ഐ ലീഗിന് തുടക്കമാകുന്നു; ഹാട്രിക്ക് കിരീടം ലക്ഷ്യം വെച്ച് ഗോകുലം കേരള എഫ്.സി

മലപ്പുറം: ആര്‍പ്പോ ഹാട്രിക്കോ... ഉച്ചത്തില്‍ വിളിച്ച് ഗോകുലം കേരള എഫ്.സി. ഐ ലീഗിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ഇനി കളിയാരാധകരുടെ കണ്ണുംകാതും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് മാത്രമായി ചുരുങ്ങും.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ ചാമ്പ്യന്മാരായ ഗോകുലം, മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്ങിനെയാണ് ഐ ലീഗ് ഉദ്ഘാടനമത്സരത്തില്‍ നേരിടുന്നത്. ശനിയാഴ്ച വൈകിട്ട് 4.30 നാണ് മത്സരം. ഹാട്രിക് കിരീടം സ്വന്തമാക്കി ഐ.എസ്.എല്‍. പ്രവേശനം നേടുക എന്ന ലക്ഷ്യത്തോടെയാണ് മലബാറിയന്‍സ് എന്ന് വിളിപ്പേരുള്ള ടീമിന്റെ ഓരോ നീക്കങ്ങളും.
രണ്ടുവര്‍ഷം കോവിഡ് കാരണം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങള്‍ ഇത്തവണ ഹോം, എവേ രീതിയിലാണ് സംഘടിപ്പിക്കുന്നത്. 11 ഹോം മത്സരങ്ങളില്‍ ഗോകുലത്തിന്റെ ആറുമത്സരങ്ങളും പയ്യനാടാണ്. കാമറൂണ്‍ കോച്ച് റിച്ചാര്‍ഡ് ടോവയുടെ നേതൃത്വത്തിലുള്ള ടീം രണ്ടുമാസമായി കോഴിക്കോടാണ് പരിശീലനം നടത്തിയത്.
തുടര്‍ച്ചയായി രണ്ടുതവണ കിരീടംചൂടിയ ടീമിന്റെ ലക്ഷ്യം ഹാട്രിക് കിരീടമാണെന്നും അതിലൂടെ ഐ.എസ്.എല്‍. പ്രവേശനമാണ് ലക്ഷ്യമിടുന്നതെന്നും ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മഞ്ചേരി നഗരസഭാധ്യക്ഷ വി.എം. സുബൈദ, മലപ്പുറം ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി. അനില്‍, ഡി.എഫ്.എ. പ്രസിഡന്റ് അഷ്റഫ്, മുന്‍ ദേശീയതാരം യു.എ. ഷറഫലി, കോച്ച് റിച്ചാര്‍ഡ് ടോവ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇത് കേരളപ്പട
ആറ് വിദേശതാരങ്ങളുള്ള ടീമില്‍ 12 മലയാളികളുണ്ട്. അര്‍ജുന്‍ ജയരാജ്, നൗഫല്‍, മുഹമ്മദ് ജാസിം, താഹിര്‍ സമാന്‍, ശ്രീക്കുട്ടന്‍, ടി. ഷിജിന്‍, സൗരവ്, ഷഹജാസ്, ഷിബിന്‍രാജ് കുനിയില്‍, പി. അഖില്‍, രാഹുല്‍ രാജു, പി. റിഷാദ് എന്നിവരാണ് മലയാളികള്‍.
അര്‍ജന്റീനയില്‍നിന്നുള്ള യുവാന്‍ കാര്‍ലോസ് നെല്ലാര്‍, ബ്രസീലില്‍നിന്നുള്ള എവെര്‍ട്ടന്‍ ഗുല്‍മാരെസ്, കാമറൂണ്‍ സ്വദേശികളായ അമിനോ ബൗബാ, സോമലാഗ, ഡോഡിന്‍ഡോ, അഫ്ഘാന്‍ മിഡ്ഫീല്‍ഡര്‍ ഫര്‍ഷാദ് നൂര്‍ എന്നീ വിദേശ താരങ്ങളുടെ പിന്‍ബലത്തിലായിരിക്കും ഗോകുലത്തിന്റെ നീക്കങ്ങള്‍. വര്‍ഷങ്ങള്‍ക്കുമുന്‍പ് തെരട്ടമ്മല്‍ നാഷണല്‍ സ്‌പോര്‍ട്സ് ക്ലബ്ബ് ഏറ്റെടുത്താണ് ഗോകുലം ടീം ജനിച്ചത്. അങ്ങനെയാണ് ഗോകുലം മലപ്പുറം ജില്ലാ ഫുട്ബോള്‍ അസോസിയേഷന് കീഴില്‍ രജിസ്റ്റര്‍ചെയ്തത്. പിന്നീട് ഐ-ലീഗില്‍ കളിക്കാനൊരുങ്ങിയപ്പോള്‍ സ്വതന്ത്ര ടീമായി.
മലപ്പുറത്തു രജിസ്റ്റര്‍ ചെയ്ത ക്ലബ്ബായ ഗോകുലം പക്ഷേ ആദ്യമായാണ് ഇവിടെ ഐ-ലീഗ് മത്സരങ്ങള്‍ കളിക്കുന്നത്. കളി യൂറോ സ്‌പോര്‍ട്സ് ചാനലില്‍ തത്സമയം ഉണ്ടായിരിക്കും.
Content Highlights: ileague, i league, 2022-2023 i league, gokulam kerala fc, gokulam kerala match, gokulam football