957-ാം റാങ്കില്‍ നിന്ന് 23 കോടി രൂപയിലേക്ക്; ഇത് സ്റ്റീഫന്‍സിന്റെ സ്വീറ്റ് റിവഞ്ച്

''പതിനൊന്നു മാസം മുമ്പ് കാലിനു പരിക്കേറ്റ ഞാന്‍, കഴിഞ്ഞ ജനുവരിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി. എഴുന്നേറ്റ് നടക്കാന്‍പോലുമാകാത്ത അക്കാലത്ത്, യു.എസ്. ഓപ്പണ്‍ ജയിക്കാനാകുമെന്ന് എന്നോട് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍, അസാധ്യമാണെന്ന് ഞാന്‍ തിരിച്ചുപറയുമായിരുന്നു. തീര്‍ത്തും അസാധ്യം''-യു.എസ്. ഓപ്പണ്‍ ഫൈനലിനുശേഷം കിരീടവും കൈയിലേന്തി സ്ലോവാനി സ്റ്റീഫന്‍സ് പറഞ്ഞു.
അസാധ്യം എന്നതും ഒരു സാധ്യതയാണെന്ന് ഞായറാഴ്ച പുലര്‍ച്ചെ ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ സ്ലോവാനി തെളിയിച്ചു. പരിക്കേറ്റ് 11 മാസം ടെന്നീസ് കോര്‍ട്ടില്‍നിന്ന് വിട്ടുനിന്നശേഷം സീഡില്ലാതെ ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിനെത്തി യു.എസ്. ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടവുമായി മടങ്ങി. സ്വന്തം നാട്ടുകാരിയും കൂട്ടുകാരിയുമായ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകളില്‍ (6-3, 6-0) കീഴടക്കിയാണ് അമേരിക്കയുടെ സ്റ്റെഫാനി ടെന്നീസ് ചരിത്രത്തിന്റെ ഭാഗമായത്.
സ്ലൊവാനിയുടെ തിരിച്ചുവരവിനെ 957-ാം റാങ്കില്‍ നിന്ന് 23 കോടി രൂപയിലേക്ക് എന്ന് ഒരൊറ്റ വാചകത്തില്‍ വിശേഷിപ്പിക്കാം. 2013ല്‍ പതിനൊന്നാം റാങ്കിലായിരുന്ന അമേരിക്കന്‍ യുവതാരം പരിക്കിന്റെ പിടിയിലാതോടെ റാങ്കിങ്ങില്‍ 957-ാം സ്ഥാനത്തേക്ക് വീണു. നിരാശയുടെ പടുകുഴിയില്‍ വീണിട്ടും പ്രത്യാക്ഷയുടെ തിരിനാളം സ്റ്റീഫന്‍സിന് മുന്നിലുണ്ടായിരുന്നു. പരിശീലനം തന്നെയെല്ലാമെന്ന് വിശ്വസിച്ച് മുന്നേറിയ സ്റ്റീഫന്‍സ് യു.എസ് ഓപ്പണിനിങ്ങുമ്പോള്‍ ലോകറാങ്കിങ്ങില്‍ 83-ാം സ്ഥാനത്തെത്തിയിരുന്നു. കിരീടം കൂടി നേടിയതോടെ ലോകത്തെ മികച്ച പതിനേഴാമെത്തെ വനിതാ ടെന്നീസ് താരമായി സ്റ്റീഫന്‍സ് മാറി.
ഗ്രാന്‍സ്ലാമില്‍ സീഡില്ലാതെ എത്തി കിരീടം നേടുന്ന അഞ്ചാമത്തെ വനിതയും യു.എസ്. ഓപ്പണില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വനിതയുമാണ് ഈ ഇരുപത്തിനാലുകാരി. 2009-ല്‍ സീഡില്ലാതെ എത്തി കിരീടം നേടിയ കിം ക്ലൈസ്റ്റേഴ്സാണ് ഈ നേട്ടത്തില്‍ സ്റ്റീഫന്‍സിന്റെ മുന്‍ഗാമി.
2013-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ സെമിഫൈനലിലെത്തിയതാണ് സ്ലോവാനിയുടെ മുമ്പത്തെ വലിയ നേട്ടം. അതേവര്‍ഷം വിംബിള്‍ഡണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു. ഇക്കുറി സെമിഫൈനലില്‍ മറ്റൊരു അമേരിക്കന്‍ താരം വീനസ് വില്യംസിനെ കീഴടക്കി കിരീടപോരാട്ടത്തിനെത്തിയ സ്ലോവാനി ഫൈനലില്‍ 61 മിനിറ്റിനുള്ളിലാണ്‌ വിജയം പിടിച്ചെടുത്തത്‌.


VIEW ON mathrubhumi.com