അങ്കിൾ ടോണി ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു നഡാൽ

By: പി.ജെ.ജോസ്
നിക്കു സാധിക്കാതെ പോയ കാര്യങ്ങള്‍ മക്കളിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രമിച്ച മാതാപിതാക്കളുടെ കഥകള്‍ ഏറെയുണ്ട്. സ്വന്തം ജ്യേഷ്ഠന്റെ പുത്രനിലൂടെ തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ചയാളാണ് ടോണി നഡാല്‍. ടെന്നീസ് ചക്രവര്‍ത്തി റാഫേല്‍ നഡാലിന്റെ പരിശീലകന്‍. റാഫേല്‍ നഡാലിന്റെ അച്ഛന്‍ സെബാസ്റ്റ്യന്റെ സഹോദരന്‍. നഡാലിന്റെ സ്വന്തം അങ്കിള്‍ ടോണി.
ഇക്കുറി യു.എസ്. ഓപ്പണ്‍ കിരീടം നേടി കരിയറിലെ പതിനാറാം ഗ്രാന്‍ഡ് സ്ലാം കിരീടം തന്റെ ശിഷ്യന്‍ സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ടോണി. സീസണൊടുവില്‍ നഡാലിന്റെ പരിശീലക സ്ഥാനത്തു നിന്ന് വിരമിക്കുകയാണ് അദ്ദേഹം.
ആരാണ് ടോണി നഡാല്‍. 'റാഫാ മൈ സ്റ്റോറി' എന്ന റാഫേല്‍ നഡാലിനെക്കുറിച്ചുള്ള ആത്മകഥാപരമായ പുസ്തകത്തില്‍ ടോണി തനിക്ക് ആരാണെന്നും ടെന്നീസിനേക്കാളേറെ ഫുട്‌ബോളിനെ സ്‌നേഹിച്ചിരുന്ന ഒരു പയ്യനെ ലോകമറിയുന്ന ടെന്നീസ് ചാമ്പ്യന്‍ മാത്രമല്ല പോരാളിയായി ടോണി മാറ്റിയതെങ്ങനെയാണെന്നും നഡാല്‍ വിവരിക്കുന്നുണ്ട്. ടോണിക്കുവേണ്ടി മാത്രമായി ഒരു അധ്യായമാണ് പുസ്തകത്തില്‍ മാറ്റിവച്ചിരിക്കുന്നത്.
റാഫേലിന്റെ അച്ഛന്‍ സെബാസ്റ്റ്യന് മൂന്ന് സഹോദരന്‍മാരും ഒരു സഹോദരിയുമാണുള്ളത്. സെബാസ്റ്റ്യനാണ് മൂത്തയാള്‍. ടോണി, റാഫേല്‍, സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും മുന്‍ താരമായിരുന്ന മിഗ്വല്‍ എയ്ഞ്ചല്‍ എന്നിവരാണ് സഹോദരങ്ങള്‍. മരിലെന്‍ സഹോദരിയും.
ടേബിള്‍ ടെന്നീസിലും ചെസിലും കഴിവു തെളിയിച്ചെങ്കിലും ബാല്യത്തിലെ തന്നെ ടെന്നീസായിരുന്നു ടോണിക്ക് പ്രിയം. സ്‌പെയിനിലെ ഏറ്റവും മികച്ച താരമാകുക എന്ന ലക്ഷ്യവുമായി പരിശീലിച്ച ടോണിക്ക് പക്ഷേ ലക്ഷ്യം പൂര്‍ത്തിയാക്കാനായില്ല. ഉയരങ്ങളിലേക്ക് മുന്നേറാനുള്ള കില്ലര്‍ ഇന്‍സ്റ്റിന്‍ക്റ്റ് ടോണിക്കില്ലായിരുന്നു. അവിടെ ചുവടു പിഴച്ച ടോണി മയോര്‍ക്കയിലെ കുട്ടികളുടെ ടെന്നീസ് പരിശീലിപ്പിക്കുകയെന്ന ലക്ഷ്യം ഏറ്റെടുത്തു.
ടോണിക്ക് കിട്ടിയ വരദാനമായിരുന്നു കുഞ്ഞു റാഫയെന്ന് 'റാഫ മൈ സ്റ്റോറി' പറയുന്നു. ഭാവി ചാമ്പ്യനുവേണ്ട സ്വാഭാവിക കഴിവുകളുള്ള താരമാണ് ജ്യേഷ്ഠന്റെ മകനെന്ന് ടോണി തിരിച്ചറിഞ്ഞു. ഇനി വേണ്ടത് അവനെ ഒരു പോരാളിയായി വളര്‍ത്തിയെടുക്കുക എന്നതാണ്. തനിക്ക് സംഭവിച്ച പിഴ അവന് വരരുത്. മുള്ളുകള്‍ നിറഞ്ഞ വഴികളിലൂടെ തന്നെ ടോണി അവനെ നടത്തി. ബന്ധുക്കള്‍ എതിര്‍ത്തപ്പോഴും.
