എഫ്.എ.കപ്പ്: ചെല്‍സിയും ലിവര്‍പൂളും ക്വാര്‍ട്ടറില്‍, ടോട്ടനം പുറത്ത്

ലണ്ടന്‍: കരുത്തരായ ലിവര്‍പൂളും ചെല്‍സിയും എഫ്.എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീ ക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ നോര്‍വിച്ച് സിറ്റിയെ കീഴടക്കിയപ്പോള്‍ ചെല്‍സി ല്യൂട്ടണ്‍ ടൗണിനോട് കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാല്‍ മറ്റൊരു മത്സരത്തില്‍ കരുത്തരായ ടോട്ടനം പരാജയപ്പെട്ട് പുറത്തായി.
നോര്‍വിച്ച് സിറ്റിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച മത്സരത്തില്‍ ചെമ്പടയ്ക്ക് വേണ്ടി ടകുമി മിനാമിനോ ഇരട്ട ഗോള്‍ നേടി. ലൂക്കാസ് റപ്പ് നോര്‍വിച്ചിനായി ആശ്വാസ ഗോള്‍ നേടി.
ദുര്‍ബലരായ ല്യൂട്ടണ്‍ ടൗണിനോട് ചെല്‍സി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 3-2 എന്ന സ്‌കോറിനാണ് ടീമിന്റെ വിജയം. പിന്നില്‍നിന്ന ശേഷം തിരിച്ചടിച്ചാണ് ചെല്‍സി വിജയം നേടിയത്. രണ്ടാം മിനിറ്റില്‍ റീസ് ബര്‍ക്കിയിലൂടെ ല്യൂട്ടണ്‍ ആദ്യം ലീഡെടുത്തു. എന്നാല്‍ 27-ാം മിനിറ്റില്‍ സൗള്‍ നിഗ്വെസിലൂടെ ചെല്‍സി സമനില നേടി.
40-ാം മിനിറ്റില്‍ ഹാരി കോര്‍ണിക്കിലൂടെ ല്യൂട്ടണ്‍ വീണ്ടും ലീഡെടുത്തു. ആദ്യ പകുതിയില്‍ 2-1 എന്ന ലീഡ് കാത്തുസൂക്ഷിക്കാനും ടീമിന് സാധിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന ചെല്‍സി 68-ാം മിനിറ്റില്‍ തിമോ വെര്‍ണറിലൂടെ സമനില ഗോള്‍ നേടി. പത്തുമിനിറ്റിനുശേഷം റൊമേലു ലുക്കാക്കു ചെല്‍സിയ്ക്ക വേണ്ടി വിജയഗോള്‍ നേടി.
കരുത്തരായ ടോട്ടനത്തെ മിഡില്‍സ്‌ബ്രോയാണ് അട്ടമറിച്ചത്. നാലാം റൗണ്ടില്‍ സാക്ഷാല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തിയ മിഡില്‍സ്‌ബ്രോ പ്രീ ക്വാര്‍ട്ടറില്‍ ടോട്ടനത്തെയും ഞെട്ടിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ടീമിന്റെ വിജയം. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 107-ാം മിനിറ്റില്‍ ജോഷ് കോബോണാണ് ടീമിനായി വിജയഗോള്‍ നേടിയത്. ഹാരി കെയ്‌നും സണും കുലുസേവ്‌സ്‌കിയുമെല്ലാം അണിനിരന്നിട്ടും ടോട്ടനത്തിന് വിജയം നേടാനായില്ല.
Content Highlights: chelsea and liverpool enter into the quarter finals of FA cup