വെറും ആറ് റണ്‍സിന് ഓള്‍ഔട്ട്; സംഭവം വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍

സൂറത്ത്: ആഭ്യന്തര അണ്ടര്‍ 16 ടൂര്‍ണമെന്റായ വിജയ് മെര്‍ച്ചന്റ് ട്രോഫി ക്രിക്കറ്റില്‍ ഇന്നിങ്‌സില്‍ വെറും ആറ് റണ്‍സിന് പുറത്തായി സിക്കിം ക്രിക്കറ്റ് ടീം. മധ്യപ്രദേശിനെതിരായ മത്സരത്തിലായിരുന്നു സിക്കിം ടീമിന് ഈ നാണക്കേട്. ആദ്യ ഇന്നിങ്‌സില്‍ 43 റണ്‍സിന് പുറത്തായ സിക്കിം, രണ്ടാം ഇന്നിങ്‌സിലാണ് വെറും ആറ് റണ്‍സിന് കൂടാരം കയറിയത്. ഇതോടെ ഇന്നിങ്‌സിനും 365 റണ്‍സിനുമാണ് സിക്കിം മത്സരം തോറ്റത്.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 414 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മനല്‍ ചൗഹാന്‍ (170), അര്‍ധ സെഞ്ചുറി നേടിയ പ്രതീക് ശുക്ല (86), ആര്യന്‍ ഖുഷ്വ (43), ഹര്‍ഷിത് യാദവ് (43) എന്നിവരുടെ ഇന്നിങ്‌സുകളാണ് മധ്യപ്രദേശിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ സിക്കിം 43 റണ്‍സിന് കൂടാരം കയറി. ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിങ്‌സിനിറങ്ങി വെറും ആറ് റണ്‍സിന് ഓള്‍ഔട്ടാകുകയും ചെയ്തു. 9.3 ഓവറുകള്‍ മാത്രമാണ് സിക്കിം ഇന്നിങ്‌സ് നീണ്ടത്. എട്ടു പേരാണ് ഇന്നിങ്‌സില്‍ പൂജ്യരായി മടങ്ങിയത്. നാല് റണ്‍സെടുത്ത അവനീഷും രണ്ട് റണ്‍സെടുത്ത അക്ഷ്യാദും മാത്രമാണ് ഇന്നിങ്‌സ് സ്‌കോറിലേക്ക് സംഭാവന ചെയ്തത്.
Content Highlights: Vijay Merchant trophy sikkim all out for just six runs