുകള്‍ നേടിയത്. ഡോര്‍ട്ട്മുണ്‍ഡിന്റെ ആശ്വാസ ഗോള്‍ 81-ാം മിനിറ്റില്‍ സെബാസ്റ്റിയന്‍ ഹാളറിന്റെ വകയായിരുന്നു.

Content Highlights: fc barcelona beat psg uefa champions league quarter-final first leg