അവസാന ഓവറില്‍ ജയിക്കാന്‍ 30 റണ്‍സ്; പിറന്നത് 3 സിക്‌സും 2 ഫോറും, ഒടുവില്‍ വിന്‍ഡീസിന് 1 റണ്‍ തോല്‍വി

Photo: twitter.com
Photo: twitter.com

ബ്രിജ്ടൗണ്‍: ട്വന്റി 20 ക്രിക്കറ്റിന്റെ അനിശ്ചിതത്വം മുഴുവന്‍ വെളിവായ മത്സരത്തില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഒരു റണ്ണിന്റെ തോല്‍വി വഴങ്ങി വെസ്റ്റിന്‍ഡീസ്.

തോറ്റെന്നുറച്ച മത്സരത്തിന് അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിലൂടെ ജീവന്‍ നല്‍കിയ ശേഷമാണ് വിന്‍ഡീസ് കീഴടങ്ങിയത്. ഞായറാഴ്ച നടന്ന ഇംഗ്ലണ്ട് - വെസ്റ്റിന്‍ഡീസ് രണ്ടാം ട്വന്റി 20-യാണ് അവിശ്വസനീയമായ രംഗങ്ങള്‍ക്ക് വേദിയായത്. 

സ്‌കോര്‍: ഇംഗ്ലണ്ട് - 171/8, വെസ്റ്റിന്‍ഡീസ് - 170/8. 

മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് വിന്‍ഡീസ്, മുന്‍നിര തകര്‍ന്നതോടെ 15.1 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ പരാജയം മുന്നില്‍ കണ്ടതായിരുന്നു.

എന്നാല്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ റൊമാരിയോ ഷെപ്പേഡും പത്താമനായി ക്രീസിലെത്തിയ അകീല്‍ ഹുസൈനും ഒരുക്കമായിരുന്നില്ല. ഇരുവരും നെഞ്ച് വിരിച്ച് നിന്നതോടെ ഒടുവില്‍ വിന്‍ഡീസിന് ജയിക്കാന്‍ അവസാന ഓവറില്‍ 30 റണ്‍സെന്ന നിലയെത്തി. 

ആദ്യ മൂന്ന് ഓവറുകള്‍ കണിശതയോടെ പന്തെറിഞ്ഞ മീഡിയം പേസര്‍ സാക്വിബ് മഹ്മൂദാണ് അവസാന ഓവര്‍ എറിയാനെത്തിയത്. സാക്വിബിന്റെ ആദ്യ പന്ത് വൈഡായി. രണ്ടാം പന്തും വൈഡ് വിളിക്കേണ്ടതായിരുന്നെങ്കിലും അമ്പയര്‍ അതിന് തയ്യാറായില്ല. അടുത്ത രണ്ട് പന്തുകളിലും അകീല്‍ ഫോര്‍ നേടി. ഇതോടെ ജയിക്കാന്‍ മൂന്ന് പന്തില്‍ നിന്ന് 21 റണ്‍സെന്ന അപ്രാപ്യമായ അവസ്ഥയിലായി വിന്‍ഡീസ്. പിന്നാലെ അടുത്ത പന്തും വൈഡ്. ഇതോടെ മൂന്ന് പന്തില്‍ നിന്ന് വേണ്ടത് 20 റണ്‍സ്. പിന്നീട് സാക്വിബ് എറിഞ്ഞ മൂന്ന് പന്തുകളും ബൗണ്ടറിക്ക് മുകളിലൂടെ പറന്നു. തുടര്‍ച്ചയായി മൂന്ന് സിക്‌സറടിച്ചിട്ടും ഒടുവില്‍ ഒരു റണ്ണിന് തോല്‍ക്കാനായിരുന്നു വിന്‍ഡീസിന്റെ വിധി.

നേരിട്ട 16 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്ന് ഫോറുമടക്കം 44 റണ്‍സാണ് അകീല്‍ അടിച്ചുകൂട്ടിയത്. റൊമാരിയോ ഷെപ്പേഡ് 28 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒരു ഫോറുമടക്കം 44 റണ്‍സെടുത്തു. 

24 റണ്‍സെടുത്ത നിക്കോളാസ് പുരനും 23 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയുമാണ് പിന്നീട് വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരങ്ങള്‍. അഞ്ചു പേര്‍ രണ്ടക്കം കാണാതെ പുറത്തായി.

ഇംഗ്ലണ്ടിനായി മോയിന്‍ അലി നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ജേസണ്‍ റോയ് (45), ടോം ബാന്റന്‍ (25), മോയിന്‍ അലി (31), ക്രിസ് ജോര്‍ദാന്‍ (27) എന്നിവരുടെ ഇന്നിങ്‌സുകളുടെ ബലത്തിലാണ് ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തത്.

Content Highlights: West Indies vs England t20 thriller

Content Highlights: