ഗോകുലത്തിന്റെ ഗോള്‍ മെഷീന്‍, മെയ്ഡ് ഇന്‍ യുഗാണ്‍ഡ

പൊടിപാറുന്ന റോഡിലൂടെ വെള്ളം നിറച്ച കാനുകള്‍ തലയില്‍വെച്ച് പൊള്ളുന്ന ചൂടിലും ചെരുപ്പിടാതെ നടന്നുപോകുന്ന സ്ത്രീകളും കുട്ടികളും യുഗാണ്‍ഡയിലെ സാധാരണ കാഴ്ച്ചയാണ്. ആ കൂട്ടത്തിലെ ഒരു കുട്ടിയായിരുന്നു ഫസീല ഇക്വാപുട്ടും. ഇടയ്ക്ക് അമ്മ കാണാതെ 'വെള്ളം ചുമയ്ക്കലില്‍' നിന്ന് മുങ്ങുന്ന അവള്‍ തെരുവില്‍ പന്ത് തട്ടിക്കളിക്കുന്ന ആണ്‍കുട്ടികള്‍ക്കടുത്തേക്ക് ഓടും. അമ്മ ചീത്ത പറയുന്നതുവരെ കളി തുടരും. ലോകമറിയുന്ന ഫുട്ബോള്‍ താരമായി വളരാന്‍ പോകുന്ന പെണ്‍കുട്ടിയാണ് ഫസീലയെന്ന് അന്ന് അമ്മയ്ക്കറിയില്ലായിരുന്നു. 18 വര്‍ഷങ്ങള്‍ക്കിപ്പുറം ഫുട്ബോളില്‍ സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയെടുത്ത ഫസീല ഗോളടിക്കാത്ത മത്സരങ്ങള്‍ കുറവാണ്. ഇന്ത്യന്‍ വനിതാ ലീഗ് 2024 സീസണില്‍ ഗോകുലത്തിനായി ഒമ്പത് മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളുമായി ടോപ്പ് സ്‌കോററായി. ബാഴ്സലോണയ്ക്കെതിരെ ഗോള്‍ നേടിയ, യുഗാണ്‍ഡയുടെ സ്ട്രൈക്കറായ, ആഫിക്കന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ഫസീലയുടെ ജീവിതം വേനലില്‍ നിന്ന് വസന്തത്തിലേക്കുള്ള യാത്രയാണ്. നിലവില്‍ ഗോകുലം ടീമിനൊപ്പം കോഴിക്കോടുള്ള ഫസീല മാതൃഭൂമിയുമായി സംസാരിക്കുന്നു.
കുട്ടിക്കാലം മുതല്‍ കൂടെയുള്ള ഫുട്ബോള്‍
യുഗാണ്‍ഡയുടെ കിഴക്കന്‍ പ്രദേശമായ എംബാലെയ്ക്കടുത്ത നകലോകയിലാണ് ജനിച്ചത്. അച്ഛന്‍ അബ്ദള്ള ലബോങ് പോലീസ് ഓഫീസറായിരുന്നു. അമ്മ സോഫി നബ്വെയര്‍ വീട്ടമ്മയും. മൂന്ന് സഹോദരങ്ങള്‍. അച്ഛന്റെ വരുമാനം ആറംഗ കുടുംബത്തിന്റെ ജീവിതച്ചെലവിന് മാത്രമേയുണ്ടാകൂ. അച്ഛന് ജോലിയുള്ളതിനാല്‍ മറ്റു കുട്ടികളെപ്പോലെ വിശന്നിരിക്കേണ്ടി വന്നിട്ടില്ല. പക്ഷേ എനിക്ക് ബൂട്ടും കിറ്റുമൊന്നും വാങ്ങാനുള്ള പൈസയുണ്ടായിരുന്നില്ല. എനിക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ആ സമയത്ത് ആരുമുണ്ടായിരുന്നില്ല. അച്ഛന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകന്‍ ആയിരുന്നു എന്നത് മാത്രമായിരുന്നു കുടുംബത്തിന് ഫുട്ബോളുമായുണ്ടായിരുന്ന ബന്ധം. ആണ്‍കുട്ടികളുടെ കൂടെ കളിക്കുമ്പോഴെല്ലാം എനിക്ക് കഴിവുണ്ടെന്ന് അവര്‍ എന്നോട് പറയും. പക്ഷേ മുന്നോട്ടുള്ള യാത്രയ്ക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. അതിന്റെ കൂടെ പെണ്‍കുട്ടികള്‍ ഫുട്ബോള്‍ കളിക്കേണ്ടെന്ന വിലക്കും. 12-ാം വയസിലാണ് ഞാന്‍ കോച്ച് ശബാന്‍ ബുലോലോയെ കണ്ടുമുട്ടുന്നത്. അത് എന്റെ കരിയറിലെ വഴിത്തിരിവായി.
