മരം പെയ്യുന്ന മരുഭൂമിയില്‍

എ.എഫ്.സി. ഏഷ്യന്‍ കപ്പിനെ വരവേറ്റ് ഖത്തറിലെ കെട്ടിടങ്ങളില്‍ ഒരുക്കിയ കമാനങ്ങളും മുദ്രകളും
എ.എഫ്.സി. ഏഷ്യന്‍ കപ്പിനെ വരവേറ്റ് ഖത്തറിലെ കെട്ടിടങ്ങളില്‍ ഒരുക്കിയ കമാനങ്ങളും മുദ്രകളും

''ദോഹയിലേക്ക് സ്വാഗതം, പുറത്തെ താപനില 15 ഡിഗ്രി സെല്‍ഷ്യസ്...'' കൊച്ചിയില്‍ നിന്ന് ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ആകാശത്ത് ഉറക്കമുണരുമ്പോള്‍ പൈലറ്റിന്റെ അനൗണ്‍സ്മെന്റാണ് ആദ്യം കാതോരമെത്തിയത്. ജനുവരിയിലെ കുളിരില്‍ പുതച്ച് നില്‍ക്കുന്ന ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുമ്പോള്‍ നേരം പുലര്‍ന്നിരുന്നില്ല. ഉറക്കം ഊഞ്ഞാലുകെട്ടുന്ന കണ്‍കള്‍ തിരുമ്മി ദോഹയിലെ കാഴ്ചകളിലേക്ക് സഞ്ചാരം തുടങ്ങുമ്പോള്‍ വഴിയരികില്‍ പലയിടത്തും ഏഷ്യന്‍ കപ്പിന്റെ വരവറിയിച്ചുള്ള കമാനങ്ങളും അലങ്കാരങ്ങളും കാണാം. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ലോകകപ്പിനെത്തുമ്പോള്‍ അനുഭവിച്ച കാഴ്ചകളുടെ നിറങ്ങളൊന്നും ഈ ഭൂമികയില്‍ പൂത്തുതുടങ്ങിയിട്ടില്ല.

മഴ തീര്‍ന്നിട്ടും മരംപെയ്തു തീര്‍ന്നിട്ടില്ലെന്ന് പറഞ്ഞതുപോലെയാണ് ഇപ്പോള്‍ ഖത്തറിലെ വര്‍ത്തമാനങ്ങളെല്ലാം. ഏഷ്യന്‍ കപ്പിന്റെ വിശേഷങ്ങള്‍ ചോദിക്കുമ്പോഴും എല്ലാവരും പറയുന്നത് ലയണല്‍ മെസ്സിയുടെ ചുണ്ടുകള്‍ ലോകകപ്പില്‍ മുത്തമിട്ട ആ രാവിനെക്കുറിച്ചാണ്. ആയിരത്തൊന്നു രാവുകളിലെ അദ്ഭുതകഥകള്‍ നിറഞ്ഞ മണ്ണിനെ സാക്ഷിയാക്കി കാല്‍പന്തുകളിയില്‍ മെസ്സി പൂര്‍ണനായ ആ നിമിഷം. മെസ്സി പൂര്‍ണനാകുന്ന തിരക്കഥ തിരുത്താന്‍ കൈലിയന്‍ എംബാപ്പെ കൊണ്ടുവന്ന ത്രില്ലിങ് ട്വിസ്റ്റ് മതിയാകുമായിരുന്നില്ലെന്ന് പ്രഖ്യാപിച്ച അതിശയ ക്ലൈമാക്സ്. ലുസൈലിലെ കളിമുറ്റത്ത് ഒരു വര്‍ഷം മുമ്പ് ലോകകപ്പിന്റെ മഴ പെയ്ത് തീര്‍ന്നെങ്കിലും മെസ്സിയുടെ ഓര്‍മകള്‍ ഖത്തറിലെ മരങ്ങള്‍ ഇപ്പോഴും പെയ്ത് തീര്‍ത്തിട്ടില്ല.

ഖത്തര്‍ തെരുവില്‍നിന്നുള്ള കാഴ്ച 

ഒരു വര്‍ഷം മുമ്പത്തെ ആ സായാഹ്നം മനസില്‍ വീണ്ടും തെളിഞ്ഞു. ഇന്ത്യാക്കാരനായ ഏതോ ഒരു സിങ് ഡ്രൈവറായ ബസ്സ് ലുസെയ്ല്‍ സ്റ്റേഡിയത്തിന് മുന്നിലേക്കെത്തുമ്പോള്‍ ആടിപ്പാടുന്ന ഫ്രെയിമിലാണ് അര്‍ജന്റീന അന്ന് മുന്നില്‍ തെളിഞ്ഞത്. ബസ്സിനുള്ളില്‍ എഴുന്നേറ്റ് നിന്ന് പല അര്‍ജന്റീന താരങ്ങളും ഏതോ പാട്ട് പാടുന്നുണ്ടായിരുന്നു. ബസ്സിനുള്ളില്‍ നിന്ന് ഓരോരുത്തരായി പുറത്തേക്കിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും തിരഞ്ഞത് അയാളെയായിരുന്നു. എല്ലാവരും ഇറങ്ങിക്കഴിഞ്ഞ് ഏറ്റവുമൊടുവിലാണ് അയാള്‍ ബസ്സില്‍ നിന്നിറങ്ങിയത്. ചെറിയൊരു ബാഗ് കക്ഷത്തിലൊതുക്കി ഡ്രസ്സിങ് റൂമിലേക്ക് നടക്കുമ്പോള്‍ അയാളുടെ മുഖത്ത് ആ സ്വപ്നം പൂര്‍ണമായും തെളിഞ്ഞിട്ടുണ്ടായിരുന്നു.

