ഡൈനാമോ കീവിനെതിരേ എവര്‍ട്ടണ്‍ ആരാധകന്റെ പെനാല്‍ട്ടി, അമ്പരന്ന് ഫുട്‌ബോള്‍ ലോകം

ലിവര്‍പൂള്‍: ഫുട്‌ബോള്‍ ലോകത്ത് കണ്ടുപരിചയമില്ലാത്ത ഒരു സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഗൂഡിസണ്‍ പാര്‍ക്ക് സ്റ്റേഡിയം. സ്റ്റേഡിയത്തില്‍ ആതിഥേയരായ എവര്‍ട്ടണും യുക്രൈന്‍ ക്ലബ്ബായ ഡൈനാമോ കീവും പ്രീ സീസണ്‍ മത്സരത്തില്‍ പന്തുതട്ടുന്നു. പെട്ടെന്ന് ആരാധകനായ ഒരാള്‍ ജഴ്‌സിയുമണിഞ്ഞ് ഗ്രൗണ്ടിലെത്തി. പെനാല്‍ട്ടി കിക്ക് എടുക്കാനായെത്തിയ അയാള്‍ അനായാസം ഗോള്‍ നേടി ആഘോഷം പങ്കുവെച്ചു.
ഈ രംഗം ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലാകുകയും ചെയ്തു. പോള്‍ സ്ട്രാറ്റണ്‍ എന്ന ആരാധകനാണ് പെനാല്‍ട്ടി കിക്കെടുത്ത് വൈറലായത്. എവര്‍ട്ടണ്‍ ഫുട്‌ബോള്‍ ടീമിന്റെ കടുത്ത ആരാധകനായ സ്ട്രാറ്റണ് ക്ലബ്ബ് തന്നെയാണ് കളിക്കാനുള്ള അവസരം നല്‍കിയത്. അതിനുപിന്നിലൊരു കഥയുണ്ട്.
റഷ്യയുടെ ആക്രമണത്തില്‍ തളര്‍ന്ന യുക്രൈന്‍ ജനതയ്ക്ക് സഹായം നല്‍കിയതിനെത്തുടര്‍ന്നാണ് സ്ട്രാറ്റണെ എവര്‍ട്ടണ്‍ ആദരിച്ചത്. ആദരസൂചകമായാണ് താരത്തിന് പെനാല്‍ട്ടി എടുക്കാനുള്ള അവസരം നല്‍കിയത്. ഇംഗ്ലണ്ടുകാരനായ സ്ട്രാറ്റണ്‍ ലിവര്‍പൂള്‍ കൗണ്‍സിലിലാണ് ജോലി ചെയ്യുന്നത്. ജോലിസംബന്ധമായി അദ്ദേഹം പോളണ്ടിലേക്ക് യാത്ര ചെയ്യുകയുണ്ടായി.
What a moment for this fan 💙Everton Football Club supporter Paul Stratton was brought on to take a penalty in a friendly match against FC Dynamo Kyiv. He has been delivering supplies by car to refugees of the Russian invasion in Ukraine 👏
Posted by ESPN FC on Friday, July 29, 2022
പോളണ്ട് യാത്രയ്ക്കിടെ യുക്രൈനോട് അതിര്‍ത്തി പങ്കിടുന്ന പോളണ്ട് നഗരമായ പ്രെസെമിസില്‍ സന്ദര്‍ശിച്ചു. അവിടെ അഭയാര്‍ത്ഥികളായി കഴിഞ്ഞ യുക്രൈന്‍ പൗരന്മാരുടെ ദുരവസ്ഥ കണ്ട് മനസ്സലിഞ്ഞ സ്ട്രാറ്റണ്‍ അവര്‍ക്ക് നിരവധി സഹായങ്ങള്‍ ചെയ്തു.
സ്ട്രാറ്റണിന്റെ സഹായങ്ങള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞ എവര്‍ട്ടണ്‍ അദ്ദേഹത്തിനോടുള്ള ആദരമായി യുക്രൈന്‍ ക്ലബ്ബായ ഡൈനാമോ കീവിനെതിരേ കളിക്കാന്‍ അനുവദിക്കുകയായിരുന്നു. മത്സരത്തില്‍ എവര്‍ട്ടണ്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയം നേടി.
Content Highlights: everton vs dynamo kyiv, football match, everton fan penalty, everton football, sports news, football