പ്രൊഫഷണല്‍ ഫുട്ബോളിലേക്കുള്ള യാത്ര
സ്‌കൂള്‍ തലത്തില്‍ കളിക്കാന്‍ തുടങ്ങിയ ഞാന്‍ ഫുട്ബോളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഹയര്‍സെക്കണ്ടറിയോടെ വിദ്യാഭ്യാസം താത്ക്കാലികമായി അവസാനിപ്പിച്ചു. ഈസ്റ്റേണ്‍ ഹീറോസ് പോലുള്ള നാട്ടിലെ ക്ലബ്ബുകള്‍ക്കായും കളിച്ചു. ഒരിക്കല്‍ നകലോകയ്ക്ക് അടുത്തുള്ള സൊറോട്ടയില്‍ നടന്ന ഫുട്ബോള്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ഞാനും പോയി. അവിടെ ഉഗാണ്ട വനിതാ ടീമിന്റെ പരിശീലക മജീദ നന്‍താന്‍ദയുമുണ്ടായിരുന്നു. എന്റെ കളി ശ്രദ്ധിച്ച അവര്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ ഫോണ്‍കോള്‍ എന്നെ തേടിയെത്തി. വനിതാ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യുഗാണ്‍ഡയുടെ ടീമില്‍ ഞാനും ഭാഗമാണെന്ന് പറഞ്ഞു. അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ആദ്യ മത്സരത്തില്‍ ഞങ്ങള്‍ കെനിയയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ സന്‍സിബാറിനെ ഒമ്പത് ഗോളിന് തോല്‍പ്പിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ എന്റെ ഗോളില്‍ ജയിച്ച യുഗാണ്‍ഡ ടീം സെമി ഫൈനലിലുമെത്തി.
ക്ലബ്ബ് കരിയറിന്റെ തുടക്കം
2016 മുതല്‍ ഒലീലിയ ഹൈസ്‌കൂള്‍ ലേഡീസിന് വേണ്ടിയാണ് കളിച്ചത്. അന്ന് എതിരാളികളായ സൊറോട്ടിയില്‍ നിന്ന് ഓഫറുകള്‍ വന്നെങ്കിലും ഒലീലിയുടെ പരിശീലകന്‍ സദ്ദാം സിഫു പാണ്ഡെ എന്നെ വിട്ടുകൊടുത്തില്ല. രണ്ട് വര്‍ഷം നബോസയ്ക്കൊപ്പം ഒലീലിയുടെ മുന്നേറ്റം നയിച്ചു. അന്ന് ഫുഫ വിമണ്‍സ് കപ്പ് ഒലീലിയ സ്വന്തമാക്കി. ഏഴു ഗോളുകളോടെ ഞാന്‍ ഗോള്‍ഡന്‍ ബൂട്ട് അണിഞ്ഞു. നബോസ ടൂര്‍ണമെന്റിലെ മികച്ച താരമായി. പാണ്ഡെ മികച്ച പരിശീലകനായും തെരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം വിമണ്‍സ് എലൈറ്റ് ലീഗില്‍ ആറു ഗോളുകളുമായി തിളങ്ങിയ ഞാന്‍ യുഗാണ്‍ഡയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.
ബാഴ്സലോണയ്ക്കെതിരായ ഗോള്‍
എന്റെ ജീവിതത്തിലെ സന്തോഷവും നിരാശയും ഒരുപോലെ അനുഭവിച്ച മത്സരം. അന്ന് കസാഖ്‌സാതാന്‍ ക്ലബ്ബ് ബിക്-കാസിഗര്‍ട്ടിന്റെ സ്ട്രൈക്കറായിരുന്നു. 2018-ലെ വനിതാ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ കാസിഗര്‍ട്ടും ബാഴ്സലോണയും മുഖാമുഖം വന്നു. രണ്ടാം പകുതിയില്‍ ഇറങ്ങിയ ഞാന്‍ അന്ന് ഒരു ഗോള്‍ നേടുകയും ഗോളിന് വഴിയൊരുക്കുകയം ചെയ്തു. 3-1ന് ബാഴ്സലോണ തോറ്റു. പക്ഷേ എവേ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് ഞാന്‍ പുറത്തായി. 3-0ത്തിന് ഞങ്ങളെ തോല്‍പ്പിച്ച് ബാഴ്സ പ്രീ ക്വാര്‍ട്ടറിലുമെത്തി. അന്നത്തെ ആ പരിക്കോര്‍ത്ത് ഞാന്‍ ഇപ്പോഴും നിരാശപ്പെടാറുണ്ട്.
