വെടിക്കെട്ടിന് പിന്നിലെ രഹസ്യമിതാണ്, തുറന്നുപറഞ്ഞ് വൈഭവ്; സമ്മർദമുണ്ടായെന്നും പ്രതികരണം

ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ റെക്കോഡ് പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി കൗമാരതാരം വൈഭവ് സൂര്യവംശി. മത്സരത്തിൽ സമ്മർദം അനുഭവപ്പെട്ടിരുന്നുവെന്നും എന്നാൽ കുറച്ചുസമയത്തിന് ശേഷം സാധാരണനിലയിൽ ബാറ്റുചെയ്തുവെന്നും വൈഭവ് പറഞ്ഞു. പതിയെ ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോകാനായിരുന്നു തന്റെ ശ്രമമെന്നും എന്നാൽ പിച്ചിൽ നിന്ന് ബൗളർമാർക്ക് വലിയ സഹായം ലഭിക്കുന്നില്ലെന്ന് മനസിലായതോടെയാണ് ബാറ്റിങ് ശൈലി മാറ്റിയതെന്ന് വൈഭവ് കൂട്ടിച്ചേർത്തു. 53 പന്തിൽ 204 റൺസടിച്ചാണ് വൈഭവ് പുറത്തായത്.
‘കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഞാൻ ക്രീസിൽ നിലയുറപ്പിച്ചെങ്കിലും ലഭിച്ച തുടക്കം മുതലാക്കാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ തുടക്കത്തിൽ സമയം എടുത്ത് കളിക്കുക എന്നതായിരുന്നു പദ്ധതി. എന്നാൽ ഒന്നോ രണ്ടോ പന്തുകൾ നേരിട്ടപ്പോൾ പിച്ചിൽ നിന്ന് ബൗളർമാർക്ക് വലിയ സഹായം ലഭിക്കുന്നില്ലെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് ഞാൻ കരുത്തോടെ ബാറ്റേന്തി.’- വൈഭവ് പറഞ്ഞു.
റെക്കോഡുകളെക്കുറിച്ചോ മറ്റ് നാഴികക്കല്ലുകളെക്കുറിച്ചോ ചിന്തിക്കുന്നതിന് പകരം സാഹചര്യങ്ങൾ വിലയിരുത്തുകയും അതിനനുസരിച്ച് തന്റെ ബാറ്റിംഗ് ശൈലി മാറ്റുകയുമാണ് ചെയ്തതെന്നും വൈഭവ് വ്യക്തമാക്കി. ‘എന്റെ മനസ്സിൽ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. പിച്ച് ബൗളർമാരെ തുണയ്ക്കുന്നുണ്ടെങ്കിൽ സമയം എടുത്ത് ദീർഘനേരം ബാറ്റ് ചെയ്യുക എന്ന ചിന്ത മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഭാഗ്യവശാൽ അങ്ങനെയല്ല കാര്യങ്ങൾ വന്നത്. പിച്ച നല്ലതായിരുന്നു, അതുകൊണ്ട് ഞാൻ എന്റെ കളി കളിച്ചു.’
‘ചെറിയ രീതിയിൽ സമ്മർദം അനുഭവപ്പെടാറുണ്ട്. അത് സ്വാഭാവികമാണ്, അൽപ്പം പരിഭ്രാന്തി തോന്നുന്നത് മനുഷ്യസഹജമാണ്. പക്ഷേ രണ്ടോ നാലോ പന്തുകൾക്ക് ശേഷം കാര്യങ്ങൾ സാധാരണ നിലയിലായി.’
"ദീർഘനേരം ബാറ്റ് ചെയ്യുക എന്ന അതേ മാനസികാവസ്ഥ തന്നെയാണ് ഉണ്ടായിരുന്നത്. തുടക്കത്തിൽ കളി എന്റെ നിയന്ത്രണത്തിലല്ലെങ്കിൽ ഞാൻ സമയം എടുത്ത് കളിക്കുമായിരുന്നു. എന്നാൽ ഭാഗ്യവശാൽ തുടക്കത്തിൽ തന്നെ കളി നിയന്ത്രണത്തിലാക്കാൻ എനിക്ക് കഴിഞ്ഞു. കോച്ച് ഋഷി സർ ഓരോ മത്സരത്തിന് മുമ്പും എന്നോട് ഒരേ കാര്യം തന്നെ ആവർത്തിക്കാറുണ്ട്. അണ്ടർ-19 തലത്തിൽ കളിക്കുമ്പോൾ മുതൽ തന്നെ അദ്ദേഹം ഇത് പറയുന്നുണ്ട്. ഞാൻ പന്ത് കൃത്യമായി ശ്രദ്ധിച്ചാൽ കളി എനിക്ക് എളുപ്പമായിരിക്കുമെന്ന്.’
ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളിലും ഇത് തുടരാൻ ഞാൻ ശ്രമിക്കും. സെമി ഫൈനൽ ജയിച്ച് ഫൈനലിൽ എത്തുമെന്നും, ഇതേ ഒഴുക്കോടെയും എന്റെ സ്വന്തം ശൈലിയിലും ബാറ്റിംഗ് തുടരാനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നതായും വൈഭവ് പറഞ്ഞു.
ആദ്യം ബാറ്റുചെയ്ത യു.എ.ഇ. 50 ഓവറിൽ എട്ടുവിക്കറ്റിന് 249 റൺസാണെടുത്തത്. സെഞ്ചുറിനേടിയ ഹർപ്രീത് സിങ്ങാണ് (130) ടീമിന് തുണയായത്. മറുപടിബാറ്റിങ്ങിൽ സൂര്യവംശിയുടെ താണ്ഡവമാണ് ക്രിക്കറ്റ്ലോകം കണ്ടത്. 53 പന്തിൽ 204 റൺസടിച്ച റെക്കോഡ് പ്രകടനത്തിൽ 14.2 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്ത് ഇന്ത്യൻ എ ടീം ജയത്തിലെത്തി. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യൻ ശ്രീലങ്കയെ നേരിടും.
16 പന്തിൽ 50 റൺസിലെത്തിയ സൂര്യവംശി 28 പന്തിൽ 100 റൺസും 40 പന്തിൽ 150 റൺസും കടന്നു. 52 പന്തിലാണ് ഇരട്ടസെഞ്ചുറി വന്നത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി, 150, ഇരട്ട സെഞ്ചുറി, പ്രായം കുറഞ്ഞ ഇരട്ടസെഞ്ചുറിക്കാരൻ എന്നീ റെക്കോഡുകൾ 15-കാരൻ സൂര്യവംശിക്ക് സ്വന്തമായി. 29 സിക്സ് നേടിയതോടെ ലിസ്റ്റ് എ-യിലും ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സ് നേടുന്ന താരവുമായി. ലിസ്റ്റ് എ-യിൽ 2018-ൽ വെസ്റ്റേൺ ഓസ്ട്രേലിയക്കായി ഡാർസി ഷോട്ട് നേടിയ 23 സിക്സുകളുടെ റെക്കോഡാണ് തകർന്നത്. റിങ്കു സിങ് 27 റൺസുമായി പുറത്താകാതെനിന്നു.
Content Highlights: Vaibhav Sooryavanshi scored 204 runs from just 53 balls in the Asia Cup Rising Stars tournament., He broke multiple records including the fastest List A double century and most sixes in an innings