'പുതിയ അധ്യായം തുടങ്ങാനുള്ള സമയമായി'; ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സാഹ

ന്യൂഡല്‍ഹി: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹ. ശനിയാഴ്ച എക്‌സിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരേ കളിച്ചാണ് ബംഗാള്‍ താരം ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്.
'1997 ല്‍ ആദ്യമായി ക്രിക്കറ്റ് മൈതാനത്ത് ചുവടുവെച്ചതിന് ശേഷം ഇപ്പോള്‍ 28 വര്‍ഷം കഴിഞ്ഞു. രാജ്യത്തിനുവേണ്ടിയും സംസ്ഥാനത്തിനും ജില്ലയ്ക്കും കോളേജിനും സ്‌കൂളിനുവേണ്ടിയുമൊക്കെ കളിക്കാനായത് ജീവിതത്തിലെ വലിയ ആദരമായി കാണുന്നു. എന്റെ എല്ലാ നേട്ടങ്ങള്‍ക്കും ഞാന്‍ പഠിച്ച പാഠങ്ങള്‍ക്കുമെല്ലാം പിന്നില്‍ ക്രിക്കറ്റാണ്. മറക്കാനാവാത്ത വിജയങ്ങളും വിലമതിക്കാനാവാത്ത അനുഭവങ്ങളും ക്രിക്കറ്റ് സമ്മാനിച്ചു. എല്ലാത്തിനും അവസാനമുണ്ടെന്നതുപോലെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഞാന്‍ വിരമിക്കാന്‍ തീരുമാനിച്ചിരിക്കുന്നു'.- സാഹ എക്‌സില്‍ കുറിച്ചു.
പുതിയ അധ്യായം തുടങ്ങാനുള്ള സമയമായെന്നും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ജീവിതം ആസ്വദിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച അവസാന മത്സരത്തിനിറങ്ങും മുമ്പ് സഹതാരങ്ങളില്‍ നിന്ന് ഗ്വാര്‍ഡ് ഓഫ് ഓണറും ലഭിച്ചിരുന്നു. മത്സരത്തില്‍ താരത്തിന് റണ്ണൊന്നുമെടുക്കാനായില്ലെങ്കിലും ബംഗാള്‍ ഇന്നിങ്‌സിനും 13 റണ്‍സിനും ജയം സ്വന്തമാക്കിയിരുന്നു.
2007 ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ സാഹ 142 മത്സരങ്ങളില്‍ നിന്നായി 210 ഇന്നിങ്‌സുകളില്‍ നിന്നായി 7169 റണ്‍സെടുത്തു. 14 സെഞ്ചുറികളും 44 അര്‍ധസെഞ്ചുറികളും നേടി. ഇന്ത്യക്കായി 40 ടെസ്റ്റുകള്‍ കളിച്ച താരം 1353 റണ്‍സെടുത്തു. ഇന്ത്യക്കായി 2021 ലാണ് അവസാനം കളിക്കുന്നത്. 2024 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.
Content Highlights: Wriddhiman Saha retired from all formats of cricket