നഡാലിനു ശേഷം കളിമണ്‍ കോര്‍ട്ടിലെ ചക്രവര്‍ത്തിയാകാന്‍ ഡൊമിനിക് തീം

Image Courtesy: Twitter
Image Courtesy: Twitter

റൊളാങ് ഗാരോസിലെ ചക്രവര്‍ത്തിപ്പട്ടം റാഫേല്‍ നഡാലിനുമാത്രം അവകാശപ്പെട്ടതാണോ? കരിയറില്‍ 12 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളുമായി അത്യപൂര്‍വമായ നേട്ടത്തോടെ നഡാല്‍ യാത്ര തുടരുന്നു. അപ്പോള്‍ നഡാലിന്റെ പിന്‍ഗാമിയോ?

ഫ്രഞ്ച് ഓപ്പണ്‍ സംഘാടകരായ റൊളാങ് ഗാരോസ് അധികൃതര്‍ക്ക് അതിന് വ്യക്തമായ ഉത്തരമുണ്ട്. അവരുടെ വെബ്സൈറ്റില്‍ അവരത് തെളിച്ചുപറഞ്ഞിട്ടുമുണ്ട്, ഡൊമിനിക് തീം എന്നാണ് ആ പിന്‍ഗാമിയുടെ പേര്. ഓസ്ട്രിയയില്‍ നിന്നുള്ള ഈ പോരാളി ഇതിനകംതന്നെ അത് തെളിയിച്ചുകഴിഞ്ഞു. ടെന്നീസിലെ ബിഗ് ത്രീ എന്നറിയപ്പെടുന്ന ഫെഡറര്‍, നഡാല്‍, ജോക്കോവിച്ച് ത്രയങ്ങളില്‍ ഫെഡററെ പിന്തള്ളി ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും തീമിനായി. ഒരു ഗ്രാന്‍സ്ലാം കിരീടനേട്ടം അകലെയല്ലെന്നതിന്റെ സൂചനകളാണ് തീം ഈയിടെയായി നല്‍കുന്നത്.

ഫ്രഞ്ച് ഓപ്പണില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തുടരെ രണ്ട് ഫൈനലുകള്‍. അതിനു മുമ്പുള്ള രണ്ട് വര്‍ഷങ്ങളില്‍ സെമിഫൈനല്‍ സ്ഥാനവും. 2018-ലെ ഫൈനലില്‍ റാഫേല്‍ നഡാലിനോട് നേരിട്ടുള്ള സെറ്റുകളില്‍ തോറ്റെങ്കില്‍ കഴിഞ്ഞ ഫൈനലില്‍ കൂടുതല്‍ മികവുറ്റ പ്രകടനമുണ്ടായി. വെറുതെയല്ല റൊളാങ് ഗാരോസ് അധികൃതര്‍ തീമിനെ 'കിരീടാവകാശി' എന്ന് വിശേഷിപ്പിക്കുന്നത്.

ഫ്രഞ്ച് ഓപ്പണിലെ പ്രകടനങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇക്കുറി ഓസ്ട്രേലിയന്‍ ഓപ്പണില്‍ തീമിന്റെ മുന്നേറ്റം. കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം മെല്‍ബണില്‍ നേടുമെന്ന സൂചനകള്‍ നല്‍കിയായിരുന്നു അദ്ദേഹത്തിന്റെ മുന്നേറ്റം. ക്വാര്‍ട്ടറില്‍ അപ്പോഴത്തെ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നഡാലിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ചു. സെമിയില്‍ മറ്റൊരു പുതുതലമുറ താരം അലക്‌സാണ്ടര്‍ സെവരേവിനെ കീഴടക്കി. നൊവാക് ജോക്കോവിച്ചിനെതിരായ കലാശപ്പോരാട്ടത്തില്‍ പൊരുതിത്തന്നെയാണ് തീം കീഴടങ്ങിയത്.

റാഫേല്‍ നഡാല്‍, നൊവാക് ജോക്കോവിച്ച്, റോജര്‍ ഫെഡറര്‍

വമ്പന്‍ മത്സരങ്ങളിലെ പരിചയസമ്പത്താണ് ജോക്കോവിച്ചിന് തുണയായത്. ഓസ്ട്രേലിയന്‍ ഓപ്പണിലെ പ്രകടനത്തോടെ ഫെഡററെ പിന്തള്ളി തീം ലോക മൂന്നാം റാങ്കിലേക്ക് കുതിച്ചെത്തി. 2007-ല്‍ ഫെഡറര്‍ക്കും നഡാലിനുമൊപ്പം ജോക്കോവിച്ച് ടോപ് ത്രീയിലെത്തിയശേഷം ഈ പദവിയിലെത്തുന്ന പത്താം താരംമാത്രമാണ് തീം. നെക്സ്റ്റ് ജെന്‍ താരങ്ങളില്‍ രണ്ടാമത്തെയാളും. അലക്‌സാണ്ടര്‍ സെവരേവാണ് ഈ പദവി നേടുന്ന ന്യൂജെന്‍ താരങ്ങളില്‍ ഒന്നാമത്.