ലോകകപ്പിന്റെ ഫൈനല്‍ കളിക്കാന്‍ ലുസൈലിലെ കളിമുറ്റത്തേക്ക് വരുമ്പോള്‍ ലയണല്‍ മെസ്സി അതീവ ശാന്തനായിരുന്നു. അല്‍വാരസിന്റെയും ഏഞ്ചല്‍ ഡി മരിയയുടെയും ജേഴ്‌സികള്‍ക്ക് നടുവില്‍ വെച്ചിരുന്ന തന്റെ ജേഴ്‌സിയുടെ അരികിലേക്ക് മെസ്സി എത്തുമ്പോള്‍ കൂട്ടുകാര്‍ പലരും ജേഴ്‌സിയണിഞ്ഞ് തുടങ്ങിയിരുന്നു. എല്ലാവരെയും നോക്കി പുഞ്ചിരിച്ച് ജേഴ്‌സിയണിയുമ്പോള്‍ മെസ്സിയുടെ കൈകള്‍ ആ നമ്പറില്‍ ഇത്തിരി നേരം തഴുകി..നമ്പര്‍ പത്ത്. പരിശീലത്തിനായി അര്‍ജന്റീന മൈതാനത്തേക്കിറങ്ങുമ്പോള്‍ 'മെസ്സീ മെസ്സീ...' എന്ന വിളികളുടെ കടലാരവം. മൈതാനത്തേക്കിറങ്ങി മെസ്സി കുറേ നേരം ഗാലറിയിലേക്ക് നോക്കി നടന്നു. അതെല്ലാം കണ്ട് പ്രസ്സ് ബോക്സിലിരുന്ന ആ ദിനം എങ്ങനെയാണ് മറക്കാനാകുന്നത്.

ഏഷ്യന്‍ കപ്പിന്റെ മുദ്രകള്‍ പതിച്ച ഖത്തര്‍ കാഴ്ചകള്‍

അറബിക്കഥകളെ വെല്ലുന്ന മായക്കാഴ്ചകളുമായി ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങിയ ഖത്തര്‍ അതേ ഫ്രെയിമുകള്‍ തന്നെയാണ് ഏഷ്യന്‍ കപ്പിനായും കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത്. ലോകകപ്പിന്റെ സമയത്ത് ലക്ഷക്കണക്കിന് കാണികളുടെ സഞ്ചാരപാതയായിരുന്ന ദോഹ മെട്രോ ഇത്തവണയും സ്റ്റേഡിയങ്ങളെ ബന്ധിപ്പിക്കുന്ന ലോങ് പാസ് പോലെ മുന്നിലുണ്ട്. രാവിലെ പക്ഷേ മീഡിയ സെന്ററിലേക്ക് പോകാന്‍ മെട്രോയില്‍ കയറുമ്പോള്‍ അത്ര തിരക്കില്ല. കൊറിയയുടെയും ജപ്പാന്റെയും നാട്ടില്‍ നിന്നാണെന്ന് മുഖം വിളിച്ചു പറയുന്ന കുറേപ്പേരെ മെട്രോയില്‍ കണ്ടു.
ലോകകപ്പിന്റെ ആഘോഷവേദിയായിരുന്ന ലുസൈല്‍ ബോളിവാഡും ദോഹ കോര്‍ണിഷും സന്ദര്‍ശകരുടെ പ്രിയ ഇടമായിരുന്ന സൂഖ് വാഖിഫും ഏഷ്യയുടെ ഫുട്ബോള്‍ പൂരത്തിലേക്ക് മിഴികള്‍ തുറക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ഇവിടങ്ങളിലെല്ലാം ആഘോഷത്തിന്റെ നിറങ്ങള്‍ പൂത്തുലയുമെന്നാണ് സംഘാടകരുടെ വാക്കുകളില്‍ തുളുമ്പുന്ന വിശ്വാസം. ഏഷ്യന്‍ കപ്പിന്റെ ഭാഗ്യമുദ്രകളും ചിഹ്നങ്ങളുമെല്ലാം പല കൂറ്റന്‍ കെട്ടിടങ്ങളുടെയും അലങ്കാരമായി മുന്നില്‍ തെളിഞ്ഞു. അതുകൊണ്ടുതന്നെ മനസ്സ് പറയുന്നു, മെസ്സിയുടെ മുത്തം പതിഞ്ഞ ലോകകപ്പിന് ആതിഥ്യം വഹിച്ച ഖത്തര്‍, ഏഷ്യന്‍ വന്‍കരയുടെ ഫുട്ബോള്‍ പൂരവും മോശമാക്കില്ല.


 

Content Highlights: column qatar kitab afc asian cup 2024