രാഹുലിന് പകരം പന്ത് കളിക്കട്ടെ, നിര്‍ദേശവുമായി വസിം ജാഫര്‍

മുംബൈ: ഏഷ്യ കപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ കെ.എല്‍.രാഹുലിന് പകരം ഋഷഭ് പന്തിനെ കളിപ്പിക്കണമെന്ന നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍.
രാഹുല്‍ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ലെന്നും പവര്‍പ്ലേയില്‍ രാഹുലിനെക്കാള്‍ നന്നായി പന്തിന് ബാറ്റുവീശാന്‍ കഴിയുമെന്നും ജാഫര്‍ പറഞ്ഞു.
' പാകിസ്താനെതിരായ മത്സരത്തില്‍ രാഹുലിന് പകരം പന്ത് കളിക്കട്ടെ. പന്തിനെ ഓപ്പണറാക്കണം. രാഹുല്‍ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. രാഹുല്‍ ലോകോത്തര ബാറ്ററാണ് അതില്‍ സംശയമില്ല പക്ഷേ നിലവിലെ അദ്ദേഹത്തിന്റെ ഫോമില്ലായ്മ ടീമിനെ ബാധിക്കുന്നുണ്ട്. പവര്‍പ്ലേയില്‍ നന്നായി സ്‌കോര്‍ ചെയ്യാന്‍ പന്തിന് സാധിക്കും.' -ജാഫര്‍ വ്യക്തമാക്കി.
ഏഷ്യാ കപ്പില്‍ രാഹുല്‍ അത്ര മികച്ച പ്രകടനമല്ല ഇതുവരെ കാഴ്ചവെച്ചത്. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ഡക്കിന് പുറത്തായ രാഹുല്‍ ദുര്‍ബലരായ ഹോങ് കോങ്ങിനെതിരെയും ഫോം കണ്ടെത്താന്‍ കഷ്ടപ്പെട്ടു. 39 പന്തുകളില്‍ നിന്ന് 36 റണ്‍സെടുത്ത രാഹുല്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ ടീമിലിടം നേടി. പരിക്കിന്റെ പിടിയിലായ ആവേശ് ഖാനും ഇന്ന് കളിച്ചേക്കില്ല. ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ അഞ്ചുവിക്കറ്റിന് പാകിസ്താനെ കീഴടക്കിയിരുന്നു.
Content Highlights: asia cup 2022, rishabh pant, kl rahul, rahul form, wasim jaffer, sports news, sports, cricket