സ്ഥിരതയോടെയുള്ള പുരോഗതിയാണ് ഭാവിയിലെ ഒന്നാം നമ്പര്‍ താരമായി തീമിനെ വിശേഷിപ്പിക്കാന്‍ കാരണം. മുന്‍ഗാമിയായ ഓസ്ട്രിയന്‍ താരം തോമസ് മസ്റ്ററെപ്പോലെ കളിമണ്‍ കോര്‍ട്ടില്‍ മികവു തെളിയിച്ചാണ് തീമിന്റെ തുടക്കം. ഹാര്‍ഡ് കോര്‍ട്ടുകളില്‍ പലപ്പോഴും അദ്ദേഹം പതറിയിരുന്നു. ചിട്ടയായ പിശീലനത്തിലൂടെ ഈ ദൗര്‍ബല്യം തീം മറികടന്നു.

മുന്‍ ചിലിയന്‍ താരവും ഒളിമ്പിക്‌സ് സ്വര്‍ണജേതാവുമായ നിക്കോളാസ് മസുവിനെ പരിശീലകനായി തിരഞ്ഞെടുത്തതും തീമിന് ഗുണം ചെയ്തു. കഴിഞ്ഞവര്‍ഷം എ.ടി.പി. ഫൈനല്‍സിലെ (ലോകറാങ്കിങ്ങില്‍ ആദ്യ എട്ടു സ്ഥാനത്തുള്ളവര്‍ മത്സരിക്കുന്ന വര്‍ഷാവസാന ടൂര്‍ണമെന്റ്) കലാശപ്പോരാട്ടം വരെയെത്തിയതും ഇക്കുറി ഓസ്ട്രേലിയന്‍ ഓപ്പണിലെ സ്വപ്നക്കുതിപ്പും ഇതിനുദാഹരണം.

എ.ടി.പി ഫൈനല്‍സില്‍ റൗണ്ട് റോബിന്‍ മത്സരങ്ങളില്‍ ഫെഡററെയും ജോക്കോവിച്ചിനെയും തീം തോല്‍പ്പിക്കുകയും ചെയ്തിരുന്നു. നെക്സ്റ്റ് ജെന്‍ താരങ്ങളുടെ സെമിയില്‍ സെവരേവിനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചെങ്കിലും ഫൈനലില്‍ മറ്റൊരു നെക്സ്റ്റ് ജെന്‍ താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനോട് ഫൈനലില്‍ കീഴടങ്ങുകയായിരുന്നു. ജോക്കോവിച്ചിന്റെ ഇഷ്ട പ്രതലമായ ഹാര്‍ഡ് കോര്‍ട്ടില്‍ ആദ്യമായി അദ്ദേഹത്തെ തീം തോല്‍പ്പിക്കുന്നതും എ.ടി.പി. ഫൈനല്‍സിലാണ്.

ബേസ് ലൈനില്‍നിന്നുള്ള ആക്രമണ ടെന്നീസാണ് തീമിന്റെ പ്രത്യേകത. ഇതിനൊപ്പം കോര്‍ട്ടിന്റെ ഇരുവശത്തേക്കും മൂളിപ്പറക്കുന്ന ഗ്രൗണ്ട് സ്ട്രോക്കുകളും ഒറ്റക്കൈകൊണ്ടുള്ള ബാക്ക്ഹാന്‍ഡ് സ്ട്രോക്കുകളും തീമിനെ അപകടകാരിയാക്കുന്നു. ക്ലേ കോര്‍ട്ടിലും ഗ്രാസ് കോര്‍ട്ടിലും ഹാര്‍ഡ് കോര്‍ട്ടിലും കിരീടങ്ങള്‍ നേടാനും താരത്തിനായി.

26-കാരനായ തീമാണ് നെക്സ്റ്റ് ജെന്‍ താരങ്ങളില്‍ സീനിയര്‍. ഈ സീനിയോറിറ്റി പ്രകടനത്തിലും കാണിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. കരിയറില്‍ 16 കിരീടങ്ങള്‍ നേടിക്കഴിഞ്ഞു.

കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടമെന്ന ബിഗ് ബ്രേക്ക് കൈയെത്തുംദൂരത്തുണ്ടെന്നാണ് ടെന്നീസ് പണ്ഡിതരുടെ വിലയിരുത്തല്‍. ടെന്നീസ് കഴിഞ്ഞാല്‍ ഫുട്ബോളാണ് തീമിന്റെ ഇഷ്ട സ്‌പോര്‍ട്സ്. ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയുടെ കടുത്ത ആരാധകനാണ് അദ്ദേഹം.

Content Highlights: Dominic Thiem can replace Rafael Nadal as King of Clay

Content Highlights: