18 വർഷത്തെ ബന്ധത്തിന് വിരാമം: ചെന്നൈ സൂപ്പർ കിങ്‌സിൽനിന്ന് സ്റ്റീഫൻ ഫ്ലെമിങ് പടിയിറങ്ങി

#സ്പോർട്സ് ഡെസ്ക്
സ്റ്റീഫന്‍ ഫ്‌ളെമിങ് എംഎസ് ധോനിക്കൊപ്പം |ഫോട്ടോ:PTI
സ്റ്റീഫന്‍ ഫ്‌ളെമിങ് എംഎസ് ധോനിക്കൊപ്പം |ഫോട്ടോ:PTI

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരവും സുദീർഘവുമായ കൂട്ടുകെട്ടുകളിലൊന്നിന് വിരാമമിട്ടുകൊണ്ട് സ്റ്റീഫൻ ഫ്‌ളെമിങ് ചെന്നൈ സൂപ്പർ കിങ്സും വേർപിരിയാൻ തീരുമാനിച്ചു. ചർച്ചകൾക്കൊടുവിൽ പരസ്പര സമ്മതത്തോടെയാണ് വേർപിരിയലെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് പ്രസ്താവനയിൽ അറിയിച്ചു.

ഐപിഎല്ലിന്റെ ആദ്യ വർഷമായ 2008-ൽ ഒരു കളിക്കാരനായാണ് ഫ്‌ളെമിങ് സിഎസ്‌കെയിൽ എത്തിയത്. എന്നാൽ, തൊട്ടടുത്ത വർഷം, 2009-ൽ അദ്ദേഹം മുഖ്യ പരിശീലകനായി ചുമതലയേറ്റു. 18 വർഷത്തെ ദീർഘകാല ബന്ധത്തിന് ശേഷമാണ് ഫ്‌ളെമിങ് ചെന്നൈ വിടുന്നത്.

ഫ്‌ളെമിങ്ങിന്റെ കീഴിൽ ചെന്നൈ സൂപ്പർ കിങ്സ് സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൊയ്തത്. അഞ്ച് ഐപിഎൽ ട്രോഫികളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്വന്റി20 ടൂർണമെന്റ് കിരീടങ്ങളും നേടി. ഐപിഎല്ലിൽ 12 തവണ പ്ലേ ഓഫിലെത്തി. കൂടാതെ 10 ഐപിഎൽ ഫൈനലുകളിലും കളിച്ചിട്ടുണ്ട്.

'സ്റ്റീഫൻ ഫ്‌ളെമിങ് ഞങ്ങളുടെ കോച്ചിങ് വിഭാഗത്തിന്റെ ഹൃദയമിടിപ്പായിരുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടോളം ടീമിന്റെ ഐഡന്റിറ്റിയും കാഴ്ചപ്പാടും മികവിനായുള്ള പരിശ്രമങ്ങളും രൂപപ്പെടുത്തിയത് അദ്ദേഹമായിരുന്നു' ചെന്നൈ ടീം ഉടമ രൂപ ഗുരുനാഥ് പറഞ്ഞു.

ഫ്‌ളെമിങ്ങിന് പകരം ഡൽഹി ക്യാപിറ്റൽസ് ഹെഡ് കോച്ച് ഹേമങ് ബദാനിയെ ചെന്നൈ കൊണ്ടുവരുമെന്നാണ് സൂചനകൾ.

Content Highlights: Stephen Fleming departs CSK after an 18-year tenure, Fleming led CSK to 5 IPL titles and 2 Champions League T20 trophies, The decision was reached by mutual consent between Fleming and the franchise, Hemang Badani is reported to be the frontrunner as the new head coach