'ഞങ്ങളുടെ പിന്തുണയുണ്ട്, അഭിനന്ദനങ്ങൾ'; ആർ.സി.ബിയുടെ പുതിയ നായകനോട് കോലി

ബെംഗളൂരു:റോയല്‍ ചലഞ്ചേഴ്‌സ് ബെഗളൂരുവിന്റെ പുതിയ നായകനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രജത് പടിദാറിനെ അഭിനന്ദിച്ച് ഇന്ത്യന്‍ താരവും മുന്‍ ആര്‍.സി.ബി ക്യാപ്റ്റനുമായ വിരാട് കോലി. എല്ലാ ആര്‍.സി.ബി ആരാധകരുടെയും ഹൃദയത്തില്‍ പടിദാര്‍ സ്ഥാനം പിടിച്ചിരിക്കുന്നുവെന്നും നായകസ്ഥാനം അര്‍ഹിച്ചതാണെന്നും കോലി പറഞ്ഞു. താനടക്കമുള്ള ടീമംഗങ്ങളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.സി.ബി പുറത്തുവിട്ട വീഡിയോയിലാണ് കോലിയുടെ പ്രതികരണം.
ഈ റോളില്‍ വളരുകയെന്നത് വലിയ ഉത്തരവാദിത്തമാണ്. ഞാനിത് വര്‍ഷങ്ങളോളം ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫാഫ് ഡുപ്ലെസിയും. ഈ ഫ്രാഞ്ചൈസിയെ മുന്നോട്ടുനയിക്കുന്ന ഒരാളായി കാണപ്പെടുക എന്നുള്ളത് ബഹുമാനാര്‍ഹമായ നേട്ടമാണ്. ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഒരു കളിക്കാരനെന്ന നിലയില്‍ രജതിന്റെ വളര്‍ച്ച കണ്ടയാളാണ് ഞാന്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രജതിന്റെ കളി പുരോഗതി കൈവരിച്ചിട്ടുണ്ട്.- കോലി പറഞ്ഞു.
രജത് പടിദാറിന് ആശംസകള്‍ അറിയിച്ച കോലി പുതിയ നായകനെ പിന്തുണയ്ക്കണമെന്ന് ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. ടീമിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്കെല്ലാം ഉത്തരവാദിത്തമുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു.
ടീമിന്റെ ക്യാപ്റ്റനായി വിരാട് കോലി തിരിച്ചെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പടിദാറിനെ ക്യാപ്റ്റനായി ടീം പ്രഖ്യാപിക്കുകയായിരുന്നു.31-കാരനായ രജത് പടിദാര്‍ ആര്‍.സി.ബിയുടെ എട്ടാമത്തെ ക്യാപ്റ്റനാണ്. നേരത്തെ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഫൈനലിലെത്തിയ മധ്യപ്രദേശിനെ നയിച്ചത് പടിദാര്‍ ആയിരുന്നു. 2021-ല്‍ ആദ്യമായി ഐ.പി.എല്ലിലെത്തിയ പടിദാര്‍ അന്നുമുതല്‍ ആര്‍.സി.ബിയുടെ ഭാഗമാണ്. ഇതുവരെ ടീമിനായി 27 കളികളില്‍നിന്നായി 799 റണ്‍സ് നേടിയിട്ടുണ്ട്. 11 കോടിക്കാണ് താരത്തെ ഇത്തവണ ടീം നിലനിര്‍ത്തിയത്.
Content Highlights: Virat Kohli On RCB Captain Rajat Patidars Appointment