100 രൂപ ടോക്കൺ അഡ്വാൻസ്; ജംഷേദ്പുർ എഫ്സിയുടെ ഉടമസ്ഥാവകാശം ചർച്ചിൽ ബ്രദേഴ്‌സിന്

ന്യൂഡൽഹി: ജംഷേദ്പുർ എഫ്സിയുടെ ഉടമസ്ഥാവകാശം പ്രമുഖ ഗോവൻ ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്‌സ് സ്വന്തമാക്കുന്നു. ടാറ്റ സ്റ്റീൽ തങ്ങളുടെ ഉടമസ്ഥതയിലുള്ള ജംഷേദ്പുർ ഫുട്‌ബോൾ ആൻഡ് സ്‌പോർട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുഴുവൻ ഓഹരികളും കേവലം 100 രൂപയുടെ ടോക്കൺ അഡ്വാൻസ് തുകയ്ക്കാണ് ചർച്ചിൽ ബ്രദേഴ്‌സിന് കൈമാറുന്നത്. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിലെ ടാറ്റ സ്റ്റീലിന്റെ ഒരു പതിറ്റാണ്ടിലേറെ നീണ്ട സാന്നിധ്യത്തിന് അന്ത്യമാവുകയാണ്.
ടാറ്റ സ്റ്റീലിന്റെ കമ്മിറ്റി ഓഫ് ഡയറക്ടേഴ്‌സ് ഓഗസ്റ്റ് 14-ന് ചേർന്ന യോഗത്തിലാണ് 4.08 കോടി ഇക്വിറ്റി ഓഹരികൾ കൈമാറാൻ അനുമതി നൽകിയത്. ഇതുസംബന്ധിച്ച ഓഹരി വാങ്ങൽ കരാറിൽ ഇരു വിഭാഗവും ഒപ്പുവെച്ചു. അടുത്ത 15 ദിവസത്തിനുള്ളിൽ കൈമാറ്റ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ഈ നടപടിക്ക് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ അന്തിമ അനുമതി ആവശ്യമാണ്.
ഈ കരാറിന്റെ ഭാഗമായി ജംഷേദ്പുർ എഫ്സിയുടെ ഐഎസ്എൽ സ്‌പോർട്ടിങ് ലൈസൻസിനൊപ്പം നിലവിലെ 12 കളിക്കാരും രണ്ട് പരിശീലകരും ചർച്ചിൽ ബ്രദേഴ്‌സിലേക്ക് മാറും. എഐഎഫ്എഫ് അനുമതി നൽകുന്ന പക്ഷം, ഐഎസ്എല്ലിൽ ജംഷേദ്പുർ എഫ്സിക്ക് പകരം ചർച്ചിൽ ബ്രദേഴ്‌സ് പന്തുതട്ടും.
പ്രൊഫഷണൽ ക്ലബ് ഫുട്‌ബോളിൽ നിന്ന് പിന്മാറി താഴെത്തട്ടിലുള്ള ഫുട്‌ബോൾ വികസനത്തിലും യുവതാരങ്ങളെ വാർത്തെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടാറ്റ സ്റ്റീലിന്റെ തീരുമാനം. ടാറ്റ ഫുട്‌ബോൾ അക്കാദമി വഴി കായിക പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കമ്പനി തുടർന്നും പിന്തുണ നൽകും. തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് എഐഎഫ്എഫ് അഭ്യർഥിച്ചെങ്കിലും ടാറ്റ സ്റ്റീൽ അത് നിരസിക്കുകയായിരുന്നു.
ഗോവൻ ഫുട്‌ബോളിലെ അതികായരായ ചർച്ചിൽ ബ്രദേഴ്‌സിന് ഇത് ഐഎസ്എല്ലിലേക്കുള്ള വലിയൊരു തിരിച്ചുവരവാണ്. നേരത്തെ 2024-25 ഐ-ലീഗിൽ കിരീടം നേടിയെങ്കിലും, പോയിന്റ് തർക്കത്തിൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സ് ഇന്റർ കാശിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത് ചർച്ചിൽ ബ്രദേഴ്‌സിന് തിരിച്ചടിയായിരുന്നു. തുടർന്ന് ക്ലബ്ബിന് ഐഎസ്എൽ പ്രവേശനം നിഷേധിക്കപ്പെടുകയും ഐ-ലീഗ് 2-ലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്തു.
Content Highlights: Tata Steel transfers 100% shares of Jamshedpur FC to Churchill Brothers for a token advance of Rs 100., The deal includes ISL sporting license, 12 players, and 2 coaches, pending AIFF approval., Tata Steel exits professional club football to focus on grassroots development and Tata Football Academy., Churchill Brothers secure a major comeback into the ISL following previous I-League setbacks.