ഗോകുലവും കേരളവും
രണ്ടാം തവണയാണ് ഞാന്‍ ഗോകുലത്തിന്റെ ഭാഗമാകുന്നത്. 2018-ലെ സീസണിലാണ് ആദ്യം കളിച്ചത്. അന്ന് മാര്‍ച്ചിലാണ് ടീമിനൊപ്പം ചേര്‍ന്നത്. രണ്ട് മാസം കേരളത്തിലുണ്ടായിരുന്നു. ആറു മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടി. പിന്നീട് യുഗാണ്‍ഡയിലെ ലോഡി ഡോവ്സ് എഫ്സി, കംപാല ക്യൂന്‍സ് എഫ്സി തുടങ്ങിയ ക്ലബ്ബുകളില്‍ കളിച്ചു. ഇതിനിടയില്‍ സൈപ്രസിലെ ഒമോനിയ വിമണ്‍ എഫ്സിയുടേയും ഭാഗമായി. കംപാലയുമായുള്ള കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് ഗോകുലത്തില്‍ എത്തുന്നത്. ഇത്തവണ ജനുവരിയിലാണ് ടീമിനൊപ്പം ചേര്‍ന്നത്. സ്ട്രൈക്കറായുള്ള എന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു എന്നാണ് കരുതുന്നത്. സീസണില്‍ വൈകിയെത്തിയിട്ടും ടോപ്പ് സ്‌കോററായി. അത് ചെറിയ നേട്ടമല്ല. തുടക്കത്തില്‍ തന്നെ ഗോളുകള്‍ കണ്ടെത്തിയിരുന്നെങ്കില്‍ ഗോകുലത്തിന് ഇത്തവണയും കിരീടം നേടാനാകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ രണ്ടാം സ്ഥാനത്തായിപ്പോയി.
ഭാവി പദ്ധതികള്‍
യൂറോപ്യന്‍ ഫുട്ബോള്‍ ക്ലബ്ബുകളില്‍ കളിക്കണമെന്ന ആഗ്രഹം അവശേഷിക്കുന്നുണ്ട്. ഇപ്പോള്‍ 28 വയസ്സായി. ഇനി അത് സാധിക്കുമോ എന്നറിയില്ല. ഞാന്‍ ഫുട്ബോള്‍ കളിച്ചുവളര്‍ന്നത് വളരെ മോശം സാഹചര്യത്തിലായിരുന്നു. നാട്ടിലെ കുട്ടികളും അത്തരം ദുരിതത്തിലൂടെ കടന്നുപോകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിന് പരിഹാരമായി ഞാന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എംബാലെയില്‍ കുട്ടികള്‍ക്കായി 'ഫസീല ഇനീഷിയേറ്റീവ്' എന്ന പേരില്‍ ഒരു ഫുട്ബോള്‍ അക്കാദമി തുടങ്ങി. നിലവില്‍ അക്കാദമിയില്‍ അഞ്ഞൂറിലധികം കുട്ടികളുണ്ട്. പ്രധാനമായും പെണ്‍കുട്ടികള്‍ക്കുവേണ്ടിയാണ് ഈ അക്കാദമി തുടങ്ങിയത്. ഇതിനൊപ്പം നാട്ടില്‍ കൃഷിയും തുടങ്ങി. വിപണി ലക്ഷ്യമിട്ട് പച്ചക്കറികളും പൂക്കളുമാണ് കൃഷി ചെയ്യുന്നത്. എംബാലെയിലും സൊറോട്ടിയിലുമായി നിരവധി മൊബൈല്‍ മണി കൗണ്ടറുകളും ഉണ്ട്. ഞാന്‍ സ്ഥിരമായി നാട്ടില്‍ ഇല്ലാത്തതിനാല്‍ അമ്മയാണ് ഇതിന്റെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്.
Content Highlights: gokulam kerala fcs goal machine uganda international fazila ikwaput