800 വിക്കറ്റ് ക്ലബ്ബില്‍ അംഗമായി സ്റ്റുവര്‍ട്ട് ബ്രോഡും

മാഞ്ചെസ്റ്റര്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 800 വിക്കറ്റുകള്‍ തികച്ച് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനമാണ് ബ്രോഡ് ഈ നേട്ടം സ്വന്തമാക്കിയത്. അന്താരാഷ്ട്ര കരിയറില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തെ എട്ടാമത്തെ മാത്രം ബൗളര്‍ കൂടിയാണ് ബ്രോഡ്.
മത്സരത്തില്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍, കീഗന്‍ പീറ്റേഴ്സണ് എന്നിവരെ പുറത്താക്കിയാണ് ബ്രോഡ് ഈ നേട്ടത്തിലെത്തിയത്. പിന്നാലെ കൈല്‍ വെരെയ്ന്നെയും മടക്കിയ താരം ആദ്യ ഇന്നിങ്സിലെ വിക്കറ്റ് നേട്ടം മൂന്നാക്കി.
ജെയിംസ് ആന്ഡേഴ്സണ് ശേഷം 800 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരം കൂടിയാണ് ബ്രോഡ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1374 വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ഈ പട്ടികയില്‍ ഒന്നാമത്. ഷെയ്ന് വോണ്‍, അനില്‍ കുംബ്ലെ, ഗ്ലെന്‍ മഗ്രാത്ത് എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
Content Highlights: Stuart Broad becomes 8th player to pick 800 wickets