സഹനശക്തി (എന്‍ഡ്യുറെന്‍സ്) എന്ന തീയില്‍ കുരുത്ത ഗുണമാണ് ടോണി, തന്റെ ശിഷ്യനില്‍ നിറച്ചത്. 'നിന്റെ മുമ്പില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ ഇപ്പോഴത്തെ പരിശീലനം കൊണ്ട് നിനക്ക് തൃപ്തിപ്പെടാം. അല്ലായെങ്കില്‍ പരിശീലനം നിറുത്താന്‍ തോന്നുമ്പോഴും വീണ്ടും കഠിനമായി പരിശീലിച്ചുകൊണ്ടേയിരിക്കുക. അതുവഴി നിന്റെ സഹനശക്തി കൂടും'. അങ്കിള്‍ പറഞ്ഞ രണ്ടാമത്തെ വഴിയാണ് കുഞ്ഞു റാഫേല്‍ തിരഞ്ഞെടുത്തത്. കരിയറിലുടനീളം പരിക്കും മറ്റു തിരിച്ചടികളും നേരിട്ടിട്ടും പതറാതെ തിരിച്ചു വന്ന് വീണ്ടും ടെന്നീസ് ലോകത്തിന്റെ മുന്‍നിരയിലെത്താന്‍ നഡാലിനെ സഹായിക്കുന്നത് ടോണി നല്‍കിയ ഈ അടിസ്ഥാന പാഠങ്ങളാണ്.
ബാലനായ റാഫേലിന് ടോണി നല്‍കുന്ന കഠിന പരിശീന മുറകള്‍ കുടുംബത്തില്‍ എതിര്‍പ്പുണ്ടാക്കുന്നുണ്ട്. റാഫേലിന്റെ അമ്മ അന്ന മരിയ പെരേര പ്രതിഷേധം വ്യക്തമായി പറഞ്ഞു. അവരുടെ സഹോദരനും റാഫേലിന്റെ തലതൊട്ടപ്പനുമായ യുവാന്‍ പറഞ്ഞത് ടോണി കുഞ്ഞിനെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ്. സെബാസ്റ്റിയനടക്കമുള്ളവര്‍ക്കും ടോണിയുടെ രീതികളില്‍ എതിര്‍പ്പുണ്ടായിരുന്നു. ഇതൊന്നും വകവയ്ക്കാതെ ടോണി തന്റെ ശിഷ്യനെ വന്‍ ലക്ഷ്യങ്ങള്‍ക്കായി ഒരുക്കി.
മയോര്‍ക്കയിലെയും സ്‌പെയിനിലെയും ടൂര്‍ണമെന്റുകളില്‍ തന്നേക്കാള്‍ ആറും ഏഴും വയസ് പ്രായം കൂടുതലുള്ളവരെ തോല്‍പ്പിച്ച് നഡാല്‍ ചാമ്പ്യനാകുമ്പോള്‍ അമിതമായി ആഹ്ലാദിക്കാതിരിക്കാനും ടോണി തന്റെ ശിഷ്യനെ പഠിപ്പിച്ചു. കിരീടം നേടിയതിന്റെ സന്തോഷത്തില്‍ കുഞ്ഞു നഡാല്‍ ഇരിക്കുമ്പോള്‍ കളിയിലെ കുറവുകളെക്കുറിച്ചായിരിക്കും ടോണിക്ക് പറയാനുണ്ടാകുക. 'നീ ഇതുവരെ ഒന്നും നേടിയിട്ടില്ല. എതിരാളി നിന്നേക്കാള്‍ മോശമായതുകൊണ്ടു മാത്രമാണ് നീ ജയിച്ചത്. ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്'. വിജയങ്ങളില്‍ അമിതമായി ആഹ്ലാദിക്കാതെ കാല് നിലത്തു ചവിട്ടി നില്‍ക്കാന്‍ അദ്ദേഹം ചെറുപ്പത്തിലേ ശിഷ്യനെ പ്രാപ്തനാക്കുകയായിരുന്നു.
തോല്‍വിയില്‍ പോലും അവസാന പോയന്റിനായി വരെ പൊരുതുന്ന പോരാളിയായാണ് നഡാല്‍ അറിയപ്പെടുന്നത്. ഇതിന്റെ ക്രെഡിറ്റ് ടോണിക്കുള്ളതാണ്. അതിനൊപ്പം ടെന്നീസ് ലോകത്തിലെ ഏറ്റവും മാന്യനായ താരങ്ങളിലൊരാളായും ടോണി ശിഷ്യനെ വളര്‍ത്തി. നഡാല്‍ ഒരിക്കല്‍പ്പോലും കോര്‍ട്ടില്‍ അസഭ്യം പറയുകയോ, എതിരാളിയെ അധിക്ഷേപിക്കുകയോ, റാക്കറ്റ് വലിച്ചെറിയുകയോ ചെയ്തിട്ടില്ല. ജയിക്കുമ്പോള്‍ അമിതാഹ്ലാദമോ തോല്‍ക്കുമ്പോള്‍ അധികം നിരാശയോ പ്രകടിപ്പിക്കാറുമില്ല. എതിരാളി വിജയിക്കുമ്പോള്‍ നിറഞ്ഞമനസ്സോടെ അഭിനന്ദിക്കുന്ന നഡാലിനെയാണ് ടെന്നീസ് പ്രേമികള്‍ക്ക് പരിചയം. ഇതൊക്കെ ടോണിയും നഡാല്‍ കുടുംബവും ബാല്യത്തിലെ റാഫേലിനെ പരിശീലിപ്പിച്ച നല്ല ഗുണങ്ങളാണ്. വിജയത്തില്‍ നിന്നും വിജയത്തിലേക്കു കുതിക്കുമ്പോഴും ചിലപ്പോള്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീഴുമ്പോഴും പിടിച്ചുനില്‍ക്കാന്‍ നഡാലിനെ സഹായിക്കുന്നത് ചെറുപ്പത്തില്‍ ലഭിച്ച് ഈ പരിശീലനമാണ്.
ബാല്യത്തില്‍ നഡാല്‍ മയോര്‍ക്കയിലെ ഒരു ടൂര്‍ണമെന്റില്‍ കിരീടം നേടിയപ്പോള്‍ അമ്മായി മരിലന്‍ ആവേശം കയറി കയ്യടി തുടര്‍ന്നു. കത്തുന്ന ഒരു നോട്ടത്തിലൂടെ ടോണി തന്റെ സഹോദരിയെ നിശബ്ദയാക്കുന്നത് പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അനാവശ്യമായ പ്രോത്സാഹനങ്ങള്‍ പിന്‍വിളികളാകുമെന്നായിരുന്നു സഹോദരിക്ക് പിന്നീട് ടോണി നല്‍കിയ ഉപദേശം.
ടോണിയുടെ കീഴില്‍ നഡാലിനൊപ്പം പരിശീലിച്ചിരുന്ന കുട്ടികള്‍ അന്നത്തെ കഥകള്‍ വിവരിക്കുന്നുണ്ട്. പരിശീലനത്തിനു ശേഷം അവര്‍ക്കു പോകാം. പന്തുകള്‍ പെറുക്കിയെടുത്തുകൊണ്ടു വരേണ്ടതും. കോര്‍ട്ട് തൂത്തുവാരി വൃത്തിയാക്കേണ്ടതുമെല്ലാം റാഫേലിന്റെ ചുമതലയാണ്. ജ്യേഷ്ഠന്റെ മകനില്‍ അനുസരണത്തിന്റെ നല്ല പാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു ടോണി.
2015, 2016 സീസണുകളില്‍ നഡാലിന്റെ ഫോം തീര്‍ത്തും മങ്ങിയപ്പോള്‍ ടോണിയെ പരിശീലക സ്ഥാനത്തു നിന്നു മാറ്റണമെന്ന് ടെന്നീസ് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ തന്നെ താനാക്കിയ ടോണിക്കൊപ്പം തുടരുകയാണ് നഡാല്‍ ചെയ്തത്. ആ വിശ്വാസത്തിനുള്ള ഫലങ്ങളായിരുന്നു പത്താം ഫ്രഞ്ച് ഓപ്പണ്‍ കിരീടവും കരിയറിലെ മൂന്നാം യു.എസ്. ഓപ്പണ്‍ കിരീടവും.
കഴിഞ്ഞ ദിവസം യു.എസ്. ഓപ്പണ്‍ കിരീടം നേടിയശേഷം നഡാല്‍ പറഞ്ഞ വാക്കുകള്‍ തന്നെയായിരുന്നു ടോണിക്കുള്ള ഏറ്റവും വലിയ ഉപഹാരം. മൂന്നാം വയസ്സു മുതല്‍ ടോണി നല്‍കിയ കഠിനമായ പരിശീലനമാണ് പ്രതിസന്ധികളെയും പരിക്കുകകളെയും തോല്‍പിച്ച് ടെന്നീസ് ലോകത്തിന്റെ നിറുകയിലെത്താന്‍ തന്നെ സഹായിച്ചതെന്നാണ് നഡാല്‍ ഒരിക്കല്‍ക്കൂടി ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്. സ്വതവേ പരുക്കനായ ടോണിയുടെ കണ്ണുകള്‍ ഇതു കേട്ട് ഈറനണിഞ്ഞിട്ടുണ്ടാവാം. അതേ സ്വന്തം ശിഷ്യന്‍ ഒരിക്കല്‍ക്കൂടി ടെന്നീസ് ലോകത്തിന്റെ നെറുകയിലെത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നു അത്.


VIEW ON mathrubhumi.com