സച്ചിന്‍ സെവാഗിനോട് പറഞ്ഞു; 'ഇങ്ങിനെ സ്വാര്‍ത്ഥനാവരുത്, പറയുന്നത് കേള്‍ക്കുകയെങ്കിലും ചെയ്യൂ'

തിര്‍ ടീമിന്റെ ബൗളര്‍മാര്‍ക്ക് എന്നും പേടിസ്വപ്‌നമായിരുന്നു സച്ചിനും സെവാഗുമടങ്ങുന്ന ഇന്ത്യയുടെ ഓപ്പണിങ് ജോഡി. ക്രീസിലും ക്രീസിന് പുറത്തും ആ കൂട്ടുകെട്ട് അത്രയക്ക് പ്രത്യേകത നിറഞ്ഞതായിരുന്നു. ഇരുവരും ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവു ആ സൗഹൃദം ഒരു കോട്ടവും തട്ടാതെ അതുപോലെ തുടര്‍ന്നു.
എന്നാല്‍ കളിക്കിടയില്‍ തന്റെ ചില സ്വഭാവങ്ങള്‍ സച്ചിനെ ദേഷ്യം പിടിപ്പിച്ചിരുന്നുവെന്ന് പറയുകയാണ് സെവാഗ്. 2011ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലായിരുന്നു അത്തരമൊരു സന്ദര്‍ഭമുണ്ടായതെന്നും സെവാഗ് ഓര്‍ത്തെടുക്കുന്നു. വിക്രം സതായെയുടെ 'വാട്ട് ദ ഡക്ക്' എന്ന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു സെവാഗ്.
'2011ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഞാനും സച്ചിന്‍ പാജിയും ബാറ്റു ചെയ്യുകയായിരുന്നു. എനിക്ക് കളിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഞാന്‍ ഒരു പാട്ടു മൂളാന്‍ തുടങ്ങി. ആദ്യത്തെ ഓവര്‍ മുഴുവന്‍ ആ പാട്ട് മൂളിക്കൊണ്ടാണ് ഞാന്‍ ബാറ്റു ചെയ്തത്. നല്ലൊരു തുടക്കം കിട്ടാന്‍ വേണ്ടിയായിരുന്നു അത്. മറുവശത്തായിരുന്ന സച്ചിന്‍ പാജി ആ ഓവര്‍ കഴിഞ്ഞപ്പോള്‍ എന്റെ അടുത്തേക്ക് നടന്നു വന്നു. ക്രീസിന്റെ മധ്യഭാഗത്ത് വെച്ച് ഞങ്ങള്‍ ഗ്ലൗസ് കൂട്ടിമുട്ടിച്ചു. അദ്ദേഹം അപ്പോള്‍ എന്നോട് എന്തോ പറയുന്നുണ്ടായിരുന്നു. പക്ഷേ ഞാന്‍ പാട്ട് മൂളുന്ന തിരക്കിലായിരുന്നു.
അഞ്ചു ഓവറുകള്‍ വരെ ഇതുതന്നെ ആവര്‍ത്തിച്ചു. അദ്ദേഹം എന്തെങ്കിലും വന്നുപറയും. ഞാന്‍ തലകുലുക്കും. പക്ഷേ പറയുന്നതു ശ്രദ്ധിക്കാതെ പാട്ടു മൂളുന്നതിലായിരിക്കും എന്റെ ശ്രദ്ധ. ഒടുവില്‍ സച്ചിന്‍ പാജി ദേഷ്യപ്പെട്ടു, 'എന്നോട് സംസാരിക്കൂ, പാട്ട് പിന്നെ മൂളാം, സ്വാര്‍ത്ഥനാവാന്‍ പാടില്ല' ഇതായിരുന്നു പാജി പറഞ്ഞത്. ആ പാട്ടിലാണ് എന്റെ ബാറ്റിന്റെ താളമെന്നും എന്നെ മൂളാന്‍ അനുവദിക്കൂ എന്നും ഞാന്‍ മറുപടി നല്‍കി. പക്ഷേ അപ്പോഴും തന്നോട് എന്തെങ്കിലും സംസാരിക്കൂ എന്ന നിലപാടിലായിരുന്നു സച്ചിന്‍ പാജി. ഞാന്‍ സംസാരിക്കാം എന്നു പറഞ്ഞെങ്കിലും വാക്കുപാലിച്ചില്ല. തുടര്‍ന്ന് സച്ചിന്‍ പാജി എന്നെ ഒരുപാട് ചീത്ത പറഞ്ഞു'' സെവാഗ് ഓര്‍മകള്‍ പങ്കുവെയ്ക്കുന്നു.


VIEW ON mathrubhumi.com