ഫോളോ-ഓൺ തിരിച്ചടിച്ചോ? ആ തീരുമാനത്തിന് പിന്നിൽ കാരണമുണ്ട്, വ്യക്തമാക്കി ഗിൽ

#സ്പോർട്സ് ഡെസ്ക്
ഇന്ത്യ-ശ്രീലങ്ക താരങ്ങൾ | PTI
ഇന്ത്യ-ശ്രീലങ്ക താരങ്ങൾ | PTI

കൊളംബോ: പരമ്പര നേടിയെങ്കിലും ലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ജയിക്കാനാവാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മോഹങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് ഫലം.

ലങ്കയെ രണ്ടാമിന്നിങ്‌സിൽ ഓൾഔട്ടാക്കാമെന്ന് കരുതിയെങ്കിലും അസാമാന്യ ചെറുത്തുനിൽപ്പാണ് ലങ്കൻ ബാറ്റർമാർ പുറത്തെടുത്തത്. സോണൽ ദിനുഷ സെഞ്ചുറിയോടെ പൊരുതി. അതേസമയം ലങ്കയെ ഫോളോ-ഓൺ ചെയ്യിപ്പിച്ച തീരുമാനത്തിനെതിരേ പലകോണുകളിൽ നിന്നും വിമർശനമുയരുന്നുണ്ട്. എന്നാൽ ആ തീരുമാനമെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ.

"ഫോളോ-ഓൺ തിരിച്ചടിച്ചെന്ന് ഞാൻ പറയില്ല. നാലാം ദിവസമോ അഞ്ചാം ദിവസമോ മോശം കാലാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കണ്ടിരുന്നു. ഞങ്ങൾ ആ റിസ്ക് എടുക്കാൻ ആഗ്രഹിച്ചു."- മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഗിൽ പറഞ്ഞു.

"ഞങ്ങൾ നാലാം ദിവസം വീണ്ടും ബാറ്റ് ചെയ്ത് 200 റൺസെടുത്ത് അവർക്ക് 400 റൺസിന് അടുത്തുള്ള ലക്ഷ്യം നൽകണമായിരുന്നോ? അതോ ഞങ്ങൾ അവരെ ഫോളോ-ഓണിന് അയക്കണമായിരുന്നോ? ഞങ്ങളുടെ തീരുമാനം ഇതായിരുന്നു. ഞങ്ങൾ ഫോളോ-ഓൺ നൽകിയില്ലായിരുന്നെങ്കിൽ, മഴ പെയ്തിരുന്നെങ്കിൽ, എന്തുകൊണ്ടാണ് നിങ്ങൾ ഫോളോ-ഓൺ നടപ്പാക്കാത്തത് എന്ന് നിങ്ങൾ ചോദിക്കുമായിരുന്നു. ആ സാഹചര്യത്തിൽ സാധ്യമായ ഏറ്റവും മികച്ച തീരുമാനം എടുക്കേണ്ടതുണ്ട്. അതിനാൽ, ഫോളോ-ഓൺ തിരിച്ചടിച്ചെന്ന് ഞാൻ കരുതുന്നില്ല." - ഗിൽ വ്യക്തമാക്കി

"അവർ ശരിക്കും നന്നായി കളിച്ചു. ചില കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായില്ല. ഇതൊരു തോൽവി പോലെയാണെന്ന് ഞാൻ പറയില്ല. എന്നാൽ ആദ്യ ഇന്നിങ്സിൽ 500 റൺസ് നേടുകയും തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്താൽ, മൂന്ന് ദിവസത്തിനുള്ളിൽ 18 വിക്കറ്റുകൾ മാത്രമേ ഞങ്ങൾ വീഴ്ത്തേണ്ടിയിരുന്നുള്ളൂ. സാധാരണയായി അത്തരം സാഹചര്യങ്ങളിൽ വിജയിക്കാനാകുമെന്ന് തോന്നും. തീർച്ചയായും ഇത് നിരാശാജനകമാണ്. ഞങ്ങൾ വിജയ പ്രതീക്ഷയിലായിരുന്നു. എങ്കിലും അവരുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുന്നു. - ഗിൽ കൂട്ടിച്ചേർത്തു.

ലങ്കയുടെ ഒന്നാമിന്നിങ്‌സ് 290 റൺസിന് അവസാനിച്ചതോടെ ഇന്ത്യക്ക് 213 റൺസ് ലീഡ് ലഭിച്ചിരുന്നു. ഇതോടെയാണ് ലങ്കയെ ഫോളോ ഓൺ ചെയ്യിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ തീരുമാനിച്ചത്. എന്നാൽ, രണ്ടാമിന്നിങ്സിൽ ലങ്കൻ ബാറ്റർമാർ ചെറുത്തുനിന്നതോടെ പരമ്പര തൂത്തുവാരാമെന്ന ഇന്ത്യൻ മോഹം പൊലിഞ്ഞു. പസിന്ദു സൂര്യഭണ്ഡാര (92), കമിന്ദു മെൻഡിസ് (55), കേശാര നുവാന്ത (46), കമിൽ മിഷാര (32) എന്നിവരാണ് പൊരുതിയത്. മെൻഡിസും സൂര്യഭണ്ഡാരയും മൂന്നാം വിക്കറ്റിൽ 115 റൺസും ദിനുഷയും നുവാന്തയും ഏഴാം വിക്കറ്റിൽ 112 റൺസും കൂട്ടിച്ചേർത്താണ് ലങ്കയെ കരകയറ്റിയത്. ഒൻപതാം വിക്കറ്റിൽ ദിനുഷയും ലാഹിരു കുമാരയും ചേർന്ന് 47 റൺസും കണ്ടെത്തി.

എട്ട് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് സോണലിന്റെ ഇന്നിങ്‌സ്. ഒന്നാമിന്നിങ്‌സിൽ സെഞ്ചുറി നേടി ലങ്കൻ ഇന്നിങ്‌സിന് കരുത്തായ സോണൽ രണ്ടാമിന്നിങ്‌സിൽ 133 റൺസോടെ പുറത്താകാതെ നിന്നു. ഒന്നാം ടെസ്റ്റിൽ സെഞ്ചുറിയും അർധസെഞ്ചുറിയും താരം നേടിയിരുന്നു. സോണലിന് മധ്യ-വാലറ്റ ബാറ്റർമാർ മികച്ച പിന്തുണ നൽകിയതോടെയാണ് ലങ്ക സമനില പിടിച്ചത്.

Content Highlights: Indian captain Shubman Gill defended the decision to enforce the follow-on against Sri Lanka., Gill cited potential bad weather on days four and five as the reason for the calculated risk