അര്‍ജന്റീനയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ അക്രമാസക്തരായി, ഒരാള്‍ കൊല്ലപ്പെട്ടു

പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോള്‍ സ്‌റ്റേഡിയത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന ആരാധകര്‍ | Photo: AFP
പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോള്‍ സ്‌റ്റേഡിയത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന ആരാധകര്‍ | Photo: AFP

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകരും പോലീസും ഏറ്റുമുട്ടി. ഒരാള്‍ കൊല്ലപ്പെട്ടു. അര്‍ജന്റീനയിലെ ലീഗ് മത്സരത്തിനിടെയാണ് സംഭവമരങ്ങേറിയത്. 

ജിംനാസിയ വൈ എസ്ഗ്രിമയും ബൊക്ക ജൂനിയേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് കാണികള്‍ അക്രമാസക്തരായത്. ജിംനാസിയ വൈ എസ്ഗ്രിമ ടീമിന്റെ കാണികളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. തിങ്ങി നിറഞ്ഞ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാനായി പുറത്തുനിന്ന് ആരാധകര്‍ പ്രശ്‌നമുണ്ടാക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു. ജിംനാസിയ വൈ എസ്ഗ്രിമയുടെ ഹോം ഗ്രൗണ്ടിലാണ് സംഘര്‍ഷമുണ്ടായത്.

ആരാധകരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കാനായി പോലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. ഇതിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. തിക്കിലും തിരക്കിലും പെട്ട ഇയാള്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അര്‍ജന്റീന സുരക്ഷാ മന്ത്രി യുവാന്‍ കാര്‍മെലോ സെറീല്ലോ അറിയിച്ചു. മത്സരം തുടങ്ങി ഒന്‍പത് മിനിറ്റ് പൂര്‍ത്തിയായപ്പോഴാണ് സംഭവമുണ്ടായത്. സംഘര്‍ഷത്തെത്തുടര്‍ന്ന്  റഫറി ഹെര്‍നാന്‍ -മസ്ട്രാന്‍ജെലോ മത്സരം റദ്ദാക്കി. സുരക്ഷാ പിഴവുമൂലമാണ് സംഘര്‍ഷമുണ്ടായതെന്ന് ലീഗ് അധികൃതര്‍ ട്വീറ്റ് ചെയ്തു. 

കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് ഇരച്ചുകയറി ഗ്രൗണ്ടില്‍ ചിതറിയോടി. സ്‌റ്റേഡിയത്തിലുള്ള ഇരിപ്പിടത്തിന്റെ എണ്ണത്തേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റതിനാലാണ് പ്രശ്‌നമുണ്ടായതെന്ന് ചില ആരാധകര്‍ ആരോപിച്ചു. ടിക്കറ്റുണ്ടായിട്ടും സ്റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിച്ചതോടെയാണ് കാണികള്‍ അക്രമാസക്തരായതെന്നും റിപ്പോര്‍ട്ടുണ്ട്. 

ഇന്‍ഡൊനീഷ്യയില്‍ കഴിഞ്ഞ ആഴ്ച സമാനമായ സാഹചര്യമുണ്ടായിരുന്നു. ആരാധകരും പോലീസും ഏറ്റുമുട്ടിയപ്പോള്‍ അന്ന് 130-ലധികം പേരാണ് സ്റ്റേഡിയത്തില്‍ കൊല്ലപ്പെട്ടത്.

Content Highlights: argentina football clash, fan clash in argentina, football fight, argentina football